മട്ടാഞ്ചേരി: നാവികസേനയുടെ സര്‍വ്വേ കപ്പല്‍ ഐഎന്‍എസ് ഇന്‍വസ്റ്റിഗേറ്റര്‍ കൊച്ചി ദക്ഷിണ നാവിക കേന്ദ്രത്തിലെത്തി. ആറ് വര്‍ഷമായി ആന്‍ഡമാന്‍ നികോബാര്‍ ദ്വീപ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇന്‍സ്റ്റിറ്റഗേറ്റര്‍ ഇനി ദക്ഷിണ നാവിക സേനയ്‌ക്കായി പ്രവര്‍ത്തിക്കും.
1990 ജനുവരി 11ന് കമ്മീഷന്‍ ചെയ്ത നാവികസര്‍വ്വേ കപ്പല്‍ ഇതിനകം ഇന്ത്യയിലും വിദേശങ്ങളിലുമായി ഒട്ടേറെ സമുദ്ര സര്‍വ്വേകളില്‍ ഭാഗമായിട്ടുണ്ട്. ആഴക്കടല്‍ പര്യവേക്ഷണ സര്‍വ്വേകള്‍ക്കൊപ്പം നാവിക കപ്പലുകള്‍ക്കായുള്ള മാപ്പ് ചാര്‍ട്ട് തയ്യാറാകുകയും ചെയ്തിട്ടുണ്ട്.
20 ഓഫീസര്‍മാരും 200 നാവികരുമാണ് കപ്പലിലുള്ളത്. 1900 ടണ്‍ ഭാരമുള്ള കപ്പല്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡണ്‍ റിച്ച് ഷിപ്പ് നിര്‍മാണശാലയിലാണ് നിര്‍മിച്ചത്. സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അനിവാര്യ ഘട്ടത്തില്‍ 40 കിടക്കകളുള്ള ആശുപത്രിയായും മാറ്റാം, 9.2 മീറ്റര്‍ നീളമുള്ള സര്‍വ്വേ ബോട്ടുകളും ചേതക് ഹെലികോപ്റ്ററുകളുമുള്ള കപ്പല്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക.
ദക്ഷിണ നാവിക കേന്ദ്രത്തിലെത്തിയ ഇന്‍സ്റ്റിഗേറ്റര്‍ സര്‍വ്വേ കപ്പലിനെയും നാവികരെയും റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നദ്കര്‍ണി സ്വീകരിച്ചു.
















