നിയമസഭയില്‍ മാണി ഇരുന്ന കസേരയുടെ പേരിലും കേരളകോണ്‍ഗ്രസ്സില്‍ പോര്. മകന് മാണിയും പാര്‍ട്ടിയിലെ രണ്ടാം മാണിയും തമ്മിലുള്ള അടിയുടെ പേരില്‍ വീണ്ടും ഒരു പിളരലിന് കളമൊരുങ്ങുകയാണ്. എന്തിന്റെ പേരില്‍ പിളര്‍ന്നാലും ഏതെങ്കിലുമൊരു മുന്നണിയുടെ ഒറ്റാലിലൊ തൊഴുത്തിലോ ചെന്നടിയുമെന്നല്ലാതെ ആ പാര്‍ട്ടിയെക്കൊണ്ട് മറ്റൊന്നുമാവില്ലെന്നത് അനുഭവപാഠമാണ്.
പിളര്‍ന്ന് പിളര്‍ന്നിപ്പോള്‍ കേരളമാകെ കേരളാകോണ്‍ഗ്രസ്സാണ്. എല്ലാ മുന്നണിയിലുമുണ്ട് അറ്റവും മുറിയുമൊക്കെയായി പാര്‍ട്ടി. ഒരുമാതിരി അപ്പനും മോനും കളിയാണ് ഏതാണ്ടെല്ലാ കേരളാകോണ്‍ഗ്രസ്സിലും നടക്കുന്നത്. കേരളമെന്നത് കോഴ മുതല്‍ പാലാ വരെയുള്ള പ്രദേശമാണെന്ന് വിശ്വസിച്ചുപോരുന്ന ഒരു വിഭാഗത്തിന്റെ ആശയും ആവേശവുമായിരുന്നല്ലോ അന്പതാണ്ടിന്റെ പാരമ്പര്യം നിയമസഭയിലുണ്ടായിരുന്ന കെ.എം. മാണി.
പാലായിലെ റബര്‍പോലെ വലിച്ചാല്‍ നീളുകയും വിട്ടാല്‍ പൂര്‍വസ്ഥാനത്തെത്തുകയും ചെയ്യുന്ന രാഷ്ട്രീയ മെയ്വഴക്കം കൊണ്ട് മുന്നണിഭരണത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ തന്റേതായ ഇടം പിടിച്ചെടുത്തിട്ടുണ്ട് അദ്ദേഹം. അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് വിഎസിനേക്കാള്‍ പ്രിയങ്കരനുമായ നേതാവായിരുന്നു മാണി. ആ മാണി ഇരുന്ന കസേരയാണ് നിയമസഭയില്‍ ഒഴിഞ്ഞുകിടന്നത്. അപ്പോള്‍പ്പിന്നെ ഒരു തല്ലിന് സ്കോപ്പ് ധാരാളമാണ്.
ആനപ്പുറത്ത് അച്ഛന് കയറിയതിന്റെ തഴമ്പ് സ്വന്തം ആസനത്തിലും ഉണ്ടാവുമെന്ന് കരുതുന്ന മകന് ജോസ് കെ മാണിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് രണ്ടാം മാണിയാകാന്‍ കച്ച കെട്ടിയ പി.ജെ. ജോസഫ് കേരളകോണ്‍ഗ്രസ്സില്‍ പുതിയ പിളര്‍പ്പിന് വഴിയൊരുക്കുന്നത്. അച്ഛനിരുന്നതിന്റെ തഴമ്പാണ് ആനപ്പുറത്ത് മുഴച്ചുനില്‍ക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്ന തൊടുപുഴക്കാരനാണ് ജോസഫ്. തഴമ്പ് കസേരയ്ക്കാണെന്ന് അറിയാവുന്നതുകൊണ്ടുകൂടിയാണ് ജോസഫ് അതിനുചുറ്റും കറങ്ങുന്നത്. രാഷ്ട്രീയ ബോണ്‍സായികളെപ്പോലെ ബോണ്‍വിറ്റയും ബൂസ്റ്റുമല്ല സ്വയം കറന്നെടുക്കുന്ന ശുദ്ധമായ പശുവിന് പാലാണ് ജോസഫിന്റെ ബുദ്ധിയുടെ കരുത്ത്.
പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറയാതെതന്നെ കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ ഞെളിഞ്ഞിരിക്കുകയും മാറ്റിവെക്കണമെന്ന് ഇഎംഎസ് പറഞ്ഞ കൊന്തയും കുരിശും അണിഞ്ഞുകൊണ്ടുതന്നെ സഖാക്കന്മാര്‍ക്കൊപ്പം മന്ത്രിയായി വാഴുകയും ചെയ്ത പാരമ്പര്യമുണ്ട് ജോസഫിന്. മാണിയെപ്പോലും മുഖ്യമന്ത്രിയാക്കാമെന്ന് പച്ചില കാട്ടി കൊതിപ്പിക്കുകയേ എല്‍ഡിഎഫ് ചെയ്തിട്ടുള്ളൂ എന്നോര്‍ക്കണം. അവിടെയാണ് പി.ജെ ജോസഫ് മാര്‍ക്സിസ്റ്റ് മുന്നണിയിലും പിടിമുറുക്കിയത്. എവിടെ പിടിക്കണമെന്ന് ആകാശത്തായാലും ഭൂമിയിലായാലും നന്നായി അറിയാവുന്ന ജോസഫിനെ സൈഡാക്കി കേരളാകോണ്‍ഗ്രസ്സിനെ വരുതിയിലാക്കാനുള്ള കുട്ടിയമ്മയുടെ മകന്റെ ബുദ്ധിക്കെതിരെയാണ് ഇപ്പോള്‍ ജോസഫ് പകിട എറിയുന്നത്.
മാണി ജീവിച്ചിരിക്കെത്തന്നെ ജോസഫ് ഒരു മുഴം മുമ്പേ ഇത് കണ്ടതാണ്. അതുകൊണ്ടാണ് കോട്ടയം ലോക്സഭാസീറ്റില് മത്സരിച്ചുകളയുമെന്ന് ഭീഷണി മുഴക്കിയത്. ലോക്സഭയില്‍ എംപി ആയിരുന്ന ജോസ് കെ മാണി ഒഴിവുവന്ന രാജ്യസഭാസീറ്റിലേക്കും കയറി നിന്നതോടെ ആ വഴി എന്തിനാണെന്ന് ജോസഫ് മനസ്സിലാക്കിയതാണ്. മകനും മരുമകളും എല്ലാം കൂടി എംപി ആകുന്ന ഒരു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴക്കമാണ് കെ.എം. മാണി പയറ്റുന്നതെന്ന് തിരിച്ചറിയാന്‍ ജോസഫിന് ഇപ്പോഴുള്ള ബുദ്ധിയൊക്കെ ധാരാളമാണ്. ലോക്സഭയിലേക്ക് ജോസ് കെട്ട്യോളെ കെട്ടിയിറക്കിക്കളയുമെന്ന വാര്‍ത്തകള്‍ ശക്തമായപ്പോഴാണ് ജോസഫ് തൊഴുത്തുവിട്ട് പുറത്തുവന്നത്. എംപി ആവുകയാണ് ജന്മലക്ഷ്യമെന്ന് പ്രഖ്യാപിച്ച അദ്ദേഹം എല്ലാ മുന്നണികളെയും ഒരു വേള വല്ലാതെ പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. തോമസ് ചാഴിക്കാടനെ ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയാണ് കെ.എം. മാണി ജോസഫിനെ അന്ന് സമാധാനിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കേരളമാകെ എന്തോ യാത്ര നടത്തിയെന്ന് ജോസഫ് പറയുന്നു. അത് കേരളം പിടിക്കാനാണെന്നായിരുന്നുവെന്നാണ് ജോസിന്റെ തള്ള്. കേരളമെന്നത് പാലാ മാത്രമാണെന്ന് കരുതുന്നതുകൊണ്ടുള്ള ധാരണപ്പിശകാണ് ഇതിനൊക്കെക്കാരണമെന്ന് പറയുമ്പോഴും മാണിയുടെ കട്ടിലില്‍ ജോസിന്റെ കണ്ണുണ്ടെന്ന് ജോസഫിന് അന്നേ അറിയാമായിരുന്നു. മാണി മരിച്ചതോടെ പാര്‍ട്ടിയുടെ ചെയര്മാന് പദവിക്ക് വേണ്ടിയായി തര്‍ക്കം. മാണിയുടെ അനുസ്മരണ പരിപാടിയില്‍ പൊട്ടിക്കരച്ചിലിനും കെട്ടിപ്പിടിത്തത്തിനുമിടയിലൂടെ ചെയര്‍മാനാകാമെന്ന് ആരെങ്കിലും മോഹിക്കുന്നെങ്കില്‍ നടക്കില്ലെന്ന് ജോസഫ് നിലപാട് കടുപ്പിച്ചു. അമ്മാതിരി കേസുകളിലും കോടതി ഇടപെടലുണ്ടാകുമെന്ന് മലയാളിയെ ബോധ്യപ്പെടുത്താനും ആ തര്‍ക്കം ഉപകരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കാനുള്ള കസേരയിലേക്ക് നരേന്ദ്രമോദി ജനങ്ങളുടെ അംഗീകാരത്തോടെ കടന്നുവന്നു. എത്ര തോറ്റാലും പാഠം പഠിക്കില്ലെന്ന ശാഠ്യത്തോടെ ശൈലീവല്ലഭന്‍ പിണറായി വിജയന് കിട്ടിയ കസേരയില്‍ അള്ളിപ്പിടിച്ചിരിപ്പായി. മാണി ഒഴിഞ്ഞിട്ട കസേര ജോസഫിനെ നോക്കി ചിരിച്ചു.
പാര്‍ട്ടി ചെയര്മാന് താനാണെന്ന് കാട്ടി ജോസഫും കൂട്ടരും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. ആ കത്ത് തള്ളണമെന്ന് ആവശ്യപ്പെട്ട് ജോസും കത്തെഴുതി. നിയമസഭാകക്ഷിനേതാവിനെ സംസ്ഥാനകമ്മറ്റി കൂടി തെരഞ്ഞെടുക്കണമെന്ന ജോസിന്റെ ആവശ്യം ആ കസേരയാണെന്ന് നന്നായി അറിയാവുന്ന ജോസഫ് സ്വയം ചെയര്‍മാനായി അവരോധിച്ചുവെന്നാണ് ആരോപണം.
എന്നും പാറയാകാന്‍ താന്‍ ഒരുക്കമല്ലെന്നും ആ പാറ മേല്‍ പള്ളി പണിയാമെന്ന മോഹം ആര്‍ക്കും വേണ്ടെന്നുമാണ് ജോസഫിന്റെ മുന്നറിയിപ്പ്. കര്‍ത്താവായില്ലെങ്കിലും കത്തനാരായെങ്കിലും പള്ളി ഭരിക്കണമെന്നേ പാവത്തിനുള്ളൂ…. ചാടാനും മറിയാനുമൊന്നും ഇനിയും മുന്നണികള്‍ ബാക്കിയില്ല. അത് ജോസും കൂട്ടരും മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: