ശ്രീഗണേശന് തന്നെയാണ് തന്റെ മുമ്പില്‍ ഒറ്റയാനെപ്പോലെ വന്നു നിന്നതെന്ന് തല്ക്കാലം ശ്രീവള്ളി അറിഞ്ഞില്ല. പെട്ടെന്നുള്ള ഭയപ്പാടില്‍ തിരിഞ്ഞോടി. ശ്രീമുരുകന്റെ സന്നിധിയില്‍ തന്നെ ചെന്ന് അഭയം തേടി.
ശ്രീമുരുകന്റേയും ശ്രീഗണേശന്റേയും ഉദ്ദേശ്യവും അതുതന്നെയായിരുന്നു.
മുരുകസന്നിധിയിലെത്തിയ ശ്രീവള്ളിയോട് തന്റെ നിയോഗമനുസരിച്ച് വീണ്ടും മുരുകന് വിവാഹാഭ്യര്‍ഥന നടത്തി. തന്റെ നിയോഗം മുരുക പത്നിയാകാനാണുള്ളതാണെന്ന തിരിച്ചറിവ് ശ്രീവള്ളിക്കും ഉണ്ടായി.
ശ്രീനാരദ മഹര്‍ഷി ഇത്തരത്തില്‍ ചില സൂചനകള്‍ ശ്രീവള്ളിക്കു നല്‍കിയിട്ടുണ്ട്.
എന്നാല്‍ ശ്രീവള്ളി ഇതൊന്നും പ്രകടമാക്കിയില്ല. മുരുകന്റെ അഭ്യര്‍ഥനയ്ക്ക് എങ്ങും തൊടാതെയുള്ള ചില മറുപടി. പ്രകൃതത്തിലെ കുലീനത്വം വ്യക്തമാക്കും വിധത്തിലായിരുന്നു ശ്രീവള്ളിയുടെ പെരുമാറ്റം. തന്റെ വിവാഹകാര്യം തീരുമാനിക്കുന്നത് അച്ഛനമ്മമാരാണെന്നും ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും ശ്രീവള്ളി വ്യക്തമാക്കി.
എന്നാല്‍ ശ്രീവള്ളിയുടെ അഭിപ്രായം തേടിയ ശേഷം മാത്രം പിതാവിനെ കണ്ടാല്‍ മതിയെന്ന തന്റെ നിശ്ചയം മുരുകന് അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ തല്‍സമയം തന്നെ വള്ളിയുടെ വളര്ത്തച്ഛന് നമ്പിരാജന് അതുവഴി വന്നു. ശ്രീമുരുകന് നമ്പിരാജന്റെ മുന്നില്‍ സ്വയം പരിചയപ്പെടുത്തി. എന്നാല്‍ ഈ കന്യകയ്ക്ക് വിവാഹപ്രായമായെന്ന് ലക്ഷണ ശാസ്ത്രം പ്രകടമാക്കുന്ന കാര്യം പറയാതെ വയ്യ. അതിനാല്‍ നമ്പിരാജനെ അക്കാര്യം അറിയിക്കുകയാണ്. വിനയായന്വിതനായി, എന്നാല്‍ ദീര്‍ഘവീക്ഷണം കൈവിടാതെ മുരുകന് വ്യക്തമാക്കി.
‘ശ്രീവള്ളിക്ക് വിവാഹപ്രായമായി എന്നത് ശരിയാണ്. ‘ നമ്പിരാജന് മറുപടി നല്കി. ആലോചനകള്‍ തുടങ്ങാം എന്ന നിശ്ചയത്തിലാണ് ഞാനും. അതിനുള്ള നടപടികള്‍ ഉടനാരംഭിക്കണം. പറ്റിയ വരനെ കണ്ടു പിടിക്കണം. അച്ഛനാരാണെന്ന് അറിയാത്ത ഈ കാട്ടു പെണ്ണിനെ വേള്‍ക്കാന്‍ ആരാണ് തയ്യാറാവുക?
അച്ഛനാരെന്ന് അറിയില്ലെന്നത് ഒരു കുറവായി ഞാന്‍ കാണുന്നില്ല. എന്റെ അച്ഛന്റെ കാര്യത്തിലും അച്ഛനാരെന്ന് അറിയില്ല. എന്നാല്‍ വള്ളിയുടെ പക്വത ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. മുരുകന് മറുപടി പറഞ്ഞ് അവസാനിപ്പിച്ചു. സംന്യാസിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഈ യുവകോമളന് തന്റെ പുത്രിയെ ഇഷ്ടമാണെന്ന് ഈ വാക്കുകളില്‍ നിന്നും നമ്പിരാജന് വ്യക്തമായി. നമ്പിരാജന് ഈ കുമാരനോട് കൂടുതല്‍ കാര്യങ്ങള്‍ അനേ്വഷിച്ചു.
‘ എന്താണ് ശരിയായ പേര്? അച്ഛന്റെ പേരെന്താണ്? എവിടെയാണ് താമസിക്കുന്നത്? ‘ കുടുംബമഹിമകള്‍ അറിയാനുള്ള താത്പര്യത്തോടെ നമ്പിരാജന് തുടര്‍ ചോദ്യങ്ങളുന്നയിച്ചു.
എന്റെ പേര് സുബ്രഹ്മണ്യനെന്നാണ്. അച്ഛന്റെ പേര് സദാശിവനെന്നും. കുറച്ച് വടക്ക് ഒരു കുന്നിന്റെ മുകളില്‍ താമസിക്കുന്നു.
‘ ഹേ, കുമാരാ, നിന്റെ മറുപടിയില്‍ നിന്നും വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. കുടുംബ പാരമ്പര്യങ്ങള്‍ അറിഞ്ഞു വേണ്ടേ വിവാഹാദി കാര്യങ്ങള്‍ നിശ്ചയിക്കാന്‍. നിന്റെ അമ്മയുടെ പേരെന്താണ്? നമ്പിരാജന് പറഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: