മുംബൈ : മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. തിങ്കളാഴ്ച ആദ്യ വ്യാപാരത്തില്‍ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 912.12 പോയിന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 286.95 പോയിന്റിലാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് ഇന്നലത്തെ വ്യാപാരത്തില്‍ ഏറ്റവും ലാഭം നേടിയത്. 3.49 മുതല്‍ 4.60 ശതമാനത്തിന്റെ വ്യാപാരമാണ് ഈ കമ്പനികളില്‍ നിന്നും ഉണ്ടായത്.
ബാങ്കിങ്, സേവനങ്ങള്‍, വാഹന വിപണി, ലോഹ വ്യാപാരം എന്നീ മേഖലകളിലാണ് ഓഹരി വിപണിയില്‍ കൂടുതല്‍ ക്രയവിക്രയം നടക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരും മെച്ചപ്പെട്ട പ്രകടനത്തിലാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഓഹരി വിപണയിലെ കുതിച്ചുചാട്ടം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്ഥിരതയുള്ള സര്‍ക്കാര്‍ സെന്‍സെക്സിന് ഏറെ സഹായകമാകും എന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: