തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ധ്വജസ്തംഭം പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ ചെമ്പ് പറകളും അതിന്റെ വെണ്ടയങ്ങളും പണി പൂര്‍ത്തീകരിച്ച് മാന്നാര്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചു.
ധ്വജസ്തംഭത്തിന്റെയും ക്ഷേത്രത്തിന്റെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന തേരുപറമ്പില്‍ മെറ്റല്‍ വര്‍ക്‌സ് സുനോജിന്റെ മേല്‍നോട്ടത്തിലാണ് പറകളും വെണ്ടയങ്ങളും ക്ഷേത്രത്തില്‍ എത്തിച്ചത്. ആധാരശിലയില്‍ കൊടിമരം നാട്ടുന്ന ചടങ്ങ് ജൂണ്‍ 6ന് രാവിലെ 8ന് നടക്കും. തുടര്‍ന്ന് കൊടിമരം സ്വര്‍ണം പൂശുന്നതിനാവശ്യമായ തകിടുകളുടെ നിര്‍മാണ പ്രവര്‍ത്തനം ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ആരംഭിക്കും.
ആറ് കിലോ സ്വര്‍ണമാണ് വേണ്ടി വരുന്നത്. ചെമ്പ് പറകള്‍ ക്ഷേത്ര മാനേജര്‍ ബി. ശ്രീകുമാര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സനില്‍കുമാര്‍, ഗാര്‍ഡ് കമാന്‍ഡര്‍ ബി.ഗോപകുമാര്‍, കെ.ആര്‍. രാജന്‍, രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
















