പ്രാണായാമത്തിലൂടെ ശരീരത്തിന്റെ രോഗാവസ്ഥയില്‍ മാറ്റം വരും. ആരോഗ്യപൂര്‍ണമായ ശരീരത്തിലാണ് മനശ്ശക്തി ലഭ്യമാകുക.
പ്രാണായാമൈര്‍ദ്ദഹേദ്ദോഷാന്‍
ധാരണാദിശ്ച കില്‍ബിഷാന്‍
പ്രത്യാഹാരണേ സംസര്‍ഗാന്‍
ധ്യാനേനീശ്വരാന്‍ ഗുണാന്
പ്രാണായാമം കൊണ്ട് ദേഹദോഷം മാറ്റാം. ധാരണകൊണ്ട്് പാപദോഷങ്ങളെ വര്‍ജിക്കാം. പ്രത്യാഹാരം കൊണ്ട് സംസര്ഗദോഷത്തെ മാറ്റാം. ധ്യാനംകൊണ്ട് വാസനാദി ദോഷങ്ങള്‍ ഒഴിവാക്കാം. മനസ്സ് പലവഴിക്ക് പലവഴിക്ക് സഞ്ചരിക്കുന്നതിനെ ഒഴിവാക്കലാണ് പ്രത്യാഹാരം. ഓരോരോ വ്യക്തിയിലേക്കും വസ്തുവിലേക്കും താല്പര്യമുണ്ടാക്കുന്നതിനെ ഒഴിവാക്കി, ക്രമേണ ആഗ്രഹങ്ങളെത്തന്നെ വെടിയുന്നതാണ് പ്രത്യാഹാരം. ധാരണയില്‍ ഭഗവത് പാദങ്ങളെ സ്മരിക്കാനും അതുവഴി, അതില്‍ത്തന്നെ ധ്യാനത്തിലൂടെ ശ്രദ്ധയുറപ്പിക്കാനും സാധ്യമാകുന്നു. ധ്യാനത്തിലൂടെ മനസ്സ് ഭഗവല്‍ പാദത്തില്‍ ഉറച്ചാല്‍ ധീയുടെ സഞ്ചാരം (ബുദ്ധിയുടെ ചലനം) ഒഴിവാക്കി സമാധിയില്‍ എത്തിച്ചേരാനാവുന്നു. അതുതന്നെ സമാധി.
ഹൃദയഗുഹയില്‍ തന്നെ വസിക്കുന്ന ഭഗവത് ചൈതന്യത്തെ ശുദ്ധഭാവത്തോടെ മനസ്സില്‍ കാണണം.
ആദ്യമാദ്യം ഭഗവത് പാദങ്ങളെ തന്നെ ധ്യാനിക്കല്‍ എളുപ്പമാകണമെന്നില്ല. അതിനാണ് നാരായണീയത്തില്‍ മേല്‍പ്പുത്തൂര്‍ നൂറാംദശകം വരച്ചു കാണിച്ചത്.
അഗ്രേപശ്യാമി തേജോനിബിഡതര-
കളായാവലീലോഭനീയം
പീയൂഷാപ്ലാവിതോഹം തദനുതദുദരേ
ദിവ്യകൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖ രസാസ്വാദ-
രോമാഞ്ചിതാംഗൈ-
രാവീതം നാരദാദൈ്യര് വിലസദുപനിഷദ്
സുന്ദരീ മണ്ഡലൈശ്ച
എന്നിങ്ങനെ തുടങ്ങി ഭഗവാന്റെ തന്നെ വിവിധ ഭാഗങ്ങളെ പ്രത്യേകം പ്രത്യേകമായി മനസ്സില്‍ സങ്കല്പിച്ച് ഒടുവില്‍ ഈ ഏതെങ്കിലും ഒരുഭാഗത്തെ ചിന്തിച്ച് ധ്യാനിച്ച് മനസ്സില്‍ ശ്രദ്ധ ഉറപ്പിക്കണം.
തുഞ്ചത്തെഴുത്തച്ഛന്‍ ഇതേ ആവശ്യത്തിനു ത ന്നെയാണ്
‘നിരന്ന പീലികള്‍ നിരക്കവേ കുത്തി
നെറുകയില്‍ കൂട്ടി തിറമൊടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും.. ‘
എന്നിങ്ങനെ ഭഗവാനെ വര്‍ണിക്കുന്നത്. സമാധിയിലെത്തിക്കഴിഞ്ഞാല് ബുദ്ധിയുടെ ചലനം കുറയും. ഏകാഗ്രത കൈവരിക്കാനാകും. ശരീരത്തിന്റെ ഏതു ഭാഗത്തെക്കുറിച്ചും ചിന്തിച്ച് ധ്യാനിക്കാനാവുമെങ്കിലും ഭഗവത് പാദങ്ങളെത്തന്നെ ധ്യാനിക്കുന്നതാണ് ഏറ്റവും സൗകര്യപ്രദം. യോഗിമാരെല്ലാം കൂടുതല്‍ ആസ്വദിച്ചിരുന്നത് ഭഗവത് തൃപ്പാദങ്ങളെയാണ്.
നാരായണീയത്തില്‍ പറഞ്ഞതു പോലെ ‘യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം.’ ആ പാദം മൂലം നിത്യചിത്തത്തില് വിളങ്ങാന്‍ അവസരമുണ്ടാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: