ഇടുക്കി: ചിന്നക്കനാല്‍ വില്ലേജില്‍പ്പെട്ട 70 ഏക്കറില്‍ വ്യാജ രേഖ ചമച്ച് മുബൈ കമ്പനി സ്ഥലം കൈവശപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൈയേറ്റം വിവാദമായതോടെ സബ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും സമാനമായ നിരവധി തട്ടിപ്പുകള്‍ കണ്ടെത്തുകയുമായിരുന്നു. ഇതില്‍ പലതും മുമ്പ് വാര്‍ത്തയായിട്ടുണ്ടെങ്കിലും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇത് കണ്ടില്ലെന്ന് നടിച്ചു.
ചിന്നക്കനാലില്‍ റീസര്‍വ്വെ ഫെയര്‍ ലാന്ഡ്് രജിസ്റ്റര്‍ പ്രകാരം ആദ്യം പട്ടയം അനുവദിച്ച അതേ നമ്പറില്‍ 1993ലെ ഭൂമി പതിവ് ചട്ടപ്രകാരം വീണ്ടും പട്ടയങ്ങള്‍ നല്‍കിയതായി കണ്ടെത്തി. ഔസേഫ് തോമ, ഡേവിഡ് ഫ്രാന്‍സിസ്, അബ്രഹാം ജോസഫ്, ജോണ്‍ തൊമ്മി, ദേവസ്യ ഐപ്പ് എന്നിവര്‍ക്കാണ് കൃത്രിമ രേഖ ചമച്ച് പട്ടയങ്ങള്‍ നല്‍കിയത്. പട്ടയ ഫയലില്‍ തിരുത്തല്‍ വരുത്തിയാണ് ഇത്തരം കൈമാറ്റങ്ങള്‍ നടത്തിയത്. പട്ടയങ്ങളില്‍ ഉപാധിരഹിത മുദ്ര പതിക്കുന്നതിലും ഫയലുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നതിലും ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ട്. കരമടവ് പുനഃസ്ഥാപിക്കല്‍, നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ എന്നിവയിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്.
മോണ്ട്ഫോര്ട്ട് സ്കൂളിനെതിരെ ക്രിമിനല്‍ കേസെടുക്കണം
ചിന്നക്കനാല്‍ താവളത്തില്‍ സ്ഥിതി ചെയ്യുന്ന മോണ്ട് ഫോര്‍ട്ട് സ്കൂള്‍ അധികൃതര്‍ അനധികൃതമായി 7.56 ഏക്കര്‍ ഭൂമിയാണ് കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി അടിയന്തരമായി ഏറ്റെടുക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാരെ ചുമതലപ്പെടുത്തുന്നതിനൊപ്പം ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സബ് കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന ഭൂമിയുടേതെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ കാണിക്കുന്നത് മറ്റൊരു സ്ഥലത്തിന്റെ രേഖകളാണ്. പട്ടയ പ്രകാരമുള്ള ഭൂമിയല്ലാത്തതിനാല്‍ വ്യാജ രേഖ ചമച്ച് രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 597/ 07 238/09 എന്നിവ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളൂക്കുന്നില്‍ കുടുംബം വക 127 ഹെക്ടര്‍
പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് കൈയേറ്റത്തിന് ശ്രമിച്ച വെള്ളൂക്കുന്നില്‍ കുടുംബം മാത്രം ചിന്നക്കനാല്‍ വില്ലേജ് പരിധിയില്‍ കൈവശം വെച്ചിരിക്കുന്നത് വന്‍തോതിലുള്ള ഭൂമിയാണെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. വില്ലേജിലെ തണ്ടപ്പേര് പരിശോധിച്ചതില്‍ ഒരേ മേല്‍വിലാസത്തില്‍ മാത്രം വലിയ തോതില്‍ ഭൂമി കൈമാറിയിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, എവര്‍ഗ്രീന്‍, ഷണ്മുഖവിലാസം, ലേക്ക് വ്യൂ/ ലേക്ക് വ്യൂ എസ്റ്റേറ്റ്, ഹില്‍ വ്യൂ/ ഹില്‍ വ്യൂ എസ്റ്റേറ്റ്, മേരിലാന്റ് എസ്റ്റേറ്റ്, റോക്ക് ലാന്റ് എസ്റ്റേറ്റ്, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ ലാന്റ് എസ്റ്റേറ്റ് എന്നിവയുടെ പേരിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. പരിശോധനയില്‍ ഇവയെല്ലാം വെള്ളൂക്കുന്നേല്‍ എന്ന കുടുംബവുമായി ബന്ധപ്പെട്ടതാണെന്നും ഒരേ വിലാസത്തില്‍ തന്നെ ഇതര സംസ്ഥാനക്കാരുടെ പേരിലും തണ്ടപ്പേര് നല്‍കിയതായും കണ്ടെത്തി. 113 തണ്ടപ്പേരിലായി 127 ഹെക്ടറോളം ഭൂമി വിവിധ കാലയളിവിലായി വെള്ളൂക്കുന്നില്‍ കുടുംബത്തിന്റെ കരം തീരുവയായി കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ മുമ്പ് കേസെടുത്തെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കര്‍ശന പരിശോധന വേണം. ഇതിനായി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപടി ഉണ്ടാകുമോ?
ചിന്നക്കനാല്‍ വില്ലേജില്‍ കൃത്യമായ സ്കെച്ച് തയ്യാറാക്കാതെ നല്കിയ പട്ടയങ്ങളാണ് ഇവിടുെത്ത കൈയേറ്റങ്ങള്‍ക്ക് മൂല കാരണം. വലിയ തോതില്‍ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ ഭൂമി പതിവ് നിയമ പ്രകാരം അനുവദിച്ചിട്ടുള്ള എല്ലാ പട്ടയങ്ങളുടെയും കൃത്യമായ പരിശോധന ആവശ്യമാണെന്നും സബ് കളക്ടര്‍ 40 പേജുള്ള റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഈ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചെങ്കിലും നിര്‍ദ്ദേശ പ്രകാരം 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നതാണ് ഇനി കാണേണ്ടത്. മുമ്പും ഇത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും വന്നെങ്കിലും ഇവയെല്ലാം ഇന്നും ഫയലില്‍ ഉറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: