കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഭിന്നതകള്‍ക്ക് പരിഹാരമായി പി.ജെ. ജോസഫ് മുന്നോട്ടുവച്ച ഫോര്‍മുല ജോസ് കെ. മാണി തള്ളി. ഇതോടെ പാര്‍ട്ടിയിലെ അധികാര വടംവലി രൂക്ഷമായി.സി.എഫ്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, പി.ജെ. ജോസഫ് ചെയര്മാന്, ജോസ് കെ. മാണി വര്‍ക്കിങ് ചെയര്മാന് എന്ന സമവായ പദ്ധതിയാണ് ജോസഫ് വിഭാഗം മുന്നോട്ടുവച്ചത്. എന്നാല്‍, ഇത് തള്ളിയ ജോസ് കെ. മാണി പിതാവിന്റെ പിന്തുടര്ച്ചയായി ചെയര്മാന് സ്ഥാനം ലഭിക്കണമെന്ന നിലപാട് കടുപ്പിച്ചു.
പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന മാണിവിഭാഗത്തിന്റെ ആവശ്യം തള്ളിയ ജോസഫ്, സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. ഇരുവിഭാഗങ്ങളും വിട്ടുവിഴ്ച ചെയ്യാത്തപക്ഷം കോണ്‍ഗ്രസും മുസ്ലിംലീഗും മധ്യസ്ഥരായി എത്തിയേക്കും.
ജോസഫിന് ചെയര്‍മാനായി ചുമതല നല്കിയതു ചോദ്യം ചെയ്ത് കൊല്ലത്തെ ഒരു ഭാരവാഹി നല്കിയ കേസ് 28ന് കോടതി പരിഗണിക്കും. ജോസ് കെ. മാണി വിഭാഗത്തിന്റെ ഈ നീക്കം ജോസഫിന് ഗുണപ്രദമായി. കോടതി വ്യവഹാരങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കാനാകും.
ജോസഫിന്റെ നിലപാടിന് അനുകൂലമാണ് സി.എഫ്. തോമസ് എംഎല്‍എ, ജോയ് എബ്രഹാം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍. ഉത്തരകേരളത്തിലെ ജില്ലാ ഭാരവാഹകളുമായി ജോസഫ് നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. സ്വന്തം പക്ഷത്ത് നേതാക്കളെ ഉറപ്പിച്ചു നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇരുപക്ഷവും പ്രയോഗിക്കുന്നത്. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന കെ.എം. മാണി അനുസ്മരണ സമ്മേളനം പോലും ഇവരുടെ ആള്‍ശേഷി പ്രകടിപ്പിക്കുന്നതായി മാറി. മാണി വിഭാഗത്തിന് സമ്പൂര്‍ണ മേധാവിത്വമുള്ള കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജോസ് കെ. മാണിയുടെ ശക്തി തെളിക്കാനുള്ള വേദികൂടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: