തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിനമായ മെയ് 30ന് രാജ്യരക്ഷാ ദിനമായി ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. ക്ഷേത്രങ്ങളും, പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച്, രാഷ്ട്രരക്ഷയ്ക്കും ദേശീയ ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
മോദിയുടെ സത്യപ്രതിജ്ഞാ ദിവസം കരിദിനാചരണം നടത്താനുള്ള ചില മത സംഘടനകളുടെ ആഹ്വാനം അപലപനീയവും അപകടകരവുമാണ്. ജനാധിപത്യത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും നേരെ ഉയരുന്ന ഇത്തരം വെല്ലുവിളികളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം, ശശികല ടീച്ചര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു വലതു മുന്നണികള്‍ നടത്തിയ വര്‍ഗീയ രാഷ്ട്രീയത്തിന് ന്യൂനപക്ഷ ഏകീകരണമെന്ന പേര് നല്കി ലഘൂകരിക്കാനാണ് മാധ്യമങ്ങളടക്കമുള്ളവര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന നിലപാടിലൂടെ മതഭീകര സംഘടനകളുടെയും വിഘടനവാദികളുടെയും നയമാണ് ഇത്തരക്കാര്‍ പ്രഖ്യാപിക്കുന്നത്. നാടിന്റെ ഐക്യത്തിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. മുപ്പതിന് വിജയാഹ്ലാദ ദിനമായി ആചരിക്കാന്‍ ബിജെപി സംസ്ഥന സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: