ആനുമാനികാധികരണം
സൂത്രം -ജ്ഞേയത്വാവചനാച്ച
പ്രകൃതിയെ ജ്ഞേയമായി പറഞ്ഞിട്ടില്ലാത്തതിനാലും അവ്യക്തം പ്രധാനമല്ല.
സാംഖ്യദര്‍ശനമനുസരിച്ച് പ്രകൃതിയേയും പുരുഷനേയും വേര്‍തിരിച്ച് അറിയുമ്പോഴാണ് കൈവല്യം നേടുന്നത്. ‘ഗുണപുരുഷാന്തര ജ്ഞാനാത് കൈവല്യം” എന്നതാണ് മോക്ഷത്തെപ്പറ്റിയുള്ള അവരുടെ പ്രമാണം.
പ്രകൃതിയുടെ സ്വരൂപത്തെ അറിഞ്ഞാലേ പുരുഷനെ അതില്‍ നിന്ന് വേര്‍തിരിച്ച് അറിയാന്‍ കഴിയൂ. അതുകൊണ്ടാണ്
ഗുണസ്വരൂപമായ പ്രധാനത്തേയും ജ്ഞേയമായാണ് ( അറിയേണ്ടതായാണ് ) സാംഖ്യന്മാര് കരുതുന്നത്.
എന്നാല്‍ വേദാന്തത്തില്‍ ഒരിടത്തും അവ്യക്തത്തെ ജ്ഞേയമായി പറഞ്ഞിട്ടില്ല. അതിനെ ഉപാസിക്കേണ്ടതുമില്ല.
ഏകവും അദ്വിതീയവുമായ ബ്രഹ്മം മാത്രമാണ് അറിയേണ്ടതും ഉപാസിക്കേണ്ടതും.
അതിനാല്‍ അവ്യക്തം ജഗത്കാരണമായ പ്രധാനമല്ല എന്ന് അറിയണം.
സൂത്രം – വദതീതി ചേന്ന പ്രാജ്ഞോ ഹി പ്രകരണാത്
(വദതി ഇതി ചേത് ന പ്രാജ്ഞ: ഹി പ്രകരണാത്)
ജ്ഞേയമായി പറയുന്നുണ്ട് എന്നാണെങ്കില്‍ അത് ശരിയല്ല. എന്തെന്നാല്‍ പരമാത്മാവിനെയാണ് ജ്ഞേയമായി പറഞ്ഞിരിക്കുന്നത്. ആ പ്രകരണത്തില്‍ പരമാത്മാവിനെക്കുറിച്ചാണ് പറയുന്നത്.
കഠോപനിഷത്തില്‍ മഹത്തില്‍ നിന്നും പരമായി അവ്യക്തത്തെ ജ്ഞേയമായി പറയുന്നു എന്ന വാദത്തെയാണ് സൂത്രം നിഷേധിക്കുന്നത്. ഈ പ്രകരണത്തില്‍ പരമാത്മാവിനെ പറ്റി പറയുന്നതിനാല്‍ ജ്ഞേയമെന്നത് പരമാത്മാവാണ്.
കഠോപനിഷത്തില്‍ ‘അനാദ്യനന്തം മഹത: പരം ധ്രുവം നിചായ്യ തന് മൃത്യു മുഖാത് പ്രമുച്യതേ ‘ എന്ന മന്ത്രത്തില്‍ അനാദിയും അനന്തവും മഹത്തില്‍ നിന്ന് പരവും നിത്യവുമായ വസ്തുവിനെ അറിഞ്ഞിട്ട് മരണമുഖത്തില്‍ നിന്ന് മുക്തനായിത്തീരുന്നു എന്ന് പറയുന്നു. ഇവിടെ മഹത: പരം എന്നത് അവ്യക്തത്തെ അഥവാ പ്രധാനത്തെയാണ് ജ്ഞേയമായി പറയുന്നത് എന്നാണ് സാംഖ്യന്മാരുടെ വാദം.
ഇവിടെ ജ്ഞേയവസ്തുവിന് പറയുന്ന ലക്ഷണങ്ങളെല്ലാം പ്രധാനത്തിനുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പ്രധാനത്തെ ജ്ഞേയമായി കാണണം.
എന്നാല്‍ ഇത് ശരിയല്ല എന്നാണ് സൂത്രത്തില്‍ വ്യക്തമാക്കുന്നത്.
മഹത: പരം എന്നത് പ്രധാനത്തെയല്ല ഉദ്ദേശിച്ചത്.അത് പരമാത്മാവിനെയാണ്. പരമാത്മാവിനെപ്പറ്റി പറയുന്ന പ്രകരണമാകയാല് പരമാത്മാവിനെയാണ് ജ്ഞേയമായി കരുതേണ്ടത്. ഇക്കാര്യം അതിന് മുമ്പും പിന്നീടുമുള്ള മന്ത്രങ്ങളെ കൊണ്ട് ബോധ്യമാകും.
മന്ത്രത്തിലെ എല്ലാ ലക്ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ചേരുക പരമപുരുഷനായ ഈശ്വരനാണ്.
പരമാത്മാവ് മാത്രമാണ് ജ്ഞേയം. ആ അറിവിലൂടെ മരണത്തിനപ്പുറമെത്താമെന്ന പരമഫലവും ലഭിക്കുന്നു.
അതിനാല്‍ ഇവിടെ ഒരിക്കലും പ്രധാനത്തെയല്ല വര്‍ണിക്കുന്നത്, പരമാത്മാവിനെ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: