കത്തുന്ന ചൂടില്‍നിന്ന് തണുത്തുവിറയ്ക്കുന്ന അന്തരീക്ഷത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിയാന്‍ ഇനി അധികം നാളില്ല. ഒരു മഴയ്ക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചവരും മറ്റും ഇനി മഴയെ ശപിക്കുന്ന നിലയിലേക്കെത്തും. അതിനൊപ്പം പല തരത്തിലുള്ള ദുരിതവും കഷ്ടപ്പാടുമാണ് വരാനിരിക്കുന്നത്. ഇത് ഒരു വര്‍ഷത്തെമാത്രം പ്രശ്നമല്ല. എല്ലാ കൊല്ലവും ഇങ്ങനെ തന്നെ.
എന്നാല്‍ ഫലപ്രദമായി ഇതൊക്കെ കൈകാര്യം ചെയ്യുന്ന കാര്യത്തിലാണ് പൊതുവെ അലംഭാവം. അവസാന മണിക്കൂറിലേക്ക് എല്ലാം നീക്കിവെക്കാനുള്ള താല്‍പ്പര്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. കൃത്യമായ ബോധവല്‍ക്കരണം, തുടര്‍ നടപടികള്‍ തുടങ്ങിയവയില്‍ എന്നും പിന്നിലാണ് സംവിധാനങ്ങള്‍. ശുചീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും മുന്തിയ പരിഗണന നല്‍കിക്കൊണ്ട് പ്രവര്‍ത്തനപദ്ധതികള്‍ ഉണ്ടാവുന്നില്ല എന്നതത്രേ സങ്കടകരം. അഥവാ അങ്ങനെയെന്തെങ്കിലും ചെയ്താല്‍ തന്നെ പൂര്‍ണമായ തലത്തില്‍ നടപ്പാവുന്നുമില്ല.
നഗരങ്ങളില്‍ ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും വാരി ഒഴിവാക്കുന്ന മാലിന്യങ്ങള്‍ റോഡിനോരത്തുതന്നെ കൂട്ടിവെക്കുന്നു. ഒറ്റ മഴയ്ക്ക് ഇതെല്ലാം അഴുക്കുചാലിലേക്ക് തന്നെ ഒലിച്ചിറങ്ങുന്നു. ഫലമോ വെള്ളക്കെട്ടും പകര്‍ച്ചവ്യാധികളും. പ്രശ്നങ്ങള്‍ക്കെതിരെയുള്ള മുന്നൊരുക്കം എന്ന നിലയില്‍ സമിതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളൊക്കെ ഊര്‍ജിതമായി നടക്കും. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ യുക്തിസഹമായ നിര്‍മ്മാര്‍ജനമാണ് വേണ്ടത്. വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയര്‍ത്തുന്നത്. പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ അധികൃതര്‍ കാലാകാലം നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കാറുണ്ടെങ്കിലും യഥേഷ്ടം അതൊക്കെ കടകളില്‍നിന്ന് നല്‍കുന്നുണ്ട്. ചെറിയ പിഴ നല്കിയാല് ഇതൊന്നും ഒരു പ്രശ്നമല്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. അഴുക്കുചാലുകളില്‍ സുഗമമായി വെള്ളം ഒഴുകാത്തതിന്റെ പ്രധാനകാരണം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പകര്‍ച്ചവ്യാധികളുടെ കാലമായി കാലവര്‍ഷം മാറുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.
സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചാലും ജനങ്ങള്‍ക്ക് വേണ്ടത്ര അവബോധമില്ലെങ്കില്‍ എല്ലാ ജലരേഖയായി മാറുന്ന സ്ഥിതിയുണ്ടാവും. വൃത്തിയിലും വെടിപ്പിലും ഒന്നാം സ്ഥാനത്താണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ നിന്നാണ് മാരകമായ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ളതെന്നത് എടുത്തു പറയേണ്ടതാണ്. കഴിഞ്ഞവര്‍ഷം ‘നിപ്പ’യെന്ന ഭീകരരോഗം കോഴിക്കോട് ജില്ലയില്‍ മരണം വിതച്ചു. ഇതിന്റെയൊക്കെ പിന്നില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മുടെ പരിസ്ഥിതിശുദ്ധിയുടെ അഭാവവുമുണ്ട്. അശ്രദ്ധയും അവഗണനയും പരകോടിയില്‍ എത്തുമ്പോള്‍ രോഗങ്ങള്‍ വാപൊളിച്ചെത്തുമെന്നത് വസ്തുതയാണ്.
മഴക്കാല പൂര്‍വശുചീകരണവും പ്രതിരോധ നടപടികളും ജനകീയാവബോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി മുന്നോട്ടുപോയാല്‍ ഇതിനൊക്കെ അറുതിവരുത്താം. അതുവഴി അനാവശ്യമായ സാമ്പത്തിക നഷ്ടവും ജീവഹാനിയും ഒഴിവാക്കാം. ഓരോരുത്തരും കാവല്‍ക്കാരായി മാറുകയും ഭരണകൂടം പൂര്‍ണസഹകരണത്തോടെ രംഗത്തിറങ്ങുകയും ചെയ്താല്‍ സുന്ദരകേരളം സുരക്ഷിതകേരളം എന്ന മുദ്രാവാക്യം സാര്‍ത്ഥകമാകും. ഇപ്പോള്‍ കണക്കുകൊണ്ടുള്ള കളിയാണ്. ഫണ്ടുകള്‍ പലവഴിക്കു പോകുന്നു. അതിനും നിയന്ത്രണവും നിരീക്ഷണവും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: