ന്യൂദല്‍ഹി: പതിനേഴാം ലോക്സഭയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയില്‍ ഇടത്പക്ഷം. ഒരു കാലത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ഇടതിന് അഞ്ച് ലോക്സഭാംഗങ്ങള്‍ മാത്രമാണ് ഇത്തവണയുള്ളത്. ഇതില്‍ കേരളത്തിലെ ആലപ്പുഴ ഒഴികെയുള്ളവ തമിഴ്നാട്ടിലെ ഡിഎംകെയുടെ ദയയില്‍ ലഭിച്ച സീറ്റുകളാണ്.
മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സിപിഎമ്മും നാഗപട്ടണം, തിരുപ്പൂര്‍ സീറ്റുകളില്‍ സിപിഐയും വിജയിച്ചു. ടു ജി സ്പെക്ട്രം ഉള്‍പ്പെടെ യുപിഎ സര്‍ക്കാരില്‍ ഏറ്റവുമധികം അഴിമതി നടത്തിയ ഡിഎംകെയെ കൂട്ടുപിടിച്ച് ജയിക്കേണ്ടി വന്നത് ഇടത് പാര്‍ട്ടികളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ്സും ഡിഎംകെ സഖ്യത്തില്‍ ഉണ്ടായിരുന്നു. ദേശീയ പാര്‍ട്ടി പദവി രണ്ട് പേര്‍ക്കും നഷ്ടപ്പെട്ടേക്കും.
രണ്ട് വീതം സീറ്റുകളുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും ഇത്തവണ സിപിഎം സംപൂജ്യരാണ്. ത്രിപുരയില്‍ രണ്ട് സീറ്റിലും പാര്‍ട്ടി മൂന്നാമതായി. ബംഗാളില്‍ വോട്ട് ശതമാനത്തില്‍ വലിയ നഷ്ടമുണ്ടായി. 29.71 ശതമാനം വോട്ടാണ് 2014ല്‍ ലഭിച്ചത്. ഇത്തവണ ആറ് ശതമാനത്തില്‍ ഒതുങ്ങി. ഇടത് വോട്ടുകളില്‍ ഭൂരിഭാഗവും ബിജെപിയിലെത്തിയെന്നാണ് വിലയിരുത്തല്‍. പ്രചാരണത്തിനിടെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ബിജെപിക്ക് വോട്ടു ചെയ്യുമെന്ന് പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മമതയെ നേരിടാന്‍ സാധിക്കുന്ന പാര്‍ട്ടിയായി ബിജെപിയെയാണ് ഇടത്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: