ന്യൂദല്‍ഹി/തൃശൂര്‍: കണ്ണനെ കണ്ട് സായുജ്യമടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ശനിയാഴ്ച (ജൂണ്‍ 8) ഗുരുവായൂരിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയം ഗുരുവായൂരപ്പന് സമര്‍പ്പിക്കാനാണ് അദ്ദേഹമെത്തുന്നത്. തുലാഭാരം അടക്കം ഗുരുവായൂരപ്പന് പ്രിയപ്പെട്ട എല്ലാ വഴിപാടുകളും പ്രധാനമന്ത്രി നടത്തും. ഒപ്പം റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമുണ്ടാകും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനമാണിത്.
എട്ടിന് ഉച്ചയോടെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി രണ്ടു മണിക്കൂറോളം ക്ഷേത്രദര്‍ശനത്തിനായി ചെലവിടും. തികച്ചും അപ്രതീക്ഷിതമായാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം സംബന്ധിച്ച അറിയിപ്പ് ഗുരുവായൂര്‍ ദേവസ്വത്തിനും സംസ്ഥാന ബിജെപി നേതൃത്വത്തിനും ലഭിക്കുന്നത്. മോദിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍.
രാവിലെ പന്ത്രണ്ടരയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ഹെലിക്കോപ്റ്ററില്‍ ഗുരുവായൂരിലെത്തും. നാലു മണിക്ക് തിരികെ കൊച്ചി വഴി ദല്‍ഹിക്ക് മടങ്ങുമെന്നാണ് നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചു. മോദിക്ക് അതിഗംഭീര വരവേല്‍പ്പിനുള്ള തയാറെടുപ്പ് ബിജെപി ആരംഭിച്ചു. മോദിയെ വരവേല്‍ക്കാന്‍ ദേവസ്വവും ഒരുക്കം തുടങ്ങി.
















