കോട്ടയം: യോഗയും ധ്യാനവും ജീവിതചര്യയുടെ ഭാഗമാക്കുന്നതിനുള്ള സമഗ്രപദ്ധതിയുമായി നായര്‍ സര്‍വീസ് സൊസൈറ്റി. ആധുനിക ജീവിതത്തില്‍, ആത്മീയ ആരോഗ്യത്തിന്റെ അഭാവം ശാരീരിക-മാനസിക അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുവെന്ന ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തിന്റെ കണ്ടെത്തലാണ് പ്രത്യേക പദ്ധതി ആവിഷ്കരിക്കാന്‍ എന്‍എസ്എസ്സിനെ പ്രേരിപ്പിച്ചത്.
സംഘര്‍ഷഭരിതമായ ഈ കാലത്ത് ആത്മീയ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ യോഗയും, ധ്യാനവും, പ്രാര്‍ത്ഥനയും ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതുണ്ടെന്ന് സര്‍വീസ് വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലൂടെ എന്‍എസ്എസ് നേതൃത്വം അഭിപ്രായപ്പെടുന്നു.
ശാരീരിക ക്ഷമതയും മാനസിക ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനായി കരയോഗങ്ങള്‍ കേന്ദ്രമാക്കി യോഗ പരിശീലനക്ലാസ്സുകള്‍ ആരംഭിക്കും.
ഇതിന്റെ ആദ്യപടിയായി യോഗ പരിശീലനത്തിനുള്ള അദ്ധ്യാപകരെ സജ്ജരാക്കുന്ന പരിശീലനപരിപാടി പൊന്‍കുന്നത്ത് ആരംഭിച്ചു. ആറുമാസത്തെ യോഗ അദ്ധ്യാപക പഠനക്ലാസ്സ് പൊന്‍കുന്നം താലൂക്ക് യൂണിയനിലാണ് ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വിദഗ്ധപരിശീലനം നേടുന്നവരെ എല്ലാ കരയോഗങ്ങളിലും യോഗയും, ധ്യാനവും പരിശീലിപ്പിക്കുവാന്‍ നിയോഗിക്കുവാനാണ് എന്‍എസ്എസ് തീരുമാനം.
ജീവിതത്തെക്കുറിച്ച് പ്രസന്നമായ കാഴ്ചപ്പാടും, ശുഭാപ്തിവിശ്വാസവും, നിശ്ചയദാര്‍ഢ്യവും നിലനിര്‍ത്തുവാനും, ആരോഗ്യകരമായ ജീവിതം നയിക്കുവാനും യോഗയും, ധ്യാനവും ജീവിതക്രമത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്നും സര്‍വീസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: