”അതിന് മുന്‍പ് എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്”. മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ യോഗം തുടങ്ങുന്നതിന് മുന്‍പ് മുന്നിലിരുന്ന ഫയലുകള്‍ മടക്കിവച്ച് നാടകീയമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കെ അദ്ദേഹം തുടര്‍ന്നു.
”മധ്യപ്രദേശിലെ നേതാക്കളോട് എനിക്ക് ദേഷ്യമാണ്. തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ബന്ധുക്കള്‍ക്ക് സീറ്റിനായി നിങ്ങള്‍ വാശി പിടിക്കും. ഭാര്യക്ക്, മകന്, മരുമകന്, സഹോദരന്…എല്ലാവര്ക്കും സീറ്റ് വേണം. ഇത് പാര്‍ട്ടിയെ നശിപ്പിക്കും. കോണ്‍ഗ്രസ്സിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുന്ന നമ്മള്‍ക്ക് എങ്ങനെയാണ് ഇത് ചെയ്യാന്‍ സാധിക്കുക?” ബന്ധുക്കള്‍ക്ക് സീറ്റ് ചോദിക്കാനിരുന്ന നേതാക്കളെല്ലാം നിശ്ശബ്ദരായി. യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് യോഗം പിരിഞ്ഞു. നിയമസഭാ സീറ്റില്‍ മകന് എംഎല്‍എ സ്ഥാനം തരപ്പെടുത്തിയ മുതിര്‍ന്ന നേതാവിന് സീറ്റു നല്കിയുമില്ല.
മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ആഞ്ഞടിച്ചുവെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് മോദിയുടെ ഈ നിലപാടാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതില്‍ അവസാന വാക്ക് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടേതായിരുന്നു. മക്കള്‍ക്ക് സീറ്റ് നല്‍കില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് എന്തുകൊണ്ടാണ് രാഹുല്‍ പറയാതിരുന്നത്. പാര്‍ട്ടി വിജയിച്ചിരുന്നെങ്കില്‍ ഈ വിമര്‍ശനം രാഹുല്‍ ഉന്നയിക്കുമായിരുന്നോ. ജയിച്ചാല്‍ തന്റെ മിടുക്ക്, തോറ്റാല്‍ മറ്റുള്ളവരുടെ കഴിവുകേട്- കാലങ്ങളായി നെഹ്റു കുടുംബം ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാന്‍ സ്വീകരിക്കുന്ന അതേ മാര്‍ഗ്ഗമാണ് രാഹുലും പിന്തുടരുന്നത്. ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തന്റേടമാണ് മോദിയെ വ്യത്യസ്തനും ശക്തനുമായ നേതാവാക്കുന്നതും.
കമല്‍നാഥ്, പി.ചിദംബരം, അശോക് ഗെഹ്ലോട്ട് എന്നിവര്‍ക്കെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. അമ്മ സോണിയാ ഗാന്ധിയെ അടുത്തിരുത്തി എങ്ങനെയാണ് രാഹുലിന് ഇവരെ കുറ്റപ്പെടുത്താന്‍ സാധിക്കുന്നത്? സോണിയയുടെ മകന് എന്ന ‘യോഗ്യത’ മാത്രമല്ലേ രാഹുലിനെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനാക്കിയത്? രാജീവ് ഗാന്ധിയുടെ ഭാര്യയായതുകൊണ്ടാണ് സോണിയക്ക് 19 വര്‍ഷം പാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ സാധിച്ചത്.
ഇന്ദിരയുടെ മകന് എന്നത് രാജീവിനും നെഹ്റുവിന്റെ മകള്‍ എന്നത് ഇന്ദിരക്കും യോഗ്യതയായി. ഒരു ബൂത്ത് പ്രസിഡന്റിന്റെ പോലും രാഷ്ട്രീയ ബോധമോ പ്രവര്‍ത്തന മികവോ ഇല്ലാതെ കുടുംബമഹിമയുടെ പേരില്‍ മാത്രം രാഹുലിന് അധ്യക്ഷനാകാമെങ്കില്‍ എന്തു കൊണ്ട് ചിദംബരത്തിനും ഗെഹ്ലോട്ടിനും കമല്‍നാഥിനും മക്കളെ എംപിമാരാക്കിക്കൂടാ? ഈ ചോദ്യം ഉന്നയിക്കാനുള്ള ധൈര്യം ആ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഇല്ലാത്തതാണ് കോണ്‍ഗ്രസ്സിന്റെ ദയനീയാവസ്ഥക്ക് കാരണം. പാര്‍ട്ടി ഭരണഘടനയും പാരമ്പര്യവും അധ്യക്ഷന്‍ അനിയന്ത്രിതമായ അധികാരം നല്കുന്നു. തോല്‍വിക്ക് മറ്റാരെയും പഴിക്കാന്‍ രാഹുലിന് സാധിക്കില്ല.
പൊട്ടിപ്പോയ റഫാല്‍
”മോദി എന്നെ അധിക്ഷേപിച്ചോട്ടെ. എങ്കിലും എനിക്ക് മോദിയോട് സ്നേഹം മാത്രമേയുള്ളു”. പ്രധാനമന്ത്രിയെ വിദ്വേഷത്തിന്റെ പ്രചാരകനാക്കി, അതില്ലാതാക്കുന്ന സ്നേഹമെന്ന ദിവ്യൗഷധമായി സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു രാഹുല്‍. ഈ ലക്ഷ്യത്തോടെയായിരുന്നു ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചക്കിടെ മോദിയെ ആലിംഗനം ചെയ്തത്. എന്നാല്‍ ഇതേ രാഹുലാണ് റഫാല്‍ കരാറില്‍ അഴിമതി ആരോപിച്ച് മോദിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിച്ച് രാജ്യം മുഴുവന്‍ പറന്നുനടന്നത്. കോടതി പോലും തള്ളിക്കളഞ്ഞ വിഷയത്തില്‍ ഒരടിസ്ഥാനവുമില്ലാതെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അവഹേളിക്കുകയായിരുന്നു രാഹുല്‍.
2014ല്‍ ഭരണം നഷ്ടപ്പെട്ടതിന് ശേഷം ക്രിയാത്മക പ്രതിപക്ഷമായി മാറാന്‍ കോണ്‍ഗ്രസ്സിന് ഒരിക്കല്‍പ്പോലും സാധിച്ചിട്ടില്ല. പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടിയെ നയിക്കേണ്ട രാഹുല്‍ അവധിയെടുത്തു വിദേശത്ത് വിനോദയാത്രകള്‍ നടത്തി. അനിവാര്യഘട്ടങ്ങളില്‍ അപ്രതീക്ഷിതമായി അപ്രത്യക്ഷനാകുന്ന അധ്യക്ഷനെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലിനെയും ചിദംബരത്തെയും പോലുള്ള നേതാക്കള്‍ സുപ്രീം കോടതിയിലെ വ്യവഹാരങ്ങളിലേക്ക് മടങ്ങി.
നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷക പ്രശ്നം, തൊഴിലില്ലായ്മ തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ച കോണ്‍ഗ്രസ് ജനങ്ങളെ സംഘടിപ്പിക്കാന്‍ ഇതിലൊന്നുപോലും ഉപയോഗിച്ചില്ല. മാവോയിസ്റ്റ്-ജിഹാദി സംഘടനകള്‍ ജന്തര്‍ മന്ദറില്‍ നടത്തിയ ദേശവിരുദ്ധ പരിപാടികളില്‍ അതിഥികളാവുക മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസും രാഹുലും ചെയ്തത്. പോര്‍ക്കളത്തില്‍ ആയുധമില്ലാതെ ഉഴറിയ പാര്‍ട്ടിക്ക് ഏറ്റവുമൊടുവില്‍ കിട്ടിയ പിടിവള്ളിയായി റഫാല്‍ മാറിയത് അങ്ങനെയായിരുന്നു.
പ്രശാന്ത് ഭൂഷണും ഇന്ദിരാ ജയ്സിങ്ങും അരുണ്‍ ഷൂരിയും ഉള്‍പ്പെടെയുള്ള ‘അര്‍ബന്‍ നക്സല്‍’-‘ഖാന് മാര്‍ക്കറ്റ് ഗാങ്ങു’കളുടെ ഗൂഢാലോചനയായിരുന്നു റഫാല്‍. കൃത്യമായ ഇടവേളകളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടാക്കിയും കോടതിയെ സമീപിച്ചും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിരോധ കരാറുകളുടെ രഹസ്യ സ്വഭാവവും സാധാരണക്കാര്‍ക്ക് മതിയായ സാങ്കേതിക പരിജ്ഞാനമില്ലാത്തതും മുതലെടുത്ത് വസ്തുതകള്‍ വളച്ചൊടിച്ച് ‘തീയില്ലാതെ പുകയുണ്ടാവില്ലെന്ന’ സാമാന്യ യുക്തിയിലേക്ക് ജനങ്ങളെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ അവഗണിച്ച മോദി, ‘ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യത്തെ ‘മേം ഭീ ചൗക്കീദാര്‍’ എന്ന മറുപ്രചാരണത്തിലൂടെ നേരിട്ടു. മോദിയുടെ ജീവിതരീതികളും അഴിമതി വിരുദ്ധ ഭരണവും മനപ്പാഠമായ രാജ്യം കോണ്‍ഗ്രസ്സിന്റെ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു. അഴിമതി കേസില്‍ ജാമ്യത്തിലുള്ളവരാണ് ആരോപണം ഉന്നയിക്കുന്നതെന്നതും ജനങ്ങളുടെ അവിശ്വാസത്തിന് കാരണമായി. കോടതി വിധിയെപ്പോലും നുണപ്രചാരണത്തിന് ഉപയോഗിച്ചതും രാഹുലിന് മാപ്പ് പറയേണ്ടി വന്നതും വിശദീകരിക്കാനാകാതെ കോണ്‍ഗ്രസ് കുഴങ്ങി. മോദിക്കെതിരായ രാഹുലിന്റെ നെഗറ്റീവ് പ്രചാരണം തിരിച്ചടിച്ചതായാണ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയെ തകര്‍ത്തതും രാഹുല്‍
ഒരു ദിവസംകൊണ്ട് ഉണ്ടായതല്ല കോണ്‍ഗ്രസ്സിന്റെ തോല്‍വി. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധിയുടെ തോല്‍വിയുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യപ്പെടുത്താനുമാവില്ല. വര്‍ഷങ്ങളോളം അധികാരം കയ്യാളിയിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംവിധാനം പടുകുഴിലേക്ക് വീണിട്ട് നാളേറെയായി. ജനപ്രീതിയുള്ള നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയെ അഭയം പ്രാപിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെ കൂടെക്കൂട്ടാനും തയ്യാറാകുന്നില്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു രാഹുലിനും ഒഴിഞ്ഞുമാറാനാകില്ല.
ബിഹാറില്‍ പരീക്ഷിച്ച് വിജയിച്ച കോണ്‍ഗ്രസ്-ആര്‍ജെഡി-ജെഡിയു സഖ്യത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ പരിഹാരത്തിനായി പാര്‍ട്ടി ചുമലപ്പെടുത്തിയത് രാഹുലിനെയായിരുന്നു. ഇതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജെഡിയു എന്‍ഡിഎയിലെത്തി. ഗോവയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരു ശ്രമവും രാഹുല്‍ നടത്തിയില്ല. മുന്‍ കോണ്‍ഗ്രസ് നേതാവായ ഡോ.ഹിമാന്ത ബിശ്വ ശര്‍മ്മയെ കൂട്ടുപിടിച്ചാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറിയത്.
തരുണ്‍ ഗോഗോയിയുമായുള്ള ഭിന്നത പരിഹരിക്കാന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയപ്പോഴുണ്ടായ ദുരനുഭവമാണ് ഹിമാന്തയെ ബിജെപിയിലെത്തിച്ചത്. അരുണാചലില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡു രാഹുലിനെ കാണാന്‍ ദല്‍ഹിയിലെത്തിയെങ്കിലും അനുമതി നല്‍കിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ പേമ കോണ്‍ഗ്രസ് വിടുകയും പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്തു.
‘ചംച’ (പാദസേവകര്‍)കളായ നേതാക്കളെ മാത്രമായിരുന്നു രാഹുലിന് വിശ്വാസം. കഴിവുള്ള മുതിര്‍ന്ന നേതാക്കളെപ്പോലും അകറ്റിനിര്‍ത്തി. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഒരു സംസ്ഥാനത്തിന്റെ മാത്രം ചുമതല നല്കിയിരുന്നപ്പോള് നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ ജോഷിക്ക് ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും ബംഗാള്‍, ബിഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയുടെയും ഉത്തരവാദിത്വം ലഭിച്ചിരുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത, രാഷ്ട്രീയമറിയാത്ത വലിയൊരു ഉപദേശക വൃന്ദത്തെയും രാഹുല്‍ കൊണ്ടുനടന്നു.
മുന്‍ ബ്യൂറോക്രാറ്റ് കെ.രാജു, ഡാറ്റാ അനലിസ്റ്റ് പ്രവീണ്‍ ചക്രവര്‍ത്തി, സമൂഹമാധ്യമ സ്പെഷ്യലിസ്റ്റ് നിഖില്‍ ആല്‍വ, ടെക്നോക്രാറ്റ് സാം പിത്രോഡ, മുന്‍ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു എന്നിവരാണ് പ്രധാനികള്‍. രാഷ്ട്രീയ യാഥാര്‍ത്ഥ്യം എന്താണെന്നറിയാത്ത ഇവരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിച്ചതും മറ്റ് നേതാക്കളെ രാഹുലില്‍നിന്ന് അകറ്റി. നെഹ്റു കുടുംബാംഗങ്ങള്‍ മാത്രം രാജ്യമാകെ പ്രചാരണം നടത്തുകയെന്ന കോണ്‍ഗ്രസ്സിലെ അലിഖിത നിയമം പുതിയ സാഹചര്യത്തില്‍ ലംഘിക്കാനും രാഹുല്‍ തയ്യറായില്ല. അവസാന ഘട്ടത്തില്‍ പ്രിയങ്കയെ ഇറക്കിയത് രാഹുലിന്റെ പരാജയം പാര്‍ട്ടി തന്നെ സമ്മതിച്ചതിന് തുല്യവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: