ബിജെപിയുടെ തോല്‍വിയുടെ വിവിധ വശങ്ങളും മാനങ്ങളും വിശകലനം ചെയ്യുകയാണ് കേരളം. നരേന്ദ്രമോദിയുടെ ഒത്ത എതിരാളി എന്നവകാശപ്പെട്ട് പോരിനിറങ്ങി തോറ്റുതൊപ്പിയിട്ട രാഹുലിന്റെ പാര്‍ട്ടിയും ബിജെപിയെ തടുക്കാന്‍ ഞാന്‍ മാത്രമെന്നു പറഞ്ഞ് ചങ്കുവിരിച്ചിട്ട് വട്ടപ്പൂജ്യമായ പിണറായിയുടെ സംഘവും വിളിച്ചുകൂവുന്നത് ബിജെപി തോറ്റേ എന്നാണ്. ബിജെപി വിരുദ്ധ മാധ്യമങ്ങളും അതിന് ഓശാനപാടുന്നു. ഏറെ പ്രതീക്ഷിച്ചിട്ടും കേരളത്തില്‍നിന്ന് ഒരു സീറ്റ് നേടാന്‍ കഴിയാത്തതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള നിരാശ മനസ്സിലാക്കാം. സുവര്‍ണാവസരം ആയിരുന്നെങ്കിലും ലക്ഷ്യം നേടാനാകാതിരുന്നതില് ദു:ഖവും വന്നേക്കാം. അതിനപ്പുറം എന്തുസംഭവിച്ചു എന്നത് പ്രധാനമാണ്. ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല എന്നത് നേര്. അതിനര്‍ത്ഥം തോറ്റു എന്നല്ല. കേരളത്തില്‍ ഒരു സീറ്റുപോലും ഇല്ലായിരുന്ന പാര്‍ട്ടി തോറ്റു എന്നു പറയുന്നതില്‍ തന്നെയുണ്ട് അനൗചിത്യം.
സൂക്ഷമായി വിശകലനം ചെയ്താല്‍ നേട്ടം കൊയ്തത് ബിജെപി എന്നതാണ് സത്യം. 2014 നെ അപേക്ഷിച്ച് 12 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവാണ് ഇത്തവണ ബിജെപി മുന്നണിക്ക്് ഉണ്ടായത്. 2014 ലെ 19,44,249 വോട്ട് 31,71,792 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണ ഒരു ലക്ഷം കടന്ന ആറ് മണ്ഡലങ്ങള്‍ അയിരുന്നെങ്കില്‍ ഇത്തവണ 14 മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഒരുലക്ഷത്തിലധികമായി. ഇതില്‍തന്നെ അഞ്ചിടത്ത് രണ്ടു ലക്ഷത്തിലേറെ കിട്ടി. ബിജെപി മത്സരിച്ച എല്ലായിടത്തും വോട്ടു വര്‍ധിച്ചു. തൃശ്ശൂരില്‍ വര്‍ധിച്ചത്് മാത്രം 1,91,141 വോട്ടുകളാണ്. നിയമസഭാ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നില നിലനിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞു. ഒരിടത്ത് ജയം ഏഴിടത്ത് രണ്ടാം സ്ഥാനം എന്നതായിരുന്നു അവസ്ഥ. ലോകസഭാ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചു. സിറ്റിംഗ് മണ്ഡലമായ നേമത്ത്് ഒന്നാമതെത്തി. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, അടൂര്‍, തൃശ്ശൂര്‍, കാസര്‍കോട്. മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും. രണ്ടാമതെത്തിയ എല്ലായിടത്തും നിയമസഭയില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും ലഭിച്ചു.
ശബരിമല ബിജെപിയെ തുണച്ചില്ല എന്നതാണ് മറ്റൊരു വാദം. ശബരിമല വിശ്വാസ സംരക്ഷണത്തിനായി സത്യസന്ധമായി ഇടപെട്ടത് ബിജെപിയാണ്. എന്നാല്‍ സമരത്തിനിറങ്ങിയ എല്ലാ വിശ്വാസികളും ബിജെപി ആയിരുന്നില്ല. ശബരിമല വിഷയത്തിന്റെ പേരില്‍ ആരെയെങ്കിലും ജയിപ്പിക്കണം എന്നതായിരുന്നില്ല വിശ്വാസികളുടെ ആഗ്രഹം. എങ്കില്‍ ബിജെപിയെ ജയിപ്പിച്ചേനേ. ഇടതുമുന്നണിയെ തോല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടവര്‍ ആഗ്രഹിച്ചത്. എന്‍എസ്എസ് നേതൃത്വം ഇതുപറയാതെ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതിനെ തോല്‍പ്പിക്കാന്‍ എളുപ്പം യുഡിഎഫിനെ ജയിപ്പിക്കലാണെന്നു ജനം കരുതി. അത് ഫലം കണ്ടു. ‘മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്ന് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒ. രാജഗോപാല്‍ പറഞ്ഞതില്‍ എല്ലാമുണ്ട്. അതേസമയം ബിജെപിയുടെ വോട്ടിലുണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണം ശബരിമല തന്നെയാണ്. കേന്ദ്രസര്‍ക്കാറിന്റെ നേട്ടങ്ങളും നരേന്ദ്രമോദിയുടെ പ്രഭാവവും പിന്നിലേ വരു.
ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുള്ള സഹതാപതരംഗത്തില്‍ രണ്ടു സീറ്റുമാത്രം നേടി മൂലക്കൊതുങ്ങിയപ്പോള് ബിജെപി നേതാക്കള്‍ക്കുണ്ടായ നിരാശ മാറ്റിയത് പര്ലമെന്ററിപാര്ട്ടി യോഗത്തില്‍ എല്‍.കെ. അദ്വാനി ചെയ്ത ഉജ്ജ്വല പ്രസംഗമായിരുന്നു. 30 സീറ്റ് നേടിയ ടിഡിപി, 22 സീറ്റുള്ള സിപിഎം എന്നീ പാര്‍ട്ടികളേക്കാള്‍ ജനപിന്തുണ രണ്ടു സീറ്റുമാത്രമുള്ള ബിജെപിക്കാണെന്ന് കിട്ടിയ വോട്ടിന്റെ ശതമാനക്കണക്ക് നിരത്തി അദ്വാനി സമര്‍ത്ഥിച്ചു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ വോട്ടിന്റെ എണ്ണത്തിലും ശതമാനത്തിലും മുന്നില്‍ ബിജെപിയാണെന്നും രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയെ ഒന്നാമതെത്തിക്കാന്‍ കഴിയുമെന്നുമായിരുന്നു അദ്വാനിയുടെ ആത്മവിശ്വാസം. അത് യാഥാര്‍ത്ഥ്യമാകാന്‍ ഏറെക്കാലം വേണ്ടിവന്നില്ല എന്നത് ചരിത്രം. രാജ്യം മുഴുവന്‍ നരേന്ദ്രമോദിയുടെ ഉജ്ജ്വല വിജയത്തിന്റെ ആഹ്ളാദം പങ്കിടുമ്പോള്‍ മരണവീട്ടില്‍ ലോട്ടറി അടിച്ച അവസ്ഥയിലല്ല കേരളത്തിലെ ബിജെപി എന്ന് തെളിവുനിരത്തി പറയാന്‍ നേതൃത്വത്തിനു കഴിയണം. അണികളുടെ ആത്മവിശ്വാസം ഉയര്‍ത്തി മുന്നോട്ടു നയിക്കാനും സാധിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: