കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു വീണ്ടും അണിയറ നീക്കം. ഇതിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ദല്‍ഹിയില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ചെയര്മാന്.
തെക്കെ വയനാട്ടിലെ കുറിച്യാട്, ബത്തേരി, മുത്തങ്ങ, വടക്കെ വയനാട്ടിലെ തോല്‍പ്പെട്ടി വനം റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 334.44 ഹെക്ടര്‍ വരുന്ന വയനാട് വന്യജീവി സങ്കേതം. കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.
കഴിഞ്ഞ വര്‍ഷം വനംവന്യജീവി വകുപ്പ് നടത്തിയ ക്യാമറ നിരീക്ഷണത്തില്‍ വന്യജീവി സങ്കേതത്തില്‍ ഒരു വയസിനു മുകളില്‍ പ്രായമുള്ള 75 കടുവകളെ കണ്ടിരുന്നു. വടക്കെ വയനാട് വനം ഡിവിഷനില്‍ അഞ്ചും തെക്കെ വയനാട് വനം ഡിവിഷനില്‍ നാലും കടുവകളെ വേറെയും കണ്ടു. സംസ്ഥാനത്താകെ 176 കടുവകളെയാണ് ക്യാമറ നിരീക്ഷണത്തില്‍ കണ്ടത്.
വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു 2014-ല്‍ ഊര്‍ജ്ജിത നീക്കം നടന്നിരുന്നു. ഒരു വിഭാഗം ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇതു വിഫലമായി. കടുവാസങ്കേത രൂപീകരണത്തിനെതിരെ ജില്ലയില്‍ രാഷ്ട്രീയ, കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി വിജ്ഞാപനം ചെയ്യുന്നതു ജില്ലയ്ക്കു ഗുണം ചെയ്യുമെന്നാണ് പരിസ്ഥിതി രംഗത്തുള്ളവരുടെ അഭിപ്രായം. വടക്കെ ഇന്ത്യയിലടക്കം ഇതര സംസ്ഥാനങ്ങളില്‍ വളരെ കുറച്ച് കടുവകളുള്ള വനപ്രദേശം പോലും കടുവാസങ്കേതമായി വിജ്ഞാപനം ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കേണ്ട കാലം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. കടുവാസങ്കേതങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനത്തിനു വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് പത്തിരട്ടിയോളം കേന്ദ്ര ഫണ്ട് ലഭിക്കും. വനത്തിലും വനാതിര്‍ത്തിയിലും ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് അടക്കമാണ് ഫണ്ട് വിനിയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: