പത്തനാപുരം: എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി ഘടക കക്ഷിയാക്കിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്ക് തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല. പിള്ള ഒപ്പമുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായേക്കാവുന്ന നായര്‍ വോട്ടുകള്‍ ചെറിയ രീതിയിലെങ്കിലും തടയിടാനാകുമെന്ന കണക്കുകൂട്ടലും പാടേ പിഴച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇടഞ്ഞപ്പോള്‍ ഇടതുമുന്നണിക്ക് കിട്ടിയ ഏക പിടിവളളിയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയും കേരളാ കോണ്‍ഗ്രസ്(ബി)യും.
കൊല്ലം, മാവേലിക്കര സീറ്റുകളിലെ വിജയം മുന്നില്‍ക്കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബാലകൃഷ്ണപിള്ളയെ മുന്നണിയുടെ ഭാഗമാക്കിയത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങള്‍ പിള്ളയ്‌ക്കും മകന്‍ ഗണേഷ് കുമാറിനും സ്വാധീനമുള്ള പ്രദേശങ്ങളാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷിന് പത്തനാപുരത്ത് 24,562 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
എന്നാല്‍, മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ 14,732 വോട്ടിന് പിന്നിലായി. കൊട്ടാരക്കരയിലും വോട്ടിന്റെ കാര്യത്തില്‍ കൊടിക്കുന്നിലിനു പിന്നിലാണ് ചിറ്റയം. ഒരു കാലത്ത് പിള്ളയുടെ ആശീര്‍വാദത്തോടെയാണ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ തുടര്‍ച്ചായ വിജയങ്ങള്‍ നേടിയത്. ഇക്കുറി പിള്ളയും ഗണേഷും നേരിട്ട് കൊടിക്കുന്നിലിനെതിരെ പ്രചാരണം നയിച്ചിട്ടും ഫലമുണ്ടായില്ല.
ബാലകൃഷ്ണപിള്ളയെ ഒപ്പം നിര്‍ത്തിയാല്‍ കൊല്ലത്ത് ബാലഗോപാലിന് സമുദായ വോട്ടുകള്‍ വ്യാപകമായി നഷ്ടമാകില്ലെന്നും വിജയം ഉറപ്പെന്നുമുള്ള കണക്കു കൂട്ടലിലായിരുന്നു പിണറായി. പക്ഷേ അവിടെയും എന്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിനെ തുണച്ചില്ല.
ശബരിമല യുവതീപ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എന്‍എസ്എസിനെ ആദ്യം പിള്ള പിന്തുണച്ചിരുന്നു. എന്നാല്‍, ഇടത് മുന്നണിയിലെത്തിയതോടെ നിലപാട് മാറി. എന്‍എസ്എസ് അയ്യപ്പജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പിള്ള വനിതാ മതിലിനൊപ്പം നിന്നു. എന്‍എസ്എസ് സമദൂര നിലപാട് തിരുത്തിയതിനെതിരെയും പിള്ള രംഗത്ത് വന്നതോടെ പെരുന്നയും പിള്ളയും രണ്ട് തട്ടിലായി. പിള്ളയുടെ പാര്‍ട്ടിയെക്കൊണ്ട് വലിയ പ്രയോജനമില്ലെന്ന് വ്യക്തമായതോടെ ഇനി അവരോട് എന്ത് നിലപാടായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: