തൊടുപുഴ: വഴക്കിനിടെ ഭാര്യയെ കൊന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം. കുമളി മുരിക്കടി കുര്യന്‍ കോളനി പൊട്ടന്‍കാറ്റില്‍ പളനി(50) യെയാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കവര്‍ച്ചക്ക് ഏഴുവര്‍ഷം തടവും വിധിച്ചിട്ടുണ്ട്. 35,000 രൂപ പിഴയടക്കണം.
2013 ഡിസംബര്‍ 20ന് പുലര്‍ച്ചെയാണ് ഭാര്യ സരസ്വതിയെ ഇയാള്‍ കൊലപ്പെടുത്തിയത്. സ്വര്‍ണാഭരണങ്ങളുടെ പേരിലുണ്ടായ വഴക്കിനിടെ ഇയാള്‍ ഭാര്യയുടെ തലയ്‌ക്ക് കമ്പ് ഉപയോഗിച്ച് അടിക്കുകയായികരുന്നു. പരിക്കേറ്റ് സരസ്വതി മുറ്റത്തേയ്‌ക്ക് വീണു. ഇവരുടെ തല കല്ലില്‍ ഇടിപ്പിച്ച ശേഷം പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.
പിന്നീട് ഇയാള്‍ ആഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു. ആഭരണങ്ങള്‍ പണയംവെച്ച് തമിഴ്നാട്ടിലേയ്‌ക്കാണ് പോയത്. കുമളി സിഐ ആയിരുന്ന ബിനുകുമാറിന്റെ നേതൃത്വത്തില്‍ രണ്ടുദിവസത്തിന് ശേഷം പ്രതിയെ പിടികൂടി. തെളിവെടുപ്പില്‍ സരസ്വതിയുടെ മൊബൈല്‍ഫോണും ആഭരണങ്ങള്‍ പണയംവെച്ചതിന്റെ രസീതും കണ്ടെത്തി. രക്തക്കറ പുരണ്ട ഇയാളുടെ മുണ്ടും തെളിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ബാങ്കില്‍ പണയം വെച്ചിരുന്ന ആഭരണങ്ങളും കണ്ടെടുത്തു.
സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്താന്‍ സഹായിച്ചത്. ഇവരുടെ മകന്‍ രാജേഷിന്റെ ഭാര്യയുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഏബിള്‍ സി. കുര്യന്‍ ഹാജരായി.
















