തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോരുന്നത് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘത്തിന്റെ അന്വേഷണത്തെ തകിടം മറിക്കുന്നു. പ്രതികളെ പിടികൂടുന്നതിനും അന്വേഷണത്തിനും തടസ്സം നേരിടുന്നു.
ഡിആര്‍ഐ തെരയുന്ന തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി മലപ്പുറം സ്വദേശിയായ ഹക്കിമിന് ബാംഗ്ലൂര്‍, മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികളുമായി അടുത്ത ബന്ധമുണ്ട്. ഇവരുടെ കേന്ദ്രങ്ങളെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചെങ്കിലും അവിടെ പോയി അന്വേഷണം നടത്തണമെങ്കില്‍ പോലീസിന്റെ സഹായം വേണം. വിവരം ചോരുമെന്നതിനാല്‍ അന്വേഷണത്തെ ഇത് കാര്യമായി ബാധിക്കും. അതിനാല്‍ സമയമെടുത്ത് അന്വേഷണം നടത്തുന്ന രീതിയാണ് ഡിആര്‍ഐ ഇപ്പോള്‍ അവലംബിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെല്ലാം സമൂഹത്തില്‍ ഉന്നത നിലവാരത്തിലുള്ളവരും വന്‍കിട വ്യാപാരികളുമാണ്. ഇവര്‍ക്ക് രാഷ്ട്രീയ സ്വാധീനത്തേക്കാള്‍ ഉദ്യോഗസ്ഥ തലത്തിലെ ബന്ധം വളരെ വലുതാണ്. ഇവരുടെ ശുപാര്‍ശയ്ക്ക് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയമിക്കുന്നതും മറ്റുള്ളവരെ സ്ഥലം മാറ്റുന്നതും. നിയമനത്തിന് സഹായിച്ചവരെ തിരികെ സഹായിച്ചതോടെയാണ് തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്ത് വ്യാപകമായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലം മാറ്റം അര്‍ഹതപ്പെട്ട തരത്തിലാണോ എന്നും ഡിആര്‍ഐ സംഘം പരിശോധിക്കുന്നുണ്ട്.
പ്രതികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം . ഇത് പ്രതികളെ പിടികൂടുന്നതിനും തടസ്സമായിട്ടുണ്ട്. ഒളിത്താവളങ്ങളില്‍ ഡിആര്‍ഐ സംഘം എത്തുമ്പോള്‍ പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇതു തുടരുകയാണ്. മൊബൈല്‍ ഫോണ്‍വരെ പ്രതികള്‍ മാറ്റിക്കഴിഞ്ഞു.
ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്ത കഴക്കൂട്ടം സ്വദേശി സെറീന, ഒളിവിലുള്ള മുഖ്യപ്രതി അഡ്വ.ബിജുമോഹന്റെ സംഘത്തെ കൂടാതെ മറ്റ് പല സംഘങ്ങളുടെയും കാരിയരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സെറീനയുടെ ബന്ധുക്കള്‍ വിദേശത്തുണ്ട്. മകള്‍ പഠിക്കുന്നതും വിദേശത്താണ്. ഇതിന്റെ മറവില്‍ വിദേശത്തേക്ക് യാത്ര ചെയ്താണ് കള്ളക്കടത്ത് നടത്തുന്നത്.
ഒരു കിലോ സ്വര്‍ണ്ണം കടത്തുമ്പോള്‍ മൂന്ന് ലക്ഷം രൂപവരെ ലഭിക്കുന്നുണ്ട്. നിരവധി തവണ വിവിധ സംഘങ്ങളുടെ കാരിയര്‍മാരായി സെറീന പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അറിയുന്നു. മറ്റ് സ്ത്രീകളെയും കടത്ത് സംഘത്തിലെ കണ്ണികളാക്കി. പലരെയും തൊഴില്‍ വിസ നല്കി വിദേശത്ത് കൊണ്ടുപോയ ശേഷം തിരികെ കാരിയര്‍മാരാക്കുകയാണ് പതിവ്. സെറീനയെക്കൂടാതെ ഡിആര്‍ഐ അറസ്റ്റ് ചെയ്ത കണ്ടക്ടര്‍ സുനില്‍കുമാര്‍, ബിജു മോഹന്റെ ഭാര്യ സവിത എന്നിവര്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: