തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പങ്ക് വ്യക്തമായതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു.
കേസില്‍ പിടിയിലായ പ്രകാശ് തമ്പി ബാലഭാസ്‌ക്കറിന്റെ സംഗീത പരിപാടിയിലെ സംഘാടകനും കേസിലെ പ്രധാന പ്രതി എന്ന സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ ഇവരെ സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ കെ.സി ഉണ്ണി ആവശ്യപ്പെട്ടു. എന്നാല്‍, ഇവര്‍ ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളിലെ സംഘാടകര്‍ മാത്രമായിരുന്നെന്നും ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
പ്രകാശ് തമ്പിയെ ഏഴു വര്‍ഷംമുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌ക്കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവിനെ ചെറുപ്പം മുതല്‍തന്നെ അറിയാമായിരുന്നു. സംഗീത പരിപാടിയിലെ മിക്ക സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണ്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ആശുപത്രി അധികൃതരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു.
ബാലഭാസ്‌ക്കര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ പരിശോധിക്കുമെന്നും ഇതിലേക്ക് വന്ന കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
















