കൊച്ചി: പിവിഎസ് മെമ്മോറിയല്‍ ആശുപത്രി ജീവനക്കാരുടെ അനിശ്ചിതകാല സമരം തൊഴില്‍ വകുപ്പ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. 2018 ആഗസ്റ്റു മുതല്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജീവനക്കാര്‍ കുത്തിയിരുപ്പു സമരത്തിലായിരുന്നു. എറണാകുളം റീജ്യണല്‍ ജോയന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്.
2019 ഏപ്രില്‍ 30നും അതിനു മുമ്പും സ്ഥാപനത്തില്‍ നിന്നു പോയ എല്ലാ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. 2018 ആഗസ്റ്റ് മുതല്‍ നേഴ്‌സിങ് ഇതര ജീവനക്കാര്‍ക്കും 2019 ജനുവരി മുതല്‍ നേഴ്‌സിങ് ജീവനക്കാര്‍ക്കും ശമ്പളക്കുടിശ്ശികയുള്ളതില്‍ ഏപ്രില്‍ 30ന് സ്ഥാപനത്തില്‍ നിന്ന് പോയ ജീവനക്കാര്‍ക്കും നിലവില്‍ തുടരുന്നവര്‍ക്കും തൊഴില്‍ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങള്‍ നല്‍കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചു.
നിലവിലുള്ള വേതന കുടിശ്ശികയുടെ ആദ്യ ഗഡുവായി ഒരു മാസത്തെ വേതന കുടിശ്ശികയായ ഒരു കോടി രൂപ മെയ് 24നും രണ്ടാം ഗഡു ജൂണ്‍ 10നും നല്‍കും. സ്ഥാപനത്തില്‍ നിന്നും പോയ ജീവനക്കാരുടെ എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും നിലവില്‍ സ്ഥാപനത്തിലുള്ള ജീവനക്കാര്‍ക്ക് നല്‍കാനുള്ള വേതനക്കുടിശ്ശികയും ആഗസ്റ്റ് 20നുള്ളില്‍ നല്‍കും. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറുക.
പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ പി.വി. മിനി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.വി.അഭിഷേക്, പി.വി.നിധീഷ്, അഡ്വ. ലളിത എന്നിവര്‍ തൊഴിലുടമയെ പ്രതിനിധീകരിച്ചും യു.എന്‍.എ. പ്രതിനിധികളായ എം എം ഹാരിസ്, എസ്.രാജന്‍, ടി.ഡി.ലീന, ലീസമ്മ ജോസഫ്, എസ്.വൈശാഖന്‍, ഫെലിന്‍ കുര്യന്‍, എം.വി.ലൂസി തുടങ്ങിയവര്‍ തൊഴിലാളികളെ പ്രതിനിധികരിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തു.
















