കൊച്ചി: വ്യാജരേഖാ വിവിദത്തില്‍ സിറോ മലബാര്‍ സഭയും കേരള ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും (കെസിബിസി) ഇടയുന്നു. ഇരുപക്ഷവും പരസ്യ വിമര്‍ശനം നടത്തി. എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭൂമി വില്‍പ്പന സംബന്ധിച്ച പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ മാര്‍പ്പാപ്പ നടപടിയെടുത്ത് വത്തിക്കാന്‍ നിയോഗിച്ച സഭാ അഡ്മിനിസ്ട്രേറ്ററെ തള്ളി ബിഷപ് കോണ്‍ഫ്രന്‍സിന്റെ മീഡിയ കമ്മീഷന് പ്രസ്താവനയിറക്കി. മീഡിയ കമ്മീഷന് മാര്‍പ്പാപ്പയെ അവഹേളിച്ചെന്ന് പറയാതെ പറഞ്ഞ് അതിരൂപതാ പക്ഷം പ്രതികരിച്ചു. ഇതോടെ ബിഷപ് കോണ്‍ഫ്രന്‍സും സിറോ മലബാര്‍ സഭയും അകലുകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂമി വില്പ്പനക്കേസിന്റെ തുടര്‍ച്ചയായി ഉയര്‍ന്ന വ്യാജരേഖ ചമയ്ക്കല്‍ വിവാദവും പോലീസ് കേസും അറസ്റ്റുമാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണം. സഭയിലെ ഉന്നതര്‍ക്ക് രഹസ്യ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ സാമ്പത്തിക ഇടപാടുള്ളതായി ഔദ്യോഗിക പക്ഷം കണ്ടെത്തി. ഇത് വ്യാജരേഖയാണെന്ന കര്‍ദിനാള്‍ പക്ഷത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. കേസില്‍ സഭാ വിശ്വാസിയായ ആദിത്യയെന്ന യുവാവിനെ അറസ്റ്റ് ചെയ്തു. രണ്ട് പ്രധാന പാതിരിമാരെ പ്രതികളാക്കി. ബിഷപ്പുമാരെയും അറസ്റ്റ് ചെയ്യുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. അപ്പോഴാണ് അതിരൂപതയില്‍ പോപ്പ് നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പത്രസമ്മേളനം നടത്തി പോലീസിനെതിരേ പ്രതികരിച്ചതും സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും.
മാര്‍ മനത്തോടത്തിന്റെ പ്രസ്താവന അപഹാസ്യവും വാസ്തവവിരുദ്ധവുമാണെന്നും രേഖകള്‍ വ്യാജമാണെന്നും മീഡിയ കമ്മീഷന് പ്രസ്താവിച്ചു. ഇതുവഴി മാര്‍പ്പാപ്പ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററെ മീഡിയാ കമ്മീഷന് അവഹേളിക്കുകയാണെന്ന് അതിരൂപതയിലെ സുതാര്യതക്ക് വേണ്ടി വാദിക്കുന്ന, ഔദ്യോഗിക പക്ഷമായ എഎംടി പ്രസ്താവിച്ചു.
അതിനിടെ, സഭാ വിശ്വാസികള്‍ എന്ന പേരില്‍ ചിലര്‍ എറണാകുളത്ത് നടത്തിയ പത്രസമ്മേളനം സഭയുടെ അറിവോ സമ്മതമോ ഇല്ലാത്തതും അനൗദ്യോഗികവുമാണെന്ന് എറണാകുളം അതിരൂപതാ വക്താവ് ഫാ. പോള്‍ കരേടന് പറഞ്ഞു.
റിമാന്‍ഡില്‍ കഴിയുന്ന കോന്തുരുത്ത് സ്വദേശി ആദിത്യയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചവരെ, കാക്കനാട് ഒന്നാം ക്ലാസ് ജുഡീല് മജിസ്ട്രേറ്റ് കോടതി ആദിത്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: