ചരിത്ര നിര്‍മിതിയുടെ വലിയൊരു ദുരന്തം. പിന്നീട് അതു പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള കൗതുകം. കഴിഞ്ഞ മാസം കത്തിയമര്‍ന്ന, ലോക പ്രശസ്ത നോത്ര ദാം കത്തീഡ്രലിന്റെ മേല്‍ഭാഗങ്ങളും മറ്റും എത്രയും വേഗം അതുപോലെ തന്നെ കൂടുതല്‍ സുരക്ഷിതമായി നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ലോകത്തിലെ പ്രധാന നിര്‍മാണ വിദഗ്ധരില്‍നിന്നും ഫ്രഞ്ച് സര്‍ക്കാര്‍ ഡിസൈന്‍ ക്ഷണിച്ചിരുന്നു. ഒരര്‍ഥത്തില്‍ ആഗോള മത്സരാധിഷ്ഠിത പ്ളാനുകളാണ് ക്ഷണിച്ചിരുന്നത്.
ലോക പ്രശസ്തമായ നിരവധി നിര്‍മാണ കമ്പനികള്‍ അവരുടെ പദ്ധതികള്‍ ഫ്രഞ്ചു സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 12ാം നൂറ്റാണ്ടിലെ ഗോഥിക് മാതൃകയിലാണ് കത്തീഡ്രലിന്റെ നിര്‍മാണം. പാരീസിലെ തന്നെ ഒരു കമ്പനി തികച്ചും പാരിസ്ഥിതിക സൗഹാര്‍ദപരമായ ഒരു ഗ്ളാസ് സോളാര്‍ മേല്‍ക്കൂര കത്തീഡ്രലിനുവേണ്ടി നിര്‍മിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. പച്ചക്കറികളും ഫലമൂലാധികളും വിളയുന്ന നല്ലൊരു തോട്ടവും കൂടി ഇവര്‍ ഇതിനകത്ത് ഡിസൈന്‍ ചെയ്യുന്നുണ്ട്.വര്‍ഷത്തില്‍ 21 ടണ്ണോളം പച്ചക്കറികളും മധുര ഫലങ്ങളും ഇൗ തോട്ടത്തില്‍നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും ഈ കമ്പനി അവകാശപ്പെടുന്നു.
ഈ പദ്ധതിയുടെ പേര് പാലഞ്ജനസിസ് എന്നാണ്. ഗ്രീക്കുഭാഷയില്‍ ഇതിനെ പുനര്‍ജന്മമെന്നോ പുതു തലമുറയെന്നോ അര്‍ഥം പറയാം. ഗ്ളാസും ഓക്കും കാര്‍ബണ്‍ ഫൈബറുമായുള്ള മേല്ക്കൂരയില്നിന്നും സോളാര്‍ എനര്‍ജിയിലേക്കു പരിവര്‍ത്തിപ്പിക്കാം എന്നത് വലിയ സവിശേഷതയാണ്. ഇതില്‍നിന്നും കത്തീഡ്രലിന് ആവശ്യമുള്ള വൈദ്യുതിയും ലഭിക്കും.
മറ്റൊരു നിര്‍മാണ കമ്പനി പറയുന്നത് ഒരു ഹരിതഗ്രഹം തന്നെ മേല്‍ക്കൂരയില്‍ നിര്‍മിക്കാമെന്നാണ്. ഇതു പക്ഷേ, പൊതുജനങ്ങള്‍ക്കുള്ള ഉപയോഗത്തിനല്ല മറിച്ച് പ്രാണികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വേണ്ടിയാണ്. 2013 മുതല്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം തേനീച്ചകള്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ ജീവിച്ചുവരികയായിരുന്നു. അതിശയമെന്നു പറയട്ടെ വന്‍ അഗ്നിയില്‍നിന്നും അവ രക്ഷപെടുകയായിരുന്നു. ഇവയ്ക്കുകൂടി ആവാസം നല്‍കും വിധമാണ് നിര്‍മാണമെന്നാണ് കമ്പനിയുടെ അവകാശവാദം.
മറ്റൊരു പദ്ധതി നീലനിറത്തിലുള്ള ടൈല്‍ പതിക്കുക എന്നതാണ്. കടലില്‍നിന്നും പ്രത്യേക രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരുതരം പ്ളാസ്റ്റിക്കുകൊണ്ടാണ് ഇതിന്റെ നിര്‍മിതി. അനേകം മരങ്ങള്മുറിച്ചുണ്ടാക്കുന്ന തടികള്ക്കുപകരം ഇതാകുന്നത് കൂടുതല്‍ സുരക്ഷിതമെന്ന് ആ കമ്പനി പറയുന്നു.
മധ്യകാല ചരിത്രം പഠിപ്പിക്കുന്ന പ്രശസ്തനായ ഒരു പ്രൊഫസറുടെ അഭിപ്രായത്തില്‍ കത്തിയത് പുനര്‍നിര്‍മിക്കാന്‍ 40 വര്‍ഷം വേണ്ടിവരുമെന്നാണ്. അത്രയ്ക്കു വേഗത്തിലാണെങ്കില്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: