തിരുവനന്തപുരം: പാലക്കാട്ട് മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ എം.ബി. രാജേഷിനെ സിപിഎമ്മുകാര്‍ തന്നെ കാലുവാരിയ വിവാദം കൊഴുക്കുമ്പോള്‍ തെക്കു നിന്നും സമാനമായൊരു ‘വാരല്‍’ വിവാദം. ഇടതുപക്ഷം ഉറച്ച കോട്ടകളായി കണ്ട ആറ്റിങ്ങലില്‍ എ. സമ്പത്തിന്റെ തോല്‍വിയാണ് പാര്‍ട്ടിയില്‍ വിവാദം ആളിക്കത്തിക്കുന്നത്.
മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ആറിലും ഇടത് എംഎല്എമാരാണെന്നിരിക്കെയാണ് സമ്പത്തിന്റെ വന്‍ തോല്‍വി ചര്‍ച്ചയാകുന്നത്. മത്സരിച്ചിടത്തൊക്കെ ജയിച്ച പാരമ്പര്യമുള്ള സമ്പത്തിന് ആദ്യമായി അടൂര്‍ പ്രകാശിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത് സ്വന്തം പാര്ട്ടിക്കാര് കാലുവാരിയതു കൊണ്ടാണെന്ന ആക്ഷേപം എല്‍ഡിഎഫ് ക്യാമ്പില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു.
ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉള്‍പ്പടെയുള്ളവര്‍ ശ്രമം നടത്തിയിരുന്നു. മുമ്പെങ്ങുമില്ലാതെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് റഹീമിന്റെ ഇടപെടല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ അവസാനിച്ചു. നിയമസഭയിലേക്ക് വര്‍ക്കലയില്‍ മത്സരിച്ച് വര്‍ക്കല കഹാറിനോട് തോറ്റെങ്കിലും ആറ്റിങ്ങലില്‍ ന്യൂനപക്ഷവോട്ട് സമാഹരിക്കാനാകുമെന്ന വാദമുയര്‍ന്നിരുന്നു. എന്നാല്‍, ഇത് നേതൃത്വം ചെവികൊണ്ടില്ല. ഇതോടെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് റഹീം വിട്ടു നിന്നു. മണ്ഡലത്തില്‍ ഡിവൈഎഫ്ഐ സംവിധാനം വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തിന്റെ മുനയും റഹീമിനു നേരെ നീളുന്നു.
സിപിഎമ്മിന്റെ മണ്ഡലങ്ങളില്‍ പോലും സമ്പത്ത് ദയനീയമായി പിന്നോട്ട് പോയതിന്റെ കാരണം എംഎല്‍എമാരോട് ആരായണമെന്നും അന്വേഷണം വേണമെന്നുമാണ് സമ്പത്തിന്റെ അടുത്ത വൃത്തങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സമ്പത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഐ. സാജു, ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി. ദീപക്ക് തുടങ്ങിയവരും ആറ്റിങ്ങലിനായി മോഹിച്ചിരുന്നു.
ആനത്തലവട്ടം ആനന്ദന്റെ ബൂത്ത് ഉള്‍പ്പെടുന്ന ആനത്തലവട്ടത്തെ ശാര്‍ക്കര അഞ്ചാം വാര്‍ഡിലെ ബൂത്തുകളില്‍ ഇക്കുറി ഇരുന്നൂറിന് താഴെ വോട്ടുകള്‍ നേടി സിപിഎം മൂന്നാമതാണ്. കഴിഞ്ഞ 30 വര്‍ഷമായി ഇടതുപക്ഷത്തോട് വൈകാരിക ബന്ധം പുലര്‍ത്തിയിരുന്ന വാമനപുരം, ചിറയിന്‍കീഴ് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങള്‍ ഇടതിനെ കൈവിട്ടു. പെരുമാതുറ, അഞ്ച്തെങ്ങ് തുടങ്ങിയ തീരമേഖലകളിലെ വോട്ട് യുഡിഎഫിന് അനുകൂലമാക്കാന്‍ പാര്ട്ടിക്കാര് തന്നെ ഇടപെട്ടുവെന്നാണ് ആരോപണം.
പാര്‍ട്ടി തീരുമാനം തെറ്റിയെന്ന് ബോധ്യപ്പെടുത്താന്‍ ഇടത് നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചെന്ന പരാതിയാണ് സമ്പത്ത് ഉന്നയിക്കുക. വരും ദിവസങ്ങളില്‍ ആറ്റിങ്ങലും ഇടതുമുന്നണിക്കുള്ളില്‍ നീറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: