ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാമൂഴത്തിലേക്ക് കടന്നു. എതിരാളികള്‍ നിഷ്പ്രഭരായിത്തീര്‍ന്ന തെരഞ്ഞെടുപ്പിനു ശേഷം അനിഷേധ്യമായ ജനവിധിയോടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാര്‍ രാഷ്ട്രത്തിന്റെ അഭിമാനമായിരിക്കുകയാണ്. അഞ്ചുവര്‍ഷം മോദി എന്ത് ചെയ്തു എന്ന് ചോദിച്ച് നാട്ടിലെമ്പാടും നിഷേധ പ്രചാരണത്തിന്റെ കാറ്റ് വിതച്ച് കൊടുങ്കാറ്റിന് കൊതിച്ചിരുന്നവര്‍ ജനാവേശത്തിന്റെ തിരമാലകള്‍ക്കിടയില്‍ ഗതികിട്ടാതെ കൈകാലിട്ടടിക്കുന്ന കാഴ്ചയാണ് മുമ്പില്‍. അത്രമാത്രം അപ്രമാദിത്വത്തോടെയുള്ള വളര്‍ച്ചയാണ് ബിജെപിക്കും സഖ്യത്തിനും ഉണ്ടായിരിക്കുന്നത്. ഇതുവരെ നിലമൊരുക്കുന്നതിലും വഴിവെട്ടുന്നതിലും ശ്രദ്ധയൂന്നിയ മോദി സര്‍ക്കാര്‍ ഇനി വിത്തെറിഞ്ഞ് വിളവെടുക്കാനാണ് പരിശ്രമിക്കുക. നാടിനൊപ്പം നാട്ടുകാര്‍ക്കൊപ്പം ഒന്നിച്ചൊന്നായി മുന്നോട്ട് പോകാനുള്ള കഠിന പ്രയത്നത്തിനാണ് തുടക്കമാവുന്നത്.
എല്ലാ കുപ്രചാരണങ്ങളെയും നെറികെട്ട നിലപാടുകളെയും എങ്ങനെയാണ് മോദി സര്‍ക്കാര്‍ നേരിട്ടതെന്ന് സാധാരണക്കാര്‍ അത്ഭുതപ്പെടുമെങ്കിലും അവര്‍ക്കതിന് മറുപടിയുമുണ്ട്. നെഹ്റു പാരമ്പര്യത്തിന്റെ പെരുമയുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും ഓടി നടന്ന് ഒറ്റ അജണ്ട മാത്രം വാരിവിതറിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഞെട്ടിത്തരിച്ച് നില്ക്കുന്ന അവസ്ഥയുണ്ടായത് മായാജാലം കൊണ്ടല്ല. ഇന്ത്യയുടെ ഭാവിഭാഗധേയം ഇവിടത്തെ ചെറുപ്പക്കാരിലും ഇന്ത്യയെന്ന വികാരം ഹൃദയത്തില്‍ പേറുന്നവരിലുമാണെന്ന് നേരത്തെ നരേന്ദ്രമോദി കണ്ടറിഞ്ഞിരുന്നു. അത്തരം ഉള്‍ക്കാഴ്ച ലഭിക്കാന്‍ പാകത്തില്‍ അദ്ദേഹത്തെയും പരശ്ശതം നേതാക്കളെയും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സംഘടന പ്രത്യേകം ശ്രദ്ധവെച്ചു എന്നതാണ് സത്യം. ഭാരതത്തിന്റെ വികാരവിചാരങ്ങളില്‍ ലയിച്ചുകിടക്കുന്ന സംസ്കാരത്തെ തട്ടിയുണര്‍ത്തി ഐതിഹാസിക ശക്തിയാക്കാന്‍ സാധിച്ചു എന്നതിലാണ് ഈ വിജയം കുടികൊള്ളുന്നത്.
ഏത് നീച പ്രചാരണത്തെയും പ്രതിരോധിക്കാന്‍ പാകത്തില്‍ ഉള്ളുറപ്പും ആത്മാര്‍ത്ഥതയും കൈമുതലാക്കിയ പ്രവര്‍ത്തന പദ്ധതിയാണ് നരേന്ദ്രമോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും മുമ്പോട്ട് വെച്ചത്. നീചരാഷ്ട്രീയത്തില് നിന്ന് നീതി രാഷ്ട്രീയത്തിലേക്കുള്ള ക്രമാനുഗതമായ യാത്രയാണ് ഇരുവരുടെയും നേതൃത്വത്തില്‍ നടന്നത്. ‘എല്ലാര്ക്കുമൊപ്പം എല്ലാവരുടെയും പുരോഗതി’ എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. വോട്ടുരാഷ്ട്രീയത്തിന്റെ മ്ലേച്ഛവഴികളില് നിന്ന് സ്നേഹരാഷ്ട്രീയത്തിന്റെ വിശാല ഭൂമികയിലേക്ക് ഭാരതീയരെ എത്തിക്കാനാണു ശ്രമിച്ചത്. ഇതിന്റെ യഥാര്‍ത്ഥ മുഖം എന്തെന്നറിയാത്ത, ക്ഷുദ്ര രാഷ്ട്രീയത്തിന്റെയും, ജാതിരാഷ്ട്രീയത്തിന്റെയും അഴുക്കുചാലുകളില്‍ പുളച്ചുമറിഞ്ഞ് ശീലിച്ചുപോയവര്‍ നിരന്തരം മോദിക്കെതിരെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കെതിരെയും പ്രതിരോധം തീര്‍ത്തു. ഭാഗ്യവശാല്‍ സാധാരണ ജനങ്ങള്‍ ഇത്തരക്കാരുടെ വലയില്‍ വീണില്ല,
കൂടുതല്‍ വിദേശ നിക്ഷേപം കിട്ടാന്‍ ആദ്യം രാജ്യം വികസിക്കണം എന്ന കാഴ്ചപ്പാട് മോദി അവതരിപ്പിച്ചു. അതിന് വ്യാപകമായ അംഗീകാരം കിട്ടി. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടിയ ഗാന്ധിജിയുടെ വാക്കുകള്‍ അതേപടി ഹൃദയത്തില്‍ സ്വീകരിച്ച മോദിസര്‍ക്കാര്‍ അതിനനുയോജ്യമായ പദ്ധതികള്‍ക്ക് രൂപം നല്കി. കുറ്റമറ്റ രീതിയില്‍ അത് നടപ്പാക്കുകയും ചെയ്തു. ദല്ലാളുകളും ഇടനിലക്കാരും തിമിര്‍ത്താടിയ മേഖലകളെ ഒന്നൊന്നായി മോചിപ്പിച്ചു. ഈ ഇന്ത്യ തന്റേതും കൂടിയാണെന്ന ബോധം ഓരോരുത്തരിലും നാമ്പിട്ടു എന്നതാണ് അധികമാരും അറിയാതെപോയ സത്യം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുവേളയില്‍ അമിതമായ തരംഗമോ ഓളമോ അനുഭവപ്പെട്ടില്ല. പ്രഗത്ഭമതികളായ വിശകലനക്കാര്ക്കുപോലും അതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം പ്രചാരണത്തിന്റെ പൊലിമയില്‍ നിന്ന് മാറി പ്രവര്‍ത്തനത്തിന്റെ അകത്തളങ്ങള്‍ സജീവമാക്കുകയായിരുന്നു മോദി. അത്തരമൊരു വ്യക്തിക്കല്ലാതെ മറ്റാര്‍ക്കാണ് ഇന്ത്യ വോട്ടുചെയ്യുക? തങ്ങളുടെ ഹൃദയം നല്‍കുക?
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സ്വന്തം മണ്ഡലത്തില്‍ നന്ദി രേഖപ്പെടുത്താനെത്തിയ നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏതൊരു ഭാരതീയനെയും അഭിമാനപുളകിതനാക്കുന്നു. ഒപ്പം ഇരുത്തിച്ചിന്തിപ്പിക്കുന്നു. തന്റെ രാജ്യം, തന്റെ സംസ്കാരം എന്തെന്ന് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാള്‍ രാജ്യസ്നേഹിയാവുന്നതെന്ന് മോദി എടുത്തുപറയുന്നുണ്ട്. ഭാവനയിലെ സൂക്ഷ്മത, വാക്കുകളിലെ തെളിമ, പ്രവൃത്തിയിലെ ആത്മാര്‍ത്ഥത, നടപ്പാക്കുന്നതിലെ കൃത്യത എന്നിവ ചേര്‍ന്ന വിശിഷ്ട വ്യക്തിത്വമാണ് മോദിയുടേത്. അത് തനിക്കുമാത്രം പോരെന്നും എല്ലാവരും അതിന്റെ ഭാഗമാവണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. വാരാണസിയിലെ ഓരോരുത്തരും മോദിയായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് തന്റെ വിജയമെന്ന് അദ്ദേഹം പറയുമ്പോള്‍ ഭാരതാംബയുടെ ആ പുത്രന് എത്ര വിനയാന്വിതനും ദീര്ഘദര്ശിയുമാണെന്നും അറിയാനാവും.
തെരഞ്ഞെടുപ്പിനെ തീര്‍ത്ഥയാത്രയായി കണ്ട നരേന്ദ്രമോദി അനുഭവസമ്പത്തിന്റെ മഹാ ഖജാനയുമായാണ് വീണ്ടും രാജ്യത്തെ നയിക്കാന്‍ രണ്ടാമൂഴത്തിന് തയാറായിരിക്കുന്നത്. ഇതില്‍ അസ്വസ്ഥരാവുന്നവരും കോപാകുലരാവുന്നവരും ഏതു തരത്തിലുള്ള മാര്‍ഗങ്ങളും തേടും. ചിലര്‍ സ്വന്തം പദവികളില്‍ നിന്ന് രാജിവെച്ചും ചിലര്‍ അതിനായി സന്നദ്ധത പ്രകടിപ്പിച്ചും രംഗത്തുണ്ട്. അതിനെക്കാളുപരി ഛിദ്രശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും അവരുടെ അജണ്ടകളുമായെത്തും. അതൊക്കെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയണമെങ്കില്‍ രാജ്യത്തെ ശുഭാപ്തി വിശ്വാസികള്‍ ഒറ്റക്കെട്ടായി മോദിക്കൊപ്പം നില്‍ക്കണം, ആ നിലപാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. വൈഭവശാലിയായ രാഷ്ട്രത്തിന്റെ സടകുടഞ്ഞെഴുന്നേല്പ്പിനുള്ള ഉജ്ജ്വലമായ അവസരമാണ് കൈവന്നിരിക്കുന്നത്. അതിന് ഊടുംപാവും നല്കാന് നരേന്ദ്രമോദി സര്‍ക്കാര്‍ സര്‍വരേയും ഒപ്പം ചേര്‍ത്ത് മുന്നോട്ടുപോവുകയാണ്. ഈ മഹായജ്ഞത്തില്‍ ചേര്‍ന്നുകൊണ്ട് ഓരോരുത്തരും അവരവരുടെ പങ്ക് നിറവേറ്റിയാല്‍ ഭാരതം ലോകത്തിന്റെ വെളിച്ചമാകും.’ലോകാഃസമസ്താ സുഖിനോ ഭവന്തു’ എന്നുദ്ഘോഷിക്കുന്നതിന്റെ പൊരുള്‍ ലോകത്തിന് വ്യക്തമായി മനസ്സിലാവുകയും ചെയ്യും. മോദിയുടെ രണ്ടാമൂഴത്തിന് ഹൃദയത്തില്‍ സ്ഥാനമേകാന് സര്‍വരും തയാറാവട്ടെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: