ഒന്നാം അദ്ധ്യായം മൂന്നാം പാദത്തിലെ പന്ത്രണ്ടാമത്തെ അധികരണമാണ് ഇനി.
അര്ത്ഥാന്തരത്വപ്യപദേശാധികരണം.
നഇതില് ഒരു സൂത്രമാണ് ഉള്ളത്.
സൂത്രം – ആകാശോളര്ത്ഥാന്തരത്വാദിവ്യപദേശാത്
നാമരൂപങ്ങളില്‍ നിന്ന് അതീതമാണെന്ന് പറഞ്ഞതിനാല്‍ ആകാശം ബ്രഹ്മമാണ്.
ഛാന്ദോഗ്യോപനിഷത്തില്‍ ആകാശത്തെ ബ്രഹ്മമായി പറയുന്നുണ്ട്.
‘ആകാശോ വൈ നാമരൂപയോര്‍ നിര്വഹിതാതേ യദന്തരാ തദ് ബ്രഹ്മ തദമൃതം സ ആത്മാ’
ശ്രുതികളില്‍ ആകാശമെന്ന പേരില്‍ പ്രസിദ്ധമായ ആത്മാവ് നാമരൂപങ്ങളുടെ വ്യാകര്ത്താവാണ്. നാമരൂപങ്ങള്‍ ഏതൊന്നിലാണോ നിലനില്‍ക്കുന്നത് അത് ബ്രഹ്മാണ്. അത് മരണമില്ലാത്തതാണ്.അത് ആത്മാവാകുന്നു.
എന്നാല്‍ ഇവിടെ ആകാശം എന്ന് പറഞ്ഞത് പഞ്ചഭൂതങ്ങളിലൊന്നായ ആകാശത്തെയാണ് എന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഓരോന്നിനും അതാത് നാമരൂപങ്ങളായി നിലനില്ക്കാന് അവകാശം കൊടുക്കുന്നത് ആകാശമാണ്.
ബ്രഹ്മത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ വ്യക്തമായി പറയാത്തതിനാല്‍ ആകാശമെന്നതിന് എല്ലാവര്‍ക്കുമറിയുന്ന പഞ്ചഭൂതങ്ങളിലൊന്നായ ആകാശം എന്ന് തന്നെ അര്ത്ഥമെടുക്കണമെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.
എന്നാല്‍ പൂര്‍വപക്ഷത്തിന്റെ വാദം ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. ആകാശം എന്നാല്‍ ബ്രഹ്മം തന്നെയാണ്. നാമരൂപങ്ങളില്‍ ഉള്‍പ്പെടാതെയിരിക്കുന്ന ഒരേ ഒരു വസ്തു ബ്രഹ്മം മാത്രമാണ്. ബ്രഹ്മം നാമരൂപങ്ങള്‍ക്ക് അതീതമാണ് എന്നതാണ് കാരണം.
നാമരൂപങ്ങളെ സൃഷ്ടിക്കുന്നത് ബ്രഹ്മമാണെന്ന് ശ്രുതിയില്‍ പറയുന്നുമുണ്ട്.
ഛാന്ദോഗ്യത്തിലെ ദഹരാകാശ പ്രകരണത്തില്‍ ആകാശം എന്ന് പറഞ്ഞത് ബ്രഹ്മം തന്നെയെന്ന് വ്യക്തമാക്കുന്നുണ്ട്.
ആകാശമെന്ന തത്വം നാമങ്ങളേയും രൂപങ്ങളേയും ധരിക്കുന്നതാണ് .ആകാശത്തിന്റെ മദ്ധ്യത്തിലാണ് അവ നിലനില്‍ക്കുന്നത്. നാമരൂപങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല.
ആസമന്താത് കാശതേ ആകാശ: എന്നും പറയാറുണ്ട്. വളരെ നന്നായി പ്രകാശിക്കുന്നത്. സ്വയം പ്രകാശവും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നതുമായ അത് ബ്രഹ്മമല്ലാതെ മറ്റൊന്നാവാന്‍ തരമില്ല. അതു കൊണ്ട് തന്നെ അത് അമൃതവും ആത്മാവ്യമാണെന്ന് മന്ത്രത്തില്‍ പറയുന്നു. അപ്രകാരമുള്ള ബ്രഹ്മസ്വരൂപമായ ആകാശത്തെ പ്രകാശിപ്പിക്കുവാന്‍ നാമരൂപങ്ങളായി അറിയപ്പെടുന്ന ഒന്നിനും കഴിയുകയുമില്ല.
നാമരൂപങ്ങളെ ധരിക്കുന്ന തത്വമായി ആകാശത്തെ പറഞ്ഞതിനാല്‍ അത് നാമരൂപങ്ങളില്‍ നിന്ന് വേറിട്ടതാകണം.ഈ കാരണത്താല്‍ ആകാശമെന്നത് ഭൂതങ്ങളില്‍ പെട്ടതായ ആകാശമോ ജീവനോ അല്ല. പരമാത്മാവ് തന്നെയാണ്. അമൃതം, ആത്മാവ് എന്നീ വിശേഷണങ്ങളും ബ്രഹ്മത്തിന് മാത്രം ചേരുന്നതാണ്.
ഛാന്ദോഗ്യത്തില്‍ തന്നെ ‘ അനേന ജീവേനാത്മനാ അനുപ്രവിശ്യ നാമരൂപേ വ്യാകരവാണി’എന്ന് കാണാം. ഈ ജീവാത്മരൂപത്തില്‍ അനുപ്രവേശിച്ച് നാമരൂപങ്ങളെ സ്പഷ്ടമാക്കാം എന്ന സങ്കല്പത്തോടെയാണ് നാമരൂപങ്ങളെ ചമച്ചതെന്ന് ശ്രുതിയില്‍ പറയുന്നുണ്ട്. ജീവനും പരമാത്മാവും തമ്മിലുള്ള ഏകത്വവും ഇവിടെ വ്യക്തമാക്കുന്നു. ഇക്കാരണങ്ങളാല്‍ ആകാശമെന്നതിന് ബ്രഹ്മം എന്ന് അര്‍ത്ഥമെടുക്കണം.
ആകാശമാകുന്ന ബ്രഹ്മം നാമരൂപാത്മകമായ പ്രപഞ്ചത്തിനതീതമായതിനാല് ആകാശ ശബ്ദം ബ്രഹ്മവാചകം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: