തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുടെ (റീബില്‍ഡ് കേരള ഡവലപ്‌മെന്റ് പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു.36,706 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് ആവശ്യമായിട്ടുള്ളത്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തന പദ്ധതിയാണ് അംഗീകരിച്ചത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആള്‍ നാശം തീരെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം കരട് രേഖയിലുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കും. ജലസംഭരണികളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്റ് സെന്റര്‍ സ്ഥാപിക്കും.
ജലവിതരണം മെച്ചപ്പെടുത്തല്‍, ശുചീകരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തല്‍, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിര്‍മ്മിക്കല്‍, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ എന്നിവയെല്ലാം പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിച്ചിട്ടുണ്ട്. ലൈഫ് മിഷനു കീഴില്‍ സര്‍ക്കാര്‍ സഹായമില്ലാതെ വ്യക്തികള്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കാനും തീരുമാനിച്ചു.
















