പതിനേഴാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോള്‍ സര്‍വേഫലങ്ങള്‍ ഇന്നലെ പുറത്തുവന്നപ്പോള്‍ നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ തുടരുമെന്നതിന്റെ സൂചനകളാണുണ്ടായത്. ടൈംസ് നൗ വിഎംആര്‍ എക്സിറ്റ് പോള്‍ ഫലമനുസരിച്ച് എന്‍ഡിഎയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവര്‍ 104 സീറ്റുകളും സ്വന്തമാക്കുമെന്നു ടൈംസ് നൗ പ്രവചനം. റിപ്പബ്ലിക് സീവോട്ടര്‍ സര്‍വേഫല പ്രകാരം എന്‍ഡിഎ 287 സീറ്റുകള്‍ സ്വന്തമാക്കും. യുപിഎ 129ഉം മറ്റുള്ളവര്‍ 127ഉം സീറ്റുകള്‍ സ്വന്തമാക്കുമെന്നുമാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ – ആക്സിസ് സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 മുതല്‍ 16 വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റുവരെയും ലഭിച്ചേക്കാം. എന്‍ഡിഎ തിരുവനന്തപുരത്ത് വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്. കേരളത്തില്‍ നല്ല രീതിയില്‍ വോട്ടുനില വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ ഒരു കാരണവശാലും ബിജെപി ജയിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നാണ് സിപിഎമ്മും മുഖ്യമന്ത്രിയും വാശിയോടെ പറഞ്ഞുകൊണ്ടിരുന്നത്. അത് എത്രത്തോളം ശരിയാകുമെന്ന് 23ന് അറിയാം. പക്ഷേ ദയനീയമാകുന്നത് സിപിഎമ്മാകുമെന്ന് തീര്‍ച്ചയായും പറയാം.
നരേന്ദ്രമോദി മെയ് 23 വരെ മാത്രമേ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ എന്ന് പ്രതീക്ഷിച്ചവരുണ്ട്. പ്രവചിച്ചവരും നിരവധിയാണ്. അവര്‍ക്കെല്ലാം കനത്ത ദുഃഖം നല്‍കുന്നതാണ് എക്സിറ്റ് പോള്‍ പ്രവചനം. പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് പറ്റിയ കൈത്തെറ്റാണ് എന്‍ഡിഎ നേടിയ വിജയമെന്ന് പലരും വിലയിരുത്തിയിരുന്നു. അഞ്ച് വര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ആഘോഷപൂര്‍വ്വം, ഉത്സാഹപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ കെടുതികള്‍ മാത്രമാണുണ്ടാക്കിയത്. പട്ടിണിമാറ്റാനോ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനോ അഭ്യസ്ഥവിദ്യര്‍ക്ക് പണി ലഭ്യമാക്കാനോ കോണ്‍ഗ്രസിനായിട്ടില്ല. പട്ടിണിക്കാരും പണക്കാരും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കാനേ അവര്‍ക്കായുള്ളൂ. എന്നാല്‍ 60 മാസം മാത്രം എന്‍ഡിഎ ഭരിച്ചപ്പോള്‍ കാതലായ മാറ്റം എല്ലാം മേഖലയിലും പ്രകടനമായി.
കള്ളപ്പണക്കാരെ പിടികൂടാനും കോടികള്‍ വായ്പകളെടുത്ത് മുങ്ങുന്നവരുടെ കൂച്ചിന് പിടിച്ച് കൂട്ടിലിടാനും ധൈര്യപ്പെട്ട ഭരണത്തെ നല്‍കിയത് നരേന്ദ്രമോദിയാണ്. അഴിമതിയായിരുന്നു രാജ്യത്തെ അര്‍ബുദംപോലെ അലോരസപ്പെടുത്തിയത്. അഞ്ചുവര്‍ഷം മുമ്പ് അഴിമതിയുടെ അഴിഞ്ഞാട്ടമായിരുന്നു. എട്ട് ലക്ഷം കോടിയിലധികം വരുന്ന പൊതു പണം പോക്കറ്റിലാക്കുന്ന കഥകളും ദൃശ്യങ്ങളുമാണ് യുപിഎ ഭരണത്തില്‍ കണ്ടത്. നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരെപ്പോലെ പെരുമാറി. പ്രധാനമന്ത്രിയുടെ ഓഫീസുപോലും ആരോപണവിധേയമായി. നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം നടത്തിയ പ്രസ്താവന അഴിമതി തുടച്ചുനീക്കുമെന്നാണ്. ‘ഞാനായിട്ട് ഒരു പൈസപോലും വ്യക്തിപരമായി എടുക്കില്ല. മറ്റാരെയും എടുക്കാനും വിടില്ല’ എന്ന് പറഞ്ഞ മോദി അക്ഷരംപ്രതി അത് പാലിച്ചു. മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരായി ഒരു ആരോപണവും ഉയര്‍ന്നില്ല. ഇതൊക്കെ ജനങ്ങള്‍ വിലയിരുത്തിത്തനെയാണ് പോളിംഗ് ബൂത്തിലേയ്ക്ക് പോയത്. ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന ആക്ഷേപത്തിനും ജനങ്ങള്‍ മറുപടി നല്കിയിരിക്കുന്നു. ഇന്നലെ വൈകിട്ട് പുറത്തുവന്ന പ്രധാനപ്പെട്ട എട്ട് എക്സിറ്റ് പോളുകളില്‍ അഞ്ചും പ്രവചിച്ചത് 300ല്‍ അധികം സീറ്റ് എന്‍ഡിഎ നേടുമെന്നാണ്. ബാക്കിയുള്ളവയും എന്‍ഡിഎക്ക് ഭൂരിപക്ഷം നല്‍കുന്നുണ്ട്. കേരളത്തിലും നേട്ടം പ്രവചിപ്പിക്കുന്നു. ഇതപ്പടി ശരിയാകണമെന്നില്ല. എന്നിരുന്നാലും നരേന്ദ്രമോദി തന്നെയാകും പ്രധാനമന്ത്രി എന്നത് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: