തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ എംപിയായി ലോക്സഭയിലെത്തിയ എ. സമ്പത്തിന് ഇക്കുറി ഒരു നിയോജക മണ്ഡലത്തില്‍ ഒഴികെ മറ്റൊരു മണ്ഡലത്തിലും ലീഡ് നിലനിര്‍ത്താനായില്ല. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങള്‍ അടൂര്‍പ്രകാശിന് ശക്തമായ പിന്തുണ നല്കി. ഇടതുപക്ഷത്തിന്റെ കോട്ടയില്‍ പോലും സമ്പത്ത് പിന്നില്‍ പോയത് സിപിഎമ്മിനെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയിരിക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തില്‍ മാത്രമാണ് സമ്പത്തിന് ആശ്വസിക്കാന്‍ കുറച്ചെങ്കിലും വകയുള്ളത്. എന്നാല്‍ സിപിഎമ്മിന്റെ കോട്ടകൊത്തളങ്ങള്‍ എന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ സമ്പത്തിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. ഇവിടെല്ലാം അടൂര്‍പ്രകാശും ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനും വന്‍ മുന്നേറ്റമാണ് കാഴ്ച്ചവച്ചത്.
വര്‍ക്കലയില്‍ സമ്പത്തിന്റെ എണ്ണായിരത്തിലധികം വോട്ട് ചോര്‍ന്നു
വര്‍ക്കലയില്‍ 5,684 ന്റെ ഭൂരിപക്ഷം അടൂര്‍ പ്രകാശ് നേടിയപ്പോള്‍ സിപിഎമ്മിന് 42,335 വോട്ടുമാത്രമാണ് ലഭിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50,382 വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. 2016ലെ നിയസഭയില്‍ അഡ്വ. വി. ജോയി 53,102 വോട്ടാണ് വര്‍ക്കലയില്‍ നേടിയത്. സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എയുടെ മണ്ഡലത്തില്‍ 8047 വോട്ട് എവിടെ പോയെന്ന് വരുംദിവസങ്ങളില്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉത്തരം നല്‍കേണ്ടി വരും. ഇവിടെ ബിജെപി 34,343 വോട്ട് നേടി.
കരകേറാനാകാത്ത ആറ്റിങ്ങല്‍
യുഡിഎഫിലെ അടൂര്‍പ്രകാശ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 1553 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഇവിടെ സമ്പത്തിന് 48,492 വോട്ടുമാത്രമാണ് കണ്ടെത്താനായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 64,215 വോട്ട് നേടിയ സ്ഥാനത്താണ് ഇക്കുറി 15, 723 വോട്ടിന്റെ കുറവ് രേഖപ്പെടുത്തിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ അഡ്വ. ബി. സത്യന് 72,808 വോട്ട് നേടിയാണ് ആറ്റിങ്ങല്‍ മണ്ഡലം നിലനിര്‍ത്തിയത്. അതായത് ഇക്കുറി സമ്പത്തിന് 24,316 വോട്ട് ചോര്‍ന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് 42,389 വോട്ട് നേടി.
എല്‍ഡിഎഫിനെ തിരിച്ചടിച്ച് ചിറയിന്‍കീഴ്
സിപിഎം ഭരിക്കുന്ന ചിറയിന്‍കീഴ് മണ്ഡലത്തിലും സമ്പത്തിന് തിരിച്ചടി. സിപിഎമ്മിന്റെ വി. ശശി 64,692 വോട്ട് നേടിയാണ് ഇവിടെ എംഎല്‍എയായത്. അടൂര്‍പ്രകാശ് 8564 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ കരസ്ഥമാക്കിയത്. സമ്പത്തിന് 47,750 വോട്ട് മാത്രമാണ് നേടാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 16,942 വോട്ടിന്റെ കുറവാണ് സമ്പത്തിന് ഇവിടെ ഉണ്ടായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 59,186 വോട്ട് ഇക്കുറി സമ്പത്തിന് നേടാനായില്ല. ബിജെപി 32,829 വോട്ട് നേടി ശക്തമായ സാന്നിധ്യം അറിയിച്ചു.
യുഡിഎഫിന്റെ അരുവിക്കര
കോണ്‍ഗ്രസ് എംഎല്‍എ ജയിച്ച ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ഏക നിയമസഭയാണ് അരുവിക്കര. ഇവിടെ 58,952 വോട്ടാണ് അടൂര്‍ പ്രകാശ് പിടിച്ചത്. സമ്പത്തിന് 50,403 വോട്ടും ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്പത്ത് ഒന്നാം സ്ഥാനം വന്ന മണ്ഡലത്തില്‍ ഇക്കുറി 1597 വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിനുണ്ടായത്. ബിജെപിയുടെ ഗിരിജാകുമാരി 2014ല്‍ 14,890 വോട്ട് നേടിയപ്പോള്‍ ശോഭാ സുരേന്ദ്രന് ഇക്കുറി 30,151 വോട്ട് നേടി മിന്നുന്ന പ്രകടനമാണ് മണ്ഡലത്തില്‍ കാഴ്ച്ച വച്ചത്.
സമ്പത്തിന്റെ മാനംകാത്ത നെടുമങ്ങാട്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. ദിവാകരന് വിജയിച്ച മണ്ഡലമാണ് നെടുമങ്ങാട്. അടൂര്‍ പ്രകാശ് 54,506 വോട്ട് നേടി. യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തിയ ആറ്റിങ്ങല്‍ ലോക്സഭയിലെ ഏക മണ്ഡലമാണിത്. സമ്പത്ത് 55,265 വോട്ടാണ് നേടിയത്. 759 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് സമ്പത്തിന് ഇവിടെ നിന്നും ലഭിച്ചത്. 2014 തെരഞ്ഞെടുപ്പില്‍ 59,283 വോട്ട് നേടിയ സമ്പത്തിന് ഈ വോട്ട് ഇക്കുറി നിലനിര്‍ത്താനായില്ല. ബിജെപി 36,417 വോട്ട് കരസ്ഥമാക്കി.
നിലംതൊടീക്കാത്ത വാമനപുരം
ഇടതുപക്ഷത്തിന്റെ അഡ്വ. ഡി.കെ. മുരളി ജയിച്ച മണ്ഡലത്തിലും സമ്പത്തിന് ഇക്കുറി നിലം തൊടാനായില്ല. അടൂര്‍പ്രകാശ് 59,671 വോട്ട് നേടിക്കൊണ്ടാണ് 9440 ന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ കരസ്ഥമാക്കിയത്. സമ്പത്തിന് 50,231 വോട്ടുമാത്രമെ നേടാനായുള്ളൂ. നിയമസഭയില്‍ ഡി.കെ. മുരളി 65,071 വോട്ട് നേടി വെന്നിക്കൊടി പാറിച്ചെങ്കില്‍ സമ്പത്തിന് അത് സാധിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്പത്ത് 59,186 വോട്ട് നേടിയത് ഇക്കുറി നിലനിര്‍ത്താനായില്ല. ശോഭാ സുരേന്ദ്രന് 29,681 വോട്ട് നേടി.
ബിജെപിക്ക് പ്രതീക്ഷ നല്കി കാട്ടാക്കട
അടൂര്‍ പ്രകാശ് 51,962, സമ്പത്ത് 45,822, ശോഭാ സുരേന്ദ്രന് 40,692 വോട്ടാണ് ഇക്കുറി നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ തിളക്കമാര്‍ന്ന മുന്നേറ്റമാണ് ശോഭാ സുരേന്ദ്രന് ഇക്കുറി കാട്ടാക്കട മണ്ഡലത്തില്‍ നിന്നും നേടിയത്. സിപിഎമ്മിന്റെ അഡ്വ. ഐ.ബി. സതീഷ് ജയിച്ച മണ്ഡലത്തിലും സമ്പത്തിന് അടിപതറി. കൃഷ്ണദാസ് 38,700 വോട്ട് ഇവിടെ നിന്നും നേടിയതെങ്കില്‍ ശോഭാ സുരേന്ദ്രന് 2137 വോട്ട് കൂടുതല്‍ ഇക്കുറി നേടി. എന്നാല്‍ സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 49,358 വോട്ടിനേക്കാള്‍ കുറവാണ് ഇക്കുറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: