തിരുവനനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കാന് മത്സരിക്കുകയാണ് ജയിച്ചവരും തോറ്റവരും. രാഹുല്‍ മത്സരിക്കാനെത്തിയതോടെ ന്യൂനപക്ഷ ഏകോപനം ഉണ്ടായതാണ് വന്‍ വിജയത്തിനടിസ്ഥാനമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇല്ലാതിരുന്ന രാഹുല്‍ തരംഗം ഉണ്ടെന്നു സ്ഥാപിക്കാനാണീ വാദം. ശബരിമലയല്ല തോല്‍വിക്ക് കാരണമെന്നു ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിയും പറയുന്നത് ന്യൂനപക്ഷ ഏകീകരണമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണീ വാദവും.
യുഡിഎഫിനനുകൂലമായ ന്യൂനപക്ഷ ഏകീകരണം എക്കാലത്തും കേരളത്തിലുണ്ടാകാറുണ്ട്. അതിത്തവണയും ഉണ്ടായി. അതുകൊണ്ടു മാത്രം ഇത്രയും മികച്ചൊരു വിജയം നേടാന്‍ കഴിയില്ല. ന്യൂനപക്ഷ-ഭൂരിപക്ഷ സ്വാധീന മണ്ഡല വ്യത്യാസമില്ലാതെയായിരുന്നു യുഡിഎഫിന്റെ വിജയം. നിയമസഭാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 123 മണ്ഡലങ്ങളിലാണ് യുഡിഎഫ് ഒന്നാമതെത്തിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതാദ്യം.
ന്യൂനപക്ഷങ്ങള്‍ മോദിക്കും ബിജെപിക്കും എതിരെന്നു സ്ഥാപിക്കാനും ന്യൂനപക്ഷ ഏകോപനം എടുത്തിടുന്നു. ന്യുനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും കശ്മീരിലും ഒക്കെ ബിജെപി വിജയക്കൊടി നാട്ടിയത് ഈ വാദത്തിന്റെ മുനയൊടിക്കുന്നു. രാഹുല്‍ തരംഗമെങ്കില്‍ അതെന്തുകൊണ്ട് കേരളത്തില്‍ മാത്രമൊതുങ്ങി? കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും തരംഗം വീശാത്തതെന്ത്? സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ തോറ്റതെന്തുകൊണ്ട്? എന്നതിനും കോണ്‍ഗ്രസ് ഉത്തരം പറയണം.
മോദിയോ ന്യൂനപക്ഷമോ അല്ല യുഡിഎഫിന്റെ വിജയകാരണങ്ങള്‍. ശബരിമലയും എന്‍എസ്എസ് നിലപാടും ഒപ്പം പിണറായി വിജയനോടുള്ള വിരോധവുമാണ് ഫലത്തില്‍ പ്രതിഫലിച്ചത്. അതില്‍ ശബരിമല തന്നെയാണ് മുന്നില്‍. എങ്കില്‍ ബിജെപി എന്തുകൊണ്ടു ജയിച്ചില്ലെന്നു ചോദ്യം വരാം. അതിനുത്തരമാണ് ഒ. രാജഗോപാല്‍ പറഞ്ഞത് ‘മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്ന്.
ശബരിമല വിഷയത്തിന്റെ പേരില്‍ ആരെയെങ്കിലും ജയിപ്പിക്കണം എന്നതായിരുന്നില്ല വിശ്വാസികളുടെ ആഗ്രഹം. എങ്കില്‍ ബിജെപിയെ വിജയിപ്പിച്ചേനേ. ഇടതുമുന്നണിയെ പാഠം പഠിപ്പിക്കണമെന്നതു മാത്രമായിരുന്നു വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടവരുടെ ആഗ്രഹം. എന്‍എസ്എസ് നേതൃത്വം ഇതു പറയാതെ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതിനെ തോല്‍പ്പിക്കാന്‍ എളുപ്പം യുഡിഎഫിനെ ജയിപ്പിക്കലാണെന്നു ജനം കരുതി. അത് ഫലം കണ്ടു. ശബരിമലയ്ക്കൊപ്പം സര്‍വ രംഗത്തുമുള്ള പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിനോടുള്ള പ്രതിഷേധവും കൂടി വോട്ടായി.
വന്‍ ജയത്തിനു കാരണം ശബരിമലയും ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയുമാണെന്ന സത്യം പറയാന്‍ യുഡിഎഫ് തയാറാകില്ല. തോല്‍വിയുടെ കാരണം ഇതാണെന്ന് ഇടതിനും പറയാനാവില്ല. അതിനാണ് ന്യൂനപക്ഷ ഏകീകരണമെന്ന് ഇരുകൂട്ടരും ഒരേ സ്വരത്തില്‍ പറയുന്നത്. പ്രീണിപ്പിക്കേണ്ടത് ന്യൂനപക്ഷത്തെ മാത്രമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: