കളമശ്ശേരി: നഗരസഭയുടെ അലംഭാവവും തീരുമാനം എടുക്കുന്നതിലെ കാലതാമസവും എട്ട് വര്‍ഷം കഴിഞ്ഞിട്ടും പാതാളം കമ്യൂണിറ്റി ഹാള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാത്തതിനു കാരണമായന്നും കോടികളുടെ അധിക ബാധ്യത വരുത്തിയെന്നും ഓഡിറ്റ് നിരീക്ഷണം.
2010-11ല്‍ നാലുകോടി രൂപ അടങ്കലില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല. കണ്‍സല്‍റ്റേഷന്‍ ഫീ ഉള്‍പ്പെടെ 2.79 കോടി രൂപ മുടക്കിയിട്ടും കെട്ടിടത്തിന്റെ 70 ശതമാനം പണി മാത്രമേ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. 2013 നു ശേഷം ഒരു ജോലിയും നടന്നില്ല. ഇനിയും ആറ് കോടി രൂപ മുടക്കിയാല്‍ മാത്രമേ കെട്ടിടം യാഥാര്‍ഥ്യമാകൂ. കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് നഗരസഭ രണ്ട് കോടി രൂപ വായ്‌പ എടുത്തിരുന്നു. ഇത് പലിശ സഹിതം 2018 ല്‍ അടച്ചു തീര്‍ന്നെങ്കിലും കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചില്ല. ഇതും നഗരസഭയ്‌ക്കു നഷ്ടമാണ് വരുത്തിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നഗരസഭയുടെ പിടിപ്പുകേട് കരാറുകാരന് വിലപേശലിനു അവസരമൊരുക്കിയെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടി കാട്ടുന്നു. 2009ലാണ് കെട്ടിടത്തിന് എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കിയത്. 2010 ല്‍ 4.4 കോടി രൂപയുടെ അടങ്കലിന് ഭരണാനുമതിയും 3.37 കോടി രൂപയ്‌ക്ക് 2011 ല്‍ സാങ്കേതികാനുമതിയും നേടി. എന്നാല്‍ പിന്നീട് എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്ന നിലത്തടി കട്ട കിട്ടാനില്ലന്നും സോളിഡ് ബ്ലോക്ക് കട്ട ഉപയോഗിക്കാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കരാറുകാരന്‍ കത്ത് നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു.
2015 ജനുവരിയില്‍ 3.97കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയെങ്കിലും കരാറുകാരന്‍ ജോലി തുടരാന്‍ തയാറായില്ല. തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കി. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയ കരാറുകാരന്‍ 2015 ല്‍ കമ്യൂണിറ്റി ഹാള്‍ളിന്റെ അവശേഷിക്കുന്ന ജോലി ചെയ്യാന്‍ തയാറായി. പദ്ധതി പുനരാരംഭിക്കാന്‍ റിവൈസഡ് എസ്റ്റിമേറ്റ് 2018 ഓഗസ്റ്റില്‍ ചീഫ് എഞ്ചിനിയര്‍ക്ക് അയച്ചിട്ടുണ്ട്.
















