കൊച്ചി: മുളവുകാട്-കണ്ടെയ്‌നര്‍ റോഡിലെ കാന നിര്‍മാണം അശാസ്ത്രീയമാണെന്ന പരാതിയെ തുടര്‍ന്ന് കളക്ടര്‍ മുഹമ്മദ് .വൈ സഫീറുള്ള സ്ഥലം സന്ദര്‍ശിച്ചു. വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ജൂണ്‍ മൂന്നിന് രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ബസപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കും.
അശാസ്ത്രീയമായ കാന നിര്‍മാണത്തിനെതിരേ മുളവുകാട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ദേശീയപാത അതോറിറ്റി എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ നടപടിയൊന്നും ഉണ്ടാകാതിരുന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കാന നിര്‍മാണം തടഞ്ഞു. തുടര്‍ന്നാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. കണ്ടെയ്‌നര്‍ റോഡിലേക്ക് മുളവുകാട് വടക്കേ അറ്റത്തു നിന്നുള്ള അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. കണ്ടെയ്‌നര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. വടക്കേ അറ്റത്ത് അടിപ്പാത ഉണ്ടെങ്കിലും അത് സഞ്ചാരയോഗ്യമല്ല.
പ്രധാന റോഡില്‍ നിന്ന് അടിപ്പാതയിലേക്കുള്ള ഭാഗം വരെ റോഡ് സൗകര്യവും സ്ട്രീറ്റ് ലൈറ്റും ശരിയാക്കി തരണമെന്നും പഞ്ചായത്ത് അധികൃതര്‍ കളക്ടറോട് ആവശ്യപ്പെട്ടു. എന്‍എച്ച്എഐ ഡയറക്ടര്‍ എസ്.പി. സിങ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, താലൂക്ക് ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
















