ഇത് കാലത്തിന്റെ കാവ്യനീതി. കാലം അടക്കിപ്പിടിച്ചതിന്റെ തുറന്നുപറച്ചിലാണ് എഴുത്തുകാരനും വാഗ്മിയുമായ എ.പി.അഹമ്മദ് നടത്തിയത്. കഥാകാരി മാധവിക്കുട്ടിയുടെ പ്രണയവും മതംമാറ്റവുമായിരുന്നു അത്. കേരളത്തിലെ അറിയപ്പെടുന്ന വാഗ്മിയും എംപിയുമായ വ്യക്തി പ്രണയം നടിച്ച് മതംമാറ്റിയ മാധവിക്കുട്ടി മലയാളത്തിലെ ലൗജിഹാദിന്റെ എന്നത്തെയും ഇരയായി. പിന്നീട് ഒട്ടേറെ പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയാക്കപ്പെട്ടു.
പലരും സിറിയയിലേക്കും മറ്റും നാടുകടത്തപ്പെട്ടു. ക്രൂരതയുടെ പര്യായമായി ഇന്നും ജിഹാദികള്‍ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി വലവിരിക്കുമ്പോള്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരു പാഠമാണ് മാധവിക്കുട്ടിയും അവരുടെ മതംമാറ്റവും. രാജ്യാന്തര ഗൂഢാലോചനയുടെ ഇരയായിരുന്നു മാധവിക്കുട്ടിയെന്നും, അതിനായി സൗദിയില്‍നിന്ന് ദശലക്ഷം ഡോളര്‍ കൈപ്പറ്റിയെന്നും ഒരു പതിറ്റാണ്ടിനിപ്പുറം തുറന്നു പറയാന്‍ അസാധാരണ ധൈര്യം കാണിക്കുകയായിരുന്നു എ.പി.അഹമ്മദ്.
മലപ്പുറം എടക്കരയില്‍ യുക്തിവാദി സംഘടനയായ സ്വതന്ത്രലോകം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആ തുറന്നുപറച്ചില്‍. നവമാധ്യമത്തിലൂടെ പ്രചരിച്ച അന്നത്തെ പ്രസംഗത്തിന്റെ ഒന്‍പത് മിനിറ്റ് വീഡിയോ കാലത്തിന്റെയും ചരിത്രത്തിന്റെയും ശവക്കല്ലറ തുറന്ന് പുറത്തുചാടിയ ചില യാഥാര്‍ത്ഥ്യങ്ങളായിരുന്നു. മാധവിക്കുട്ടിയും മതംമാറ്റവും ഒരിക്കല്‍ക്കൂടി ചര്‍ച്ചചെയ്യപ്പെട്ടു. കുറ്റം ചെയ്തവര്‍ പൊതുമധ്യത്തില്‍ വിചാരണചെയ്യപ്പെടുമ്പോള്‍, ഒപ്പം സാംസ്കാരിക ലോകത്തിന്റെ നെറികേടിനെ ചാട്ടുളികൊണ്ട് എയ്തു വീഴ്ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.
”ഇസ്ലാമിക ഭീകരവാദത്തിന്റെ, മതപരിവര്‍ത്തനത്തിന്റെ ആഗോള കൊളളയുടെ ഏജന്റ് മലപ്പുറത്തെ മുസ്ലിംലീഗിന്റെ എംപിയായിയിരുന്നുവെന്ന് ചരിത്രം പകല്‍ പോലെ വിളിച്ചുപറയുമ്പോള്‍, മാധ്യമ വനിത ലീല മേനോന് ചങ്കുപൊട്ടി പറഞ്ഞിട്ടും, മെറിലി വെയ്സ്ബോര്‍ഡ് കപടതയില്ലാതെ എഴുതിയിട്ടും അയാളുടെ യഥാര്‍ത്ഥ പേര് സമദാനി എന്നാണെന്നു പറയാന്‍ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്” എന്നായിരുന്നു അഹമ്മദ് ചോദിച്ചത്.
മുഖ്യധാരാ സാംസ്കാരിക നേതൃത്വം അടക്കിപ്പിടിച്ചുപോലും പറയാന്‍ മടിച്ചകാര്യം ദിഗന്തങ്ങള്‍ മുഴങ്ങുമാറ് ഉച്ചത്തില്‍ അഹമ്മദ് വിളിച്ചുപറഞ്ഞപ്പോള്‍ ഇതാ ചുണയുള്ളൊരു എഴുത്തുകാരന് ഉണ്ടായിരിക്കുന്നുവെന്ന പ്രഖ്യാപനമായിരുന്നു ആ ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. ‘മാധവിക്കുട്ടിയുടെ ജീവിതം മുന്‍നിര്‍ത്തി മെറിലി വെയ്സ്ബോര്‍ഡ് എഴുതിയ ‘ദി ലൗ ക്യൂന്‍ ഓഫ് മലബാറി’നെ അധികരിച്ചാണ് എഴുത്തുകാരനും പ്രഭാഷകനുമായ എ.പി.അഹമ്മദ് സംസാരിച്ചത്.
മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി മരിച്ച് ഒരു പതിറ്റാണ്ട് തികയുമ്പോള്‍ അവരുടെ ജീവിതം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആകസ്മികമെന്നു പറയട്ടെ അതിനു നിമിത്തമായത് താങ്കളുടെ പ്രഭാഷണവും?
പ്രഭാഷണത്തിനിടെ ഞാന്‍ ബോധപൂര്‍വമായി ചെയ്യുന്ന കാര്യമാണ് മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രസക്തമായ ഒന്നോ രണ്ടോ പുതിയ കൃതികളെ പരിചയപ്പെടുത്തുക എന്നത്. അങ്ങനെയാണ് മാധവിക്കുട്ടിയുടെ ജീവിതം പ്രതിപാദിക്കുന്ന മെറിലി വെയ്സ് ബോര്‍ഡിന്റെ ‘ദി ലൗ ക്യൂന്‍ ഓഫ് മലബാറി’നെപ്പറ്റി പരാമര്‍ശിച്ചത്. മാധവിക്കുട്ടിയുടെ മതംമാറ്റം ആ കാലത്തുതന്നെ വലിയ ചോദ്യമുയര്‍ത്തിയിരുന്നു. മുറുമുറുപ്പുകളും വാഗ്വാദങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഉത്തരവാദിത്വബോധത്തോടെ ആ വിഷയം പൊതുസമൂഹത്തില്‍ ഉന്നയിക്കാന്‍, ജനങ്ങള്‍ക്കു മുന്നില്‍ ഒരു രേഖവച്ച് സംസാരിക്കാന്‍ സാഹചര്യമുണ്ടായിരുന്നില്ല.
ആയിടെയാണ് 2009-ല്‍ മേയ് 31 ന് മാധവിക്കുട്ടിയുടെ മരണശേഷം ഇംഗ്ലീഷില്‍ ഒരു പുസ്തകം വരുന്നു; മാധവിക്കുട്ടിയുടെ ആത്മമിത്രമായ കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ് ബോര്‍ഡ് എഴുതിയ ‘ദി ലൗ ക്യൂന്‍ ഓഫ് മലബാര്‍.’ വിദേശത്തുവച്ച് ഞാന്‍ ആ കൃതി വായിച്ചു. വല്ലാതെ പൊളളിക്കുകയും ഞെട്ടിക്കുകയും ചെയ്തു. നാട്ടുകാര്‍ അക്കാലത്ത് അടക്കംപറഞ്ഞത് വലിയൊരു ക്രിമിനല്‍ കുറ്റമാണെന്നും എന്തുകൊണ്ട് ആളുകള്‍ ഇതിനെ മൂടിവയ്ക്കുന്നുവെന്നുമുള്ള ശങ്കയുണ്ടായി. വലിയ ബുദ്ധിജീവികള്‍, കൊച്ചു പ്രശ്നങ്ങള്‍പോലും ഗുരുതരമായി ചര്‍ച്ച ചെയ്യുന്ന മുഖ്യധാരാ എഴുത്തുകാര്‍ ഈ വലിയ പ്രശ്നത്തെ, മലയാളത്തിന്റെയും ലോകത്തിന്റെയും ഇതിഹാസ സമാനമായി ജീവിച്ച ആ എഴുത്തുകാരിയോട് കാണിച്ച ക്രിമിനല്‍ കുറ്റത്തെ അറിഞ്ഞിട്ടും എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നു ചിന്തിച്ചു. നിരന്തരം പലരോടും ചോദിച്ചു. ഇതിനിടെ നാട്ടിലേക്ക് തിരിച്ചുവന്നു.
2015-ല്‍ മെറിലിയുടെ പുസ്തകം ഗ്രീന്‍ ബുക്സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ‘ലൗ ക്യൂന്‍ ഓഫ് മലബാര്‍’ എന്നതിനു പകരം ‘പ്രണയത്തിന്റെ രാജകുമാരി’ എന്നു പേരുമാറ്റി. പുസ്തകത്തില്‍ സാദിഖലി എന്നു പേരുമാറ്റിയെങ്കിലും പേരിന്റെ നേരെ പേജില്‍ സമദാനിയുടെ ചിത്രംകൊടുക്കാന് അവര്‍ തയ്യാറായി. പ്രസാധകരുടെ ധീരതകണ്ട് അമ്പരന്നു. (എന്നാല്‍ പിന്നീടുള്ള പതിപ്പുകളില്‍നിന്ന് ആ ചിത്രം മാറ്റി). തന്റെ മരണശേഷം അയാളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകും. അതിനാല്‍ പേരുമാറ്റണം എന്ന മാധവിക്കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണത്രേ സമദാനി സാദിഖലി ആയത്.
ദുരൂഹമായ കാരണങ്ങളാല്‍ മാധവിക്കുട്ടിയുടെ മതംമാറ്റവും തുടര്‍ന്നുള്ള സംഭവവും ആരുംപറയാത്തതിനാല് എന്റെ ബോധ്യം എനിക്കു പറയണമെന്നു തോന്നി. പിന്നീട് പലവേദികളിലും ഇക്കാര്യം പറഞ്ഞെങ്കിലും കേള്‍ക്കുന്നവരില്‍ അപ്പോഴത്തെ കൗതുകമുണര്‍ത്തുക മാത്രമാണ് ചെയ്തത്. ആകസ്മികമായാണ് എടക്കര സ്വതന്ത്രലോകം പരിപാടിയില്‍ നടത്തിയ പ്രസംഗം നവമാധ്യമങ്ങളില്‍ തരംഗമായതും, ജനംടിവി അത് വാര്‍ത്തയാക്കുകയും സംവാദമായി വളരുകയും ചെയ്തത്. അന്നത്തെ പ്രസംഗത്തിന്റെ പരിണതി അതാണ്. മലയാളി പരിഗണിക്കാതെപോയ പുസ്തകത്തിന് ഇതോടെ ഏറെ ആവശ്യക്കാരുണ്ടായിരിക്കുന്നു എന്നതും, നമുക്ക് നല്ല ബോധ്യമുള്ള സത്യം ജീവിക്കുന്നകാലത്ത് നിര്‍ഭയം ഉച്ചത്തില്‍ പറഞ്ഞാല്‍മതി അത് എപ്പോഴെങ്കിലും എത്തേണ്ടിടത്ത് എത്തും ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കുകയും ചെയ്യും എന്നതുമാണ് എന്റെ സന്തോഷം. ഇത് വലിയ ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്നു. ജനമധ്യത്തില്‍ വാചാലത കൊണ്ട് സ്വീകാര്യത നേടുന്നവരുടെ കാപട്യം വെളിപ്പെടാന്‍ കാരണവുമായി. ജനമനസ്സില്‍ അയാള്‍ വിചാരണ ചെയ്യപ്പെടും എന്നതാണ് വൈകിയാണെങ്കിലും പുസ്തകത്തിന്റെ ഗുണം.
മാധവിക്കുട്ടി മതംമാറിയതിന്റെ ഞെട്ടിക്കുന്ന അണിയറ രഹസ്യം പുറത്തുവന്നുവെന്നതു മാത്രമല്ല, ആ വന്ദ്യവയോധികയെ കല്‍പ്പടവുകളിലിട്ട് ബലാല്ക്കാരം ചെയ്തത്. അവര്‍ കലഹിച്ചപ്പോള്‍ വിവാഹവാഗ്ദാനം നല്‍കിയത്. ഭാര്യയാവാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടത്. മതംമാറിയപ്പോള്‍ വിശ്വാസ വഞ്ചന കാട്ടിയത്. മാധവിക്കുട്ടിയുടെ മതംമാറ്റത്തെ ആഗോളവിപണിയില്‍ വിറ്റ് പണമാക്കിയെന്ന യാഥാര്‍ത്ഥ്യം. ഇവയൊക്കെ ഈ പുസ്തകം അനാവരണം ചെയ്യുന്നു. ഇസ്ലാമിക മത പ്രബോധനത്തിന്റെ പേരില്‍ പണമൊഴുക്കിയതിന്റെ സാക്ഷ്യമായി ഉയര്‍ത്തിക്കാട്ടേണ്ടത് മതംമാറ്റപ്പെട്ടവരുടെ എണ്ണവും ചിത്രമാണെന്നും, അതുവഴി വീണ്ടും പണമൊഴുകുന്നു എന്നതും ഈ പുസ്തകം മാധവിക്കുട്ടിയിലൂടെ അടയാളപ്പെടുത്തുന്നു.
ഇത്രയും സങ്കീര്‍ണമായ പ്രശ്നം മലയാളത്തിലെ പൊതുസമൂഹവും ബുദ്ധിജീവികളും എന്തുകൊണ്ടാണ് തമസ്കരിച്ചത്?
അതിന് ഉത്തരം തേടുകയാണ് ഞാന്‍. എന്റെ ഒരു നിരീക്ഷണം ഇതായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ അനിഷ്ടത്തോടെ കണ്ട ഹിന്ദു പൊതുബോധം നിലനില്‍ക്കുന്നുണ്ട്. മാധവിക്കുട്ടി ഒരു തെറിച്ച പെണ്ണാണ്, കുലസ്ത്രീയുടെ മഹിമ കാട്ടിയില്ല. പറയേണ്ടാത്തത് പറഞ്ഞും എഴുതേണ്ടാത്തത് എഴുതിയും വഴിവിട്ടജീവിതം നയിച്ചവരുമാണ് എന്ന പൊതുബോധം. അതുകൊണ്ട് അവള്‍ക്ക് അത് കിട്ടട്ടെ, അവരെ ആര് ഉപദ്രവിച്ചാലും അത് അവര്‍ അര്‍ഹിക്കുന്നു എന്ന പൊതുബോധം നിലനില്ക്കുന്നുവെന്ന അഭിപ്രായം ചില ഹിന്ദു സുഹൃത്തുക്കള്‍ പങ്കുവച്ചിട്ടുണ്ട്. എന്നെ ഞെട്ടിച്ച പ്രതികരണമായിരുന്നു അത്. എങ്ങനെ ജീവിച്ചവരും ആവട്ടെ ആരോടും ഇതുപോലെ കാണിക്കാന്‍ പാടില്ല. തന്റെ ജീവിതം, ദര്‍ശനം തുടങ്ങിയവ ബോധ്യപ്പെടുത്തിയ ആളാണ് മാധവിക്കുട്ടി. സാംസ്കാരികമായി ഔന്നത്യമില്ലാത്തവരാണെങ്കിലും അത്തരക്കാരോടു പോലും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് മാധവിക്കുട്ടി അനുഭവിച്ചത്.
ഇസ്ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ ആള് ക്രമിനല്‍ കുറ്റത്തിന്റെ പരമ്പരതന്നെ മാധവിക്കുട്ടിയോട് ചെയ്തിട്ടും മുസ്ലിം സമൂഹം മൗനം പാലിച്ചതെന്തുകൊണ്ട്?
എന്റെ നിരീക്ഷണം ഇതാണ്. മതംമാറ്റത്തിന് പ്രേരിപ്പിച്ചത് സമദാനിയാണെങ്കിലും പിന്നീട് ആ കുറ്റത്തില്‍ അറിഞ്ഞോ അറിയാതെയോ മറ്റു സമുദായ സംഘടനകള്‍ക്കും പങ്കുണ്ട്. മതംമാറ്റത്തെ ആഗോളവിപണിയില്‍ എത്തിച്ച് വ്യാപാരക്ഷമമാക്കിയത് മറ്റു സംഘനകളാണ്. സാംസ്കാരികമായി വിറ്റഴിച്ചത് വേറെ ചില സംഘടനകള്‍. മുസ്ലിംലീഗ് അല്ലാത്ത പലസംഘടനകള്‍ക്കും പലഘട്ടത്തില്‍ ഇതില്‍ പങ്കുണ്ട്. ഇവരെല്ലാം കൂട്ടുപ്രതികളാണ്. ഇതിനുപുറമെ ഈ കുറ്റകൃത്യത്തിലൊന്നും പങ്കില്ലാത്ത നിഷ്കളങ്കരായ മുസ്ലിം മനസ്സില്‍ ഉണ്ടാക്കിയ പ്രതികരണം മറ്റൊന്നാണ്. വലിയൊരു എഴുത്തുകാരിയുടെ ബിംബത്തെ, കമല സുരയ്യ എന്ന പേരില്‍ ഇസ്ലാമിക ഐഡന്റിറ്റിയുമായി എത്തിയപ്പോള്‍ അത് ഒരാഘോഷമായിരുന്നു. മാധവിക്കുട്ടിയുടെ മതംമാറ്റം കൃത്രിമമായിരുന്നുവെന്നും, അതൊരു വ്യാജബിംബമായിരുന്നു എന്നും തിരിച്ചറിഞ്ഞപ്പോഴത്തെ അങ്കലാപ്പ് കേരളീയ മുസ്ലിം സമൂഹത്തിലുണ്ടായി. ഈ ക്രിമിനല്‍ കുറ്റത്തില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളികളായി എന്ന കുറ്റസമ്മതവും അവരിലുണ്ടായി. കൂടാതെ സമദാനി അതു ചെയ്യുമെന്ന് വിശ്വസിക്കുന്നവരായിരുന്നു സാമാന്യബോധുള്ള മുസ്ലിങ്ങളില്‍ ഏറെയും. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ സമദാനിയെ പ്രതിരോധിക്കാനെത്തിയില്ല. ഹിന്ദുപൊതുബോധത്തിലും മുസ്ലിംപൊതുബോധത്തിലുമുണ്ടായ സാമൂഹികമായ ഇത്തരം ചില ഘടകങ്ങളാണ് ഈ വിഷയത്തിലുള്ള മൗനത്തിന് ഇടയാക്കിയത്.
പുസ്തകത്തില്‍ വ്യക്തമാക്കിയതുപോലെ സൗദി അറേബ്യയില്‍ നിന്ന് മതംമാറ്റത്തിന് പണംവാങ്ങി എന്നത് വിശ്വസിക്കാമോ?
സാങ്കേതികത്വംകൊണ്ട് ഒരു പ്രശ്നത്തിന്റെ സത്തയെ മറച്ചുവയ്ക്കാം. പലരും ചോദിച്ച ഈ ചോദ്യം അത്തരം സത്തയെ മറച്ചുമയ്ക്കാനുള്ള തന്ത്രമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം തരേണ്ടത് സര്‍ക്കാര്‍ സംവിധാനമാണ്. എന്തുകൊണ്ടെന്നാല്‍ ഈ പുസ്തകത്തില്‍ പറഞ്ഞ ക്രിമിനല്‍ കുറ്റങ്ങള്‍ക്കൊന്നും ഞാന്‍ സാക്ഷിയല്ല. ആ ക്രിമിനല്‍ കുറ്റങ്ങളെ സത്യസന്ധമായി രേഖപ്പെടുത്തിയ പുസ്തകത്തെ ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ആ പുസ്തകം നിങ്ങള്‍ക്കു വായിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. ആ പുസ്തകം പറയുന്ന, മാധവിക്കുട്ടിയുടെ മക്കള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നില്ക്കുന്ന കുറ്റങ്ങളില്‍ സാമ്പത്തിക ഇടപാട് ഒഴികെ മറ്റെല്ലാം വിശ്വസിക്കുന്നു. ഇതുമാത്രം എന്തുകൊണ്ട് അവിശ്വസിക്കുന്നു? ഇതില്‍ കാപട്യമുണ്ട്.
സാമ്പത്തിക ഇടപാടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നത് കേരളത്തിലേക്ക് സുലഭമായി ഇസ്ലാമിക പ്രബോധനത്തിന് കടന്നുവരുന്ന വിദേശപണത്തിന്റെ ധാരാളിത്തം എനിക്ക് നല്ല ബോധ്യമുള്ളതിനാലാണ്. ഇന്ന് കാണുന്ന സകലമാന മതമുദ്രകളും പളളികള്‍, മദ്രസകള്‍, യത്തീംഖാനകള്‍, കോളജുകള്‍ തുടങ്ങിയവയ്ക്ക് വിദേശ രാജ്യങ്ങളുടെ, സര്‍ക്കാരിന്റെ, സംഘടനകളുടെ പണം വരുന്നില്ലെന്നു പറയാമോ? വിവിധ മുജാഹിദ് സംഘടനകള്‍, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ വിദേശപണം കൈപ്പറ്റുന്നവയാണ്. പല അറബി കോളജുകള്‍ക്കും ശമ്പളം നല്‍കുന്നത് വിദേശരാജ്യങ്ങളാണ്. അവയില്‍ രാജ്യങ്ങളുടെ കൂട്ടായ്മയയുണ്ട്. ‘റാബിത്തത്തുല്‍ ആലമില്‍ ഇസ്ലാമിയ’ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ്. റാബിത്തയുടെ യുവജനപ്രസ്ഥാനമായ വാമി(വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്)പണം കൊടുക്കുന്നു. സുന്നികള്‍ക്ക് പണം കിട്ടുന്നത് യുഎഇയില്‍ നിന്നാണ്.
കേരളത്തിലേക്ക് വിദേശപണം വരുന്നത് മതപ്രബോധനത്തിനാണ്. ഈ മതപ്രബോധനത്തിന്റെ അന്തിമലക്ഷ്യം മതപരിവര്‍ത്തനം തന്നെയാണ്. കേരള ഇസ്ലാമിക് മിഷന്, നിച്ച് ഓഫ് ട്രൂത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനം തന്നെയാണ്. ഇവര്‍ക്ക് വിദേശപണം കിട്ടുന്നുണ്ട്. മതപ്രബോധനത്തിന്റെ റിസള്‍ട്ട് കാണിക്കാനുള്ള സര്‍ട്ടിഫിക്കറ്റാണ് മതംമാറിയവരുടെ പേരുവിവരം. മാധവിക്കുട്ടിയുടെ മതംമാറ്റത്തിലൂടെ ആ മേല്‍വിലാസം വലിയതോതില്‍ വിറ്റഴിച്ചിട്ടില്ല എന്നു എത്രപേര്‍ക്ക് പറയാന്‍ സാധിക്കും? എനിക്കറിയാം പണംവരുന്നുണ്ട്. മതപ്രബോധനത്തിന് രാജ്യത്ത് എത്തുന്ന പണത്തിന്റെ കണക്കുകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തണം. പത്തുലക്ഷം ഡോളര്‍ മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് കൈപ്പറ്റിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെന്ന് പറയാന്‍ സാധിക്കുമോ? കിട്ടിയതിന് താന്‍ സാക്ഷിയാണോയെന്ന് ചോദിച്ചാല്‍, അത് കണ്ടുപിടിക്കാന്‍ സാമ്പത്തിക ഏജന്‍സികളുണ്ട്. മത പ്രബോധനത്തിന് രാജ്യത്ത് എത്തുന്ന പണത്തിന് ഓഡിറ്റ് സംവിധാനം സര്‍ക്കാര്‍ തലത്തിലുണ്ടോ? എന്റെ ചോദ്യങ്ങള്‍ ഇതാണ്: ഈ കുറ്റകൃത്യം നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് ആരാണ്?
മെറിലി എഴുതിയില്ലായിരുന്നുവെങ്കില്‍ ഈ കൊടിയ കുറ്റകൃത്യം പുറംലോകമറിയുമായിരുന്നോ?
മെറിലി എഴുതിയിട്ടും ആരെങ്കിലും പരിഗണിച്ചുവോ? ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തുവോ? മുസ്ലിംലീഗിന്റെ മറുപക്ഷത്തു നില്ക്കുന്ന രാഷ്ട്രീയ എതിരാളികളെങ്കിലും ഇക്കാര്യം ഉന്നയിച്ചോ? മാധവിക്കുട്ടിക്കുവേണ്ടി ജീവിച്ചിരിക്കുമ്പോള്‍ വാദിച്ചവര്‍ അവരുടെ കഥകളെ ഇഴകീറി ചര്‍ച്ച ചെയ്യുന്ന കേവല സാഹിത്യവാദികള്‍ മാധവിക്കുട്ടി നേരിട്ട കൊടിയ മനുഷ്യാവകാശ ലംഘനം ചര്‍ച്ച ചെയ്തോ?
മെറിലി തന്റെ എഴുത്തിന്റെ ഫലത്തെക്കുറിച്ച് ചിന്തിച്ചില്ല. താന്‍ ഇക്കാര്യം തുറന്നെഴുതിയാല്‍ ലോകം എന്തുവിചാരിക്കും, എഴുതാതിരുന്നതുകൊണ്ട് എനിക്കെന്ത് സൗകര്യം കിട്ടും എന്ന ചിന്തയും അവരെ ഭരിച്ചില്ല. അതുകൊണ്ട് പടിഞ്ഞാറന്‍ ലോകത്തിന്റെ സ്വാതന്ത്ര്യത്തിന്റെ തെളിമയും ശക്തിയും അവരുടെ എഴുത്തിന് ലഭിച്ചു. എഴുതിയതുകൊണ്ട് പ്രയോജനമുണ്ടായോ എന്നതിലേറെ അവരെങ്കിലും അത് എഴുതിയല്ലോ എന്നതിലാണ് കാര്യം. മാധവിക്കുട്ടിയുടെ ആത്മാവ് ആഗ്രഹിക്കുന്ന പുണ്യപ്രവൃത്തിയാണത്.
പ്രധാന ചോദ്യം മെറിലിയെ ആദരിക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ല എന്നതാണ്. അവരെ ആദരിക്കാതിരിക്കലും ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനില്‍ക്കലാണ്. ഒരുപാട് ചവറുകള്‍ക്ക് വിവര്‍ത്തന അവാര്‍ഡ് കൊടുക്കുന്നുണ്ട്. ഇത്രമേല്‍ വിസ്ഫോടനാത്മകമായ ഒരുവിവര്ത്തന പുസ്തകത്തിന് ഒരു അവാര്‍ഡ് നല്കാന് തോന്നിയോ? മാതാ അമൃതാനന്ദമയിക്കെതിരായി ഓസ്ട്രേലിയന്‍ യുവതി ഗെയില്‍ ട്രെഡ്വെല് എഴുതിയപ്പോള്‍ അവരെ അവിടെ പോയി അഭിമുഖം നടത്താന്‍ ഒരു മാധ്യമപ്രവര്ത്തകന് തയ്യാറായി. മെറിലിയെ കാനഡയില്‍ പോയി കാണണ്ട, അവരെ വിളിച്ചാല്‍ അവര്‍ വരും. എന്തുകൊണ്ട് മലയാളത്തിനുവേണ്ടി, മാധവിക്കുട്ടിക്കുവേണ്ടി മരണശേഷവും നടത്തിയ പോരാട്ടത്തിന്റെ പുസ്തകമെഴുതിയ മെറിലിയെ നാം ആദരിക്കുന്നില്ല? അവരുടെ മുഖം മലയാളത്തിനു പരിചയപ്പെടുത്തിയില്ല?
പലരും മൂടിവച്ചത് വിളിച്ചുപറയാനുണ്ടായ ധൈര്യം എവിടെനിന്നു ലഭിച്ചു?
ഞാന്‍ എന്നോട് സത്യസന്ധത പുലര്‍ത്തുന്നു. എന്റെ ബോധ്യങ്ങള്‍ വിളിച്ചുപറയാനുള്ള ധൈര്യമില്ലെങ്കില്‍ നാം ജീവിക്കുന്നില്ല. പറയുന്നത് സത്യമാണെന്നുള്ള ബോധ്യം ഉണ്ടാക്കുന്ന ധൈര്യമുണ്ട്. അതുണ്ടായാല്‍ ആര്‍ക്കും ഇതൊക്കെ ചെയ്യാം. എന്റെ ബോധ്യം പറയേണ്ടതിനപ്പുറമുള്ള താല്പര്യം നമ്മെ ഭരിക്കരുത്. എല്ലാവരുടെയും പ്രീതി ആഗ്രഹിക്കരുത്. അത്തരക്കാര്‍ അറിയാതെ പോകുന്നത്, ഉള്ളിന്റെയുള്ളില്‍ ആരുടേയും പ്രീതിയും വിശ്വാസ്യതയും അവര്‍ക്കുണ്ടാവില്ല എന്നാണ്. സ്ഥാനമാനങ്ങള്‍ കിട്ടാതിരിക്കുമോ പഴി പറയുമോ എന്നൊന്നും ചിന്തിക്കരുത്. പൊതുജീവിതത്തില്‍ നിലപാടെടുക്കാന്‍ തയ്യാറാവാത്തവര്‍ മിണ്ടാതിരിക്കുക. എന്റെ ബോധ്യങ്ങള്‍ ഞാന്‍ അതതുകാലത്ത് പറഞ്ഞുകൊണ്ടേയിരിക്കുന്നു.
മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും തികച്ചും സത്യസന്ധമായിരുന്നോ?
മാധവിക്കുട്ടിയുടെ പ്രണയ സങ്കല്പം വിശുദ്ധവും ആത്മീയവും ഉന്നതവുമായ ദാഹമായിരുന്നു. അവരുടെ ദേഹകാമനകളെയാണ് പ്രണയമായി ആണ്‍സമൂഹം വായിച്ചത്. അവര്‍ എല്ലാവരിലും കൃഷ്ണനെ കണ്ടു. പുരുഷന്മാര് അവരുടെ ദേഹത്തെമാത്രം കണ്ടു. മാധവിക്കുട്ടിയുടെ പ്രണയം മരണംവരെ ദാഹാര്‍ത്തമായി അവശേഷിച്ചു. ആര്‍ക്കും അവരുടെ ആത്മാവില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ എഴുത്ത് പ്രണയാന്വേഷണയാത്രയിലെ കാഴ്ചകള്‍ മാത്രമായിരുന്നു. ജീവിതഗന്ധിയല്ലാത്ത ഒന്നും അവര്‍ എഴുതിയിട്ടില്ല. അവരുടെ എഴുത്തിനേയും ജീവിതത്തേയും ശരിയായി വായിച്ചെടുക്കാന്‍ മലയാളിക്ക് പൂര്‍ണമായും സാധിച്ചിട്ടില്ല.
കമല്‍ സംവിധാനം ചെയ്ത ‘ആമി’ മാധവിക്കുട്ടിയോട് ധാര്‍മികത പുലര്‍ത്തിയിട്ടുണ്ടോ?
മാധവിക്കുട്ടിയുടെ എഴുത്തിനോടും ജീവിതത്തോടും ബൗദ്ധികമായ സത്യസന്ധതപുലര്ത്താത്ത കലാകാരനാണ് കമല്‍ എന്നാണ് ആമി കണ്ടപ്പോള്‍ തോന്നിയത്. മൂന്നു കാരണങ്ങള്കൊണ്ടാണത്. ആമി പൂര്‍ണമായും മെറിലിയുടെ പുസ്തകത്തെ ഉപജീവിച്ച് നിര്‍മിച്ചതാണ്. അവരോടുള്ള കടപ്പാട് കമല്‍ വ്യക്തമാക്കിയിട്ടില്ല. രണ്ടാമത്തേത് മെറിലിയുടെ പുസ്തകം നിര്‍വഹിച്ച ധര്‍മം, ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴുമുള്ള മാധവിക്കുട്ടിക്കുവേണ്ടി നടത്തിയ ധാര്‍മിക സമരമായിരുന്നു. ആ ധാര്‍മികത കമല്‍ ആമിയില്‍ കാട്ടിയില്ല. ആ സിനിമ പരാജയപ്പെട്ടതില്‍ കമലിന്റെ സാഹിത്യനിരക്ഷരത കാരണമാകുന്നുണ്ട്. മാധവിക്കുട്ടിയുടെ ഒരു കഥയെങ്കിലും ആഴത്തിലും, അതിന്റെ കാല്പനികവും ദാര്‍ശനികവുമായ സൗന്ദര്യത്തിലും വായിക്കാന്‍ കമലിന് സാധിച്ചില്ല. സാധിച്ചെങ്കില്‍ അതിന്റെ തലംമാറുമായിരുന്നു. മെറിലി വെയ്സ്ബോര്‍ഡിനെ സമ്പൂര്‍ണമായും ആശ്രയിച്ചുകൊണ്ട് അവരുടെ ജീവിതത്തിന്റെ പൊളളുന്ന സത്യം ലോകത്തെ അറിയിക്കാമായിരുന്നു. മെറിലി വെസ്ബോര്ഡിനെ ഉപജീവിച്ചു എന്നു പറയാനുള്ള സത്യസന്ധതയെങ്കിലും കാട്ടാമായിരുന്നു. സത്യസന്ധതയില്ലായ്മകൊണ്ട് സിനിമയും പരാജയമായി.
മെറിലി വെയ്സ് ബോര്‍ഡിന്റെ ‘ദി ലൗ ക്യൂന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തിനെതിരെ സമദാനി നിയമനടപടി സ്വീകരിച്ചിരുന്നു. പിന്നീട് എന്തുസംഭവിച്ചു?
ഗ്രീന്‍ബുക്സിനെതിരെ രണ്ടുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ച് രണ്ടുവര്ഷത്തിനുശേഷമാണിത്. മടക്കത്തപാലില്‍ തന്നെ അതിന് പ്രസാധകന് മറുപടി നല്കി. ആഗോളപ്രശസ്തയായ എഴുത്തുകാരിയുടെ പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ഉത്തമബോധ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും, പുസ്തകം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും, നിയമനടപടി തുടരാം എന്നുമായിരുന്നു പ്രസാധകരുടെ മറുപടി. പിന്നീട് ഒട്ടേറെ എഡിഷനുകളും പുറത്തിറങ്ങി.
താങ്കളുടെ എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും ഊര്‍ജ്ജം?
സത്യം ശിവം സുന്ദരം എന്നീ മൂന്ന് അവസ്ഥകള്‍ ചേര്‍ന്നാണ് ആ ശക്തിയും ഊര്‍ജ്ജവും രൂപപ്പെടുന്നത്. അവനവനോട് നീതി പുലര്‍ത്തുക, ഹൃദയംകൊണ്ട് പുറപ്പെട്ട് ഹൃദയത്തിലെത്തിച്ചേരുന്ന ആവിഷ്കാരം ദൈവികമാണ്, എഴുത്തായാലും പ്രഭാഷണമായാലും. ആത്മാവിഷ്കാരമാണ് നിര്വഹിക്കുന്നതെങ്കില് അത് എന്നെങ്കിലും തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: