രാജനഗരിയായ കൊച്ചിക്കും പൂരനഗരമായ തൃശൂരിനുമിടയില്‍ ആലുവ തുരുത്തിശ്ശേരിയില്‍ പിറന്ന വാദന വൈഭവം അപ്പു ആശാന് ഇന്ന് ശതാഭിഷേകം. എടയാക്കുടി നാരായണന്‍ നായരുടെയും കോച്ചേരി ജാനകിയമ്മയുടെയും മകനായി പിറന്ന അച്യുതന്‍ നായര്‍ കൊമ്പുവാദനത്തില്‍ കീര്‍ത്തിമാനായി, അപ്പു ആശാനായി. ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ട നിറവ്; ഒപ്പം കൊമ്പ് വാദനരംഗത്ത് സപ്തതിയുടെ ചാരിതാര്‍ത്ഥ്യവും.
ചെങ്ങമനാട് ക്ഷേത്ര അടിയന്തിരക്കാരനായിരുന്ന അച്ഛനില്‍ നിന്ന്‌കൊമ്പിലെ ബാലപാഠം. പത്താം വയസില്‍ ചെങ്ങമനാട്ടപ്പന്റെ ശീവേലികള്‍ക്ക് കൊമ്പൂതിത്തുടങ്ങിയ കലാജീവിതം. പിന്നീട് വൈപ്പിന്‍ രാമന്‍നായര്‍ക്ക് ശിഷ്യപ്പെട്ടു; അതുവഴി പൂരപ്പറമ്പുകള്‍ പരിചയപ്പെട്ടു. അങ്ങനെയാണ് കുഴൂര്‍ നാരായണമാരാര്‍ എന്ന പഞ്ചവാദ്യകുലപതി അപ്പു ആശാനെ കണ്ടെത്തുന്നത്. പിന്നീട് ആറ് പതിറ്റാണ്ടോളം പഞ്ചവാദ്യവേദികളില്‍ ആചാര്യന്റെ തിമിലയും ആശാന്റെ കൊമ്പും താളവും നാദവുമായി. പഞ്ചവാദ്യത്തില്‍ ഇതിലേറെ സുദീര്‍ഘമായ മറ്റൊരു വാദ്യജോഡി വേറേയില്ല.
ആസ്വാദകരെ ആനന്ദിപ്പിച്ചിരുന്ന മറ്റൊന്ന്, പൂര്‍ണത്രയീശ സന്നിധിയില്‍ നാലു പതിറ്റാണ്ടോളം തുടര്‍ന്ന അപ്പു ആശാനും മദ്ദളകേസരി കലാമണ്ഡലം ശങ്കരവാര്യര്‍ ആശാനും ചേര്‍ന്നുള്ള കൊമ്പ് പറ്റുകളും ചെങ്ങമനാട് ശങ്കരന്‍ എന്ന ശിഷ്യനും സകലകലാവല്ലഭനായിരുന്ന പാറക്കടവ് അപ്പുവുമായി ചേര്‍ന്ന് ഒട്ടേറെ അരങ്ങുകളില്‍ ഊതി നിറച്ച കൊമ്പു പറ്റുകളുമാണ്. ചെങ്ങമനാട് അപ്പു ആശാന്‍ ആകാശവാണിയിലൂടെ അവതരിപ്പിച്ച കൊമ്പ് പറ്റുകള്‍ ക്ഷേത്രചടങ്ങുകളില്‍ നിന്ന് അതിനെ സംഗീത പരിപാടിയാക്കി വളര്‍ത്തി.
അര്‍പ്പണബോധവും കഠിനപ്രയത്‌നവും ഈശ്വരാനുഗ്രഹവും ലളിതമായ ജീവിതശൈലിയുമാണ് ആശാന്റെ വിജയരഹസ്യം. നിത്യേന അതിരാവിലെ തുരുത്തിശ്ശേരി മുകുന്ദപുരം, കുമരംചിറ ദേവീക്ഷേത്രങ്ങളിലെ ദര്‍ശനവും പ്രദക്ഷിണവും ആശാന്റെ ദിനചര്യകള്‍.
ശ്രീകുരുംബ വാഴും കൊടുങ്ങല്ലൂരിലാണ് അപ്പുനായര്‍ ആദ്യമായി കൊമ്പ് പ്രമാണം ഏറ്റെടുത്തത്. പിന്നീട് കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ പൂരങ്ങള്‍ക്കെല്ലാം അപ്പു ആശാന്‍ പഞ്ചാരിക്കും പാണ്ടിക്കും പഞ്ചവാദ്യത്തിനും നടുവില്‍ നിന്നു. പൂര്‍ണത്രയീശനു മുന്നില്‍ നാല്‍പ്പത് വര്‍ഷം, പാറമേക്കാവിലമ്മയ്‌ക്കു മുന്നില്‍ 34 വര്‍ഷം, പള്ളത്താംകുളങ്ങര ഇരുചേരുവാരങ്ങളിലുമായും നായരമ്പലത്തമ്മയ്‌ക്കു മുന്നിലും അനവധി വര്‍ഷങ്ങള്‍…
വാദ്യകലയുടെ എല്ലാ മേഖലകളിലും നാടുകളിലും നിന്ന് അംഗീകാരം. കേരള സര്‍ക്കാരിന്റെ വാദ്യകലാകാരന്‍മാര്‍ക്കുള്ള പരമോന്നത ബഹുമതിയായ പല്ലാവൂര്‍ പുരസ്‌കാരം ഉള്‍പ്പെടെ. വീരശൃംഖലയും പല്ലാവൂര്‍ പുരസ്‌കാരവും ആദ്യമായി കൊമ്പ് എന്ന അകമ്പടിവാദ്യത്തെ തേടിയെത്തിയെത്തുന്നതും അപ്പു ആശാനിലൂടെയാണ്.
തുരുത്തിശ്ശേരി ഗ്രാമവും മേളവാദ്യ കലാകാരന്‍മാരും ആസ്വാദകസമിതിയും ചേര്‍ന്ന് ചെങ്ങമനാട് അപ്പു ആശാന്റെ ശതാഭിഷേക ചടങ്ങുകള്‍ വര്‍ണോജ്വലമാക്കുകയാണ്. ‘സഹസ്രേന്ദു ദീപ്തം’ എന്ന പേരില്‍ തുരുത്തിശ്ശേരി മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ഇന്ന് വിപുലമായ ആഘോഷപരിപാടികളാണ്. കേളി, ധ്വനിതരംഗം, പഞ്ചാരിമേളം, സമാദരണസദസ്, ശതാഭിഷേക സദ്യ, പഞ്ചവാദ്യം തുടങ്ങിയ ദിവസം മുഴുവന്‍ ആഘോഷം കാലത്ത് ഒമ്പതിന് തുടങ്ങും. ഭാര്യ ചിറ്റേത്ത് രാജമ്മയും മക്കള്‍ പ്രസന്ന, ഹരിക്കുട്ടന്‍, സുശീല, രാജി, ബിന്ദു എന്നിവരും കുടുംബാംഗങ്ങളുമൊത്ത് ആഘോഷങ്ങള്‍ക്കെത്തുന്നവരെ സ്വീകരിക്കാനുണ്ടാകും.
ജയ്‌ഗോപാല്‍ എസ്. മേനോന്‍
















