എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാന്‍ പോലും ഭയക്കുംവിധമുള്ള കൂട്ടത്തോല്‍വിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടത്. നിലപാടുകളോ നയങ്ങളോ ഇല്ലാതെ ആരെയൊക്കെയോ തോല്‍പ്പിക്കാന്‍ മാത്രം കച്ചകെട്ടി ഗോദയില്‍ ഗോഗ്വാ വിളികളുമായി നിറഞ്ഞ ഇടത് പാര്‍ട്ടികളുടെ തോല്‍വി അപ്രതീക്ഷിതമല്ലെങ്കിലും കേരളത്തിലെ അന്തം വിട്ട പാര്‍ട്ടി അണികള്‍ക്കും ഇല്ലാത്തത് പൊലിപ്പിച്ചുകാട്ടി പ്രസംഗിച്ചുനടന്ന നേതാക്കള്‍ക്കും ഈ തോല്‍വി വിശ്വസിക്കാനാവുന്നില്ലെന്നതാണ് അത്ഭുതം.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കനല് തരി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയാണ്. അകെയെന്തെങ്കിലും അവശേഷിച്ചിരുന്ന കേരളത്തില്‍ പിണറായി ഇഫക്ട് ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴയിലൊതുങ്ങി ആ കെട്ടുവള്ളം. അതും തീവ്രമുസ്ലീം വോട്ടിന്റെ പിന്‍ബലത്തില്‍.
ബംഗാള്‍ – പൂജ്യം, ത്രിപുര – പൂജ്യം, കേരളം- ഒന്ന് എന്നതാണ് സിപിഎമ്മിന്റെ നില. തമിഴ്നാട്ടില്‍ നിന്ന് സ്റ്റാലിന് എറിഞ്ഞുകൊടുത്ത രണ്ട് എല്ലിന് കഷ്ണമാണ് പട്ടിണിമാറ്റാന്‍ ആകെയുള്ളത്. സിപിഐ അടപടലം ചാരമായി. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ചത് അറുപത്തേഴ് സീറ്റിലാണ്. ജയിച്ചത് തൃശൂരില്‍ നിന്ന് സിഎന്‍. ജയദേവന് മാത്രം. ഇക്കുറി അതുമില്ല.
ആഫ്റ്റര്‍ നെഹ്റു ഇഎംഎസ് എന്നും ചെങ്കോട്ടയില്‍ ചെങ്കൊടി പാറും എന്നൊക്കെ ഒരു കാലത്ത് ആവേശം കൊണ്ടവര്‍ ഒരിക്കല്‍ പോലും രാജ്യം ഭരിക്കാനാവശ്യമായ സീറ്റുകളില്‍ മത്സരിച്ചിട്ടേയില്ല. അന്നേ മുദ്രാവാക്യങ്ങളില്‍പോലും ഒരിക്കലും നടക്കാത്ത കാര്യങ്ങളായിരുന്നു സിപിഎം വിളിച്ചിരുന്നതെന്ന് സാരം. 2014ലാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ പാര്‍ട്ടി മത്സരിച്ചത്. അന്ന് മത്സരിച്ച 97 സ്ഥാനാര്‍ത്ഥികളില്‍ എണ്‍പത്തെട്ടും തോറ്റു.
പാര്‍ട്ടി രൂപം കൊണ്ടതിന് ശേഷം 67ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ 59 സീറ്റില്‍ മത്സരിച്ചു. ജയിച്ചത് 19 സീറ്റില്‍. പിന്നെ കുറേക്കാലം ബംഗാള്‍ സിപിഎമ്മിന്റെ ചുമലിലായിരുന്നു മോഹങ്ങളത്രയും. എന്നാലും എംപിമാരുടെ എണ്ണത്തില്‍ ഒരിക്കല്‍ പോലും അമ്പതിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. 2004ല്‍ നേടിയ 43 സീറ്റാണ് ഏറ്റവും കൂടിയത്. വോട്ട് ശതമാനത്തിന്റെ കാര്യത്തിലാണെങ്കില്‍ ദേശീയതലത്തില്‍ 6-7 ശതമാനത്തിനപ്പുറത്തേക്ക് കടക്കാനേ കഴിഞ്ഞിട്ടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടും മോഹം രാജ്യം ഭരിക്കാനായിരുന്നു.
52 മുതലുണ്ട് സിപിഐ രംഗത്ത്. 64ല്‍ പാര്‍ട്ടി പിളരുന്നതുവരെയുള്ള ഏറ്റവും വലിയ ടോട്ടല്‍ 62ല്‍ നേടിയ 29 സീറ്റാണ്. 137 സീറ്റില്‍ മത്സരിച്ചാണ് പാര്‍ട്ടി ഈ വമ്പന്‍നേട്ടം ഉണ്ടാക്കിയത്. പാര്‍ട്ടി രണ്ടായതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ നേടിയ വളര്‍ച്ച ആരെയും തളര്‍ത്തിക്കളയും. 23, 7, 10, 6, 12, 14, 12, 9, 4, 10, 4, 1 ഇങ്ങനെയാണ് 1967 മുതല്‍ 2014 വരെയുള്ള സ്കോര്‍ കാര്‍ഡ്. ഇത്തവണ സം’പൂജ്യ’മായി പാര്‍ട്ടി അരിവാളും നെല്‍ക്കതിരും താഴെ വെച്ചിരിക്കുന്നു.
ബിജെപിയുടെ പ്രകടനമാണ് സ്വന്തം തോല്‍വിയേക്കാള്‍ അവരെ ഏറെ നിരാശരാക്കുന്നത്. 1980ല്‍ മാത്രം രൂപം കൊണ്ട ബിജെപി നേരിട്ട അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍ത്തന്നെ അധികാരത്തിലേറി. പത്താമത്തെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ സുസ്ഥിരമായ ഒരു ഭരണം എന്ന വിശ്വാസം ആ പാര്‍ട്ടി ആര്‍ജ്ജിച്ചിരിക്കുന്നു. 1984ല്‍ വെറും രണ്ട് സീറ്റില്‍ നിന്നാണ് ബിജെപിയുടെ തുടക്കം. 2014ല്‍ 282 സീറ്റുനേടി പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. ഇക്കുറി അതുക്കും മേലെ.
സിപിഎം
1967-19
1971-25
1977-22
1980-30
1984-22
1989-33
1991-35
1996-32
1998-32
1999-33
2004-43
2009-16
2014-09
2019-03
ബിജെപി
1984-2
1989-85
1991-120
1996-161
1998-182
1999-182
2004-138
2009-116
2014-282
2019 -303
പ്രതികരിക്കാൻ ഇവിടെ എഴുതുക: