തിരുവനന്തപുരം: കെഎം മാണിയുടെ മരണത്തേ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ട പോര് മുറുകി. പി.ജെ. ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്ത് തള്ളണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം മറ്റൊരു കത്ത് കമ്മീഷന് നല്കി.
പാര്‍ട്ടി ചെയര്‍മാനായി പി.ജെ. ജോസഫിനെ തെരഞ്ഞെടുത്തതായി കാണിച്ച് ജോസഫ് വിഭാഗം നല്കിയ കത്ത് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ജോസ് കെ മാണി വിഭാഗം കമ്മീഷനെ വീണ്ടും സമീപിച്ചത്. പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് ജോസഫ് വിഭാഗത്തിനുവേണ്ടി കത്ത് നല്‍കിയത്. ചെയര്‍മാനെയും, നിയമസഭ കക്ഷിനേതാവിനെയും തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിന് കത്തു നല്കിയ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റെ നിര്‍ണായക നീക്കം.
കമ്മീഷന് നല്കിയ കത്ത് ജോസ് കെ മാണിയ്ക്കും ഒപ്പം നില്ക്കുന്ന വിഭാഗത്തിനും തിരിച്ചടിയായി. ഇതോടെ ഇവര്‍ മറു കത്തുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തി. പി.ജെ ജോസഫിനെ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനായി തെരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ചാണ് ബി. മനോജ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയത്. ജോസഫിന്റെ കത്ത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.
ജോസഫ് വിഭാഗം കത്ത് നല്‍കിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ജോസ് കെ മാണി വിഭാഗത്തിലെ എംഎല്‍എ റോഷി അഗസ്റ്റിനും, എന്‍. ജയരാജും നിയമസഭാ മീഡിയഹാളില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിച്ചു. ജോസഫിന്റെ കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്, അച്ചടക്ക ലംഘനമാണ്. റോഷി അഗസ്റ്റിന് പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് സമവായം ആകും മുമ്പ് അത്തരമൊരു തീരുമാനം എടുത്തെങ്കില്‍ അത് ശരിയായില്ലെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണമെന്നും റോഷി അഗസ്റ്റിന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: