രണ്ടാം അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്.
സൂത്രം – ചമസവദവിശേഷാത്
(ചമസവദഝനുശേതേ
ജഹാത്യേനം ഭുക്ത ഭോഗാമജോളന്യഃ
എന്ന മന്ത്രത്തില്‍ അജാ എന്ന് പറഞ്ഞത് പ്രധാനത്തെയാണെന്നാണ് സാംഖ്യന്‍മാരുടെ വാദം.
ഈ മന്ത്രത്തില്‍ സത്വരജസ്തമോരൂപമായി വിവരിച്ചിരിക്കുന്ന അജാ അഥവാ പ്രകൃതി സാംഖ്യ ശാസ്ത്രത്തിലെ പ്രധാനമാണ് എന്ന് അവര്‍ തീരുമാനിക്കുന്നു.
ഈ പ്രകൃതിയാണ് പ്രജകളെ ജനിപ്പിക്കുന്നത്. പ്രകൃതിയ്‌ക്ക് അടിമയായി ജനങ്ങള്‍ സംസാരത്തില്‍ പെട്ട് ഉഴലുന്നു. പ്രകൃതിയെ അറിയുമ്പോള്‍ പുരുഷന്‍ അതിന്റെ പിടിയില്‍ നിന്ന് മോചിതനാകുന്നു.ഇത് ശ്രുതി സമ്മതമാണെന്നാണ് സാംഖ്യന്‍മാര്‍ വാദിക്കുന്നത്.
എന്നാല്‍ സാംഖ്യന്‍മാരുടെ വാദം ശരിയല്ല എന്നാണ് സൂത്രത്തിലൂടെ വ്യക്തമാക്കുന്നത്. അജാ എന്നത് പ്രധാനമാണ് എന്ന് കാണിക്കുവാന്‍ വിശേഷണങ്ങളൊന്നുമില്ല.അതിനാല്‍ മുമ്പും പിമ്പും പറഞ്ഞു വെച്ച വാക്യങ്ങളെ നോക്കി വേണം അര്‍ത്ഥം പറയാന്‍.
ബൃഹദാരണ്യകത്തില്‍ ‘ അര്‍വാഗ്ബിലശ്ചമസ ഊര്‍ധ്വബുധ്‌ന: ‘ എന്നതില്‍ ചമസത്തെക്കുറിച്ച് പറയുന്നുണ്ട്. താഴെ ദ്വാരമുള്ളതും മുകളില്‍ അടപ്പുള്ളതുമായ ഒരു സാധനമാണ് ചമസം. ഇങ്ങനെയാണ് ചമസത്തിന്റെ ലക്ഷണം പറയുന്നത്. ഇതു പോലെയുള്ള പല സാധനങ്ങള്‍ ഉണ്ടാകാമെന്നിരിക്കേ ലക്ഷണം കൊണ്ടു മാത്രം ചമസത്തെ തിരിച്ചറിയാന്‍ കഴിയില്ല.
അജാ എന്ന ശബ്ദം ഇപ്രകാരം സാംഖ്യ സിദ്ധാന്തക്കാര്‍ ഉദ്ദേശിക്കുന്നതു പോലെ വിശേഷ ലക്ഷണങ്ങളൊന്നുമില്ലാത്തതാണ്. അതിനാല്‍ അജാ എന്നതിന് പ്രധാനം എന്ന് അര്‍ത്ഥം കല്പിക്കുന്നത് ശ്രുതി സമ്മതമില്ല.ചമസത്തെ വിശേഷിപ്പിച്ച പോലെ പ്രധാനത്തെക്കുറിച്ച് ശ്രുതിയില്‍ പറയുന്നുമില്ല.
ശ്വേതാശ്വതരോപനിഷത്തിലെ അജാ ശബ്ദത്തിന്റെ വര്‍ണ്ണനം പരമാത്മാവിന്റെ ശക്തി എന്ന നിലയിലാണ്.ജഗത് കാരണം എന്ത് എന്ന ചര്‍ച്ച ഈ ഉപനിഷത്തില്‍ നടക്കുന്നിടത്ത് ഈശ്വരനേയും വേറിടാതെ നില്‍ക്കുന്ന ശക്തിയേയും ഋഷിമാര്‍ ധ്യാനത്തിലൂടെ സാക്ഷാത്കരിച്ചതായി കാണാം. ജഗത് കാരണമായ ശക്തിപരമാത്മാവില്‍ നിന്നും ഒട്ടും വേറിട്ടതല്ല എന്ന് അവര്‍ക്ക് ബോധ്യമായി ഇതിനെയാണ് അജാ
എന്ന് വിശേഷിപ്പിച്ചത്. ഇത് ഒരിക്കലും സാംഖ്യന്‍മാരുടെ സ്വതന്ത്രമായ പ്രധാനമല്ല.
അത് ചമസ ശബ്ദത്തെ മനസ്സിലാക്കും പോലെ വേണം.ചമസം എന്നതിന് സോമപാനം ചെയ്യാനുള്ള പാത്രം എന്നാണര്‍ത്ഥം.
ബൃഹദാരണ്യകത്തില്‍ ചമസത്തെ ശിരസ്സ് എന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.ഇങ്ങനെ ശ്വേതാശ്വതര മന്ത്രത്തിലെ അജാ ശബ്ദം പരമാത്മാവിന്റെ അംശവും ശക്തിയും അതില്‍ നിന്ന് വേറിടാത്തതുമാണ് എന്ന് ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: