പള്ളുരുത്തി: ചെല്ലാനം ജനതയെ കബളിപ്പിച്ച് സര്‍ക്കാരിന്റെ കള്ളക്കള്ളി. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ചെല്ലാനത്ത് പ്രതിരോധസംവിധാനം ഒരുക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ജിയോ ട്യൂബ് കടല്‍ഭിത്തിനിര്‍മ്മാണവും, ജിയോബാഗില്‍ മണല്‍നിറച്ച് കടല്‍കയറ്റം പ്രതിരോധിക്കുന്നതിനുള്ള സംവിധാനവും ഫലപ്രദമാകാതെ വന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തേക്ക് വന്നിരുന്നു.
ഇവരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഉന്നതതലസമിതിക്ക് രൂപം നല്‍കിയതെന്നാണ് ആക്ഷേപം. ജലസേചന വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലായിരുന്നു തീരുമാനം. ജില്ലാകളക്ടര്‍, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍, തുറമുഖ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് സമിതിയുടെചുമതല. ജിയോ ട്യൂബ് കടല്‍ഭിത്തി പദ്ധതിക്ക് 16 മാസം മുമ്പാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
എട്ടുകോടി രൂപനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ ഏറ്റെടുത്തയാളുടെ നിരുത്തരവാദപരമായ സമീപനം മൂലം പദ്ധതി പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ആദ്യത്തെ കരാറുകാരനില്‍ നിന്ന് മറ്റ് രണ്ടുപേരിലേക്ക് കരാര്‍ മാറ്റി നല്‍കിയെങ്കിലും പണി ഒരിടത്തും എത്തിയില്ല. അവസാനം നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജലസേചന വകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതിന് ശേഷം കടലാക്രമണപ്രദേശത്ത് ജിയോ ബാഗ് നിരത്തി കടലാക്രമണം തടയുവാനുള്ള പദ്ധതിക്ക് രൂപം നല്‍കിയെങ്കിലും ബാഗില്‍ നിറക്കാന്‍ മണലില്ലാത്തത് പ്രതിസന്ധിയായി. കാലവര്‍ഷം ആരംഭിക്കുന്നതിന്റെ ദിനങ്ങളെണ്ണിക്കഴിയുന്ന ചെല്ലാനത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നടപടികള്‍ തിരിച്ചടിയായി മാറിയിരിക്കയാണ്. ജനപ്രതിനിധികള്‍ ചെല്ലാനം ജനതയ്‌ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ല.
















