വരന്തരപ്പിള്ളി (തൃശൂര്‍): ആക്ടിവിസ്റ്റും നക്‌സല്‍ ബന്ധുവുമായ കനകദുര്‍ഗയെ തടയാനെത്തിയതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. ലാത്തിച്ചാര്‍ജില്‍ ബിജെപി ജില്ലാ കമ്മിറ്റിയംഗം സജീവന്‍ അമ്പാടത്തിനും ഒരു പ്രവര്‍ത്തകനും പരിക്കേറ്റു. സംഭവത്തില്‍ പഞ്ചായത്തംഗം അരുണ്‍ മാഞ്ഞൂര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ അറസ്റ്റില്‍.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഹാളില്‍ എഴുത്തുപുര വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ. രണ്ട് പോലീസുകാരുടെ അകമ്പടിയോടെ നന്തിപുലത്ത് ബസ്സില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ സുരക്ഷയുടെ പേരില്‍ 200 മീറ്റര്‍ മാത്രം അകലെയുള്ള വേദിയിലേക്ക് പോലീസ് ജീപ്പിലെത്തിച്ചു. ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ചാലക്കുടി ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു.
കനകദുര്‍ഗയെ ഇവിടെ നിന്ന് പറഞ്ഞയയ്‌ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശിയത്. പരിക്കേറ്റവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ടി.ആര്‍. രമേഷ്, രാഗേഷ്, മനു തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കിയശേഷം പോലീസ് ജീപ്പില്‍ തന്നെയാണ് കനകദുര്‍ഗയെ നന്തിപുലത്തുനിന്ന് മാറ്റിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. നക്‌സല്‍ ബന്ധമുള്ള കനകദുര്‍ഗയെ പോലെയുള്ളവരെയെത്തിച്ച് പോലീസിനെ മറയാക്കി മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് ബിജെപി ആരോപിച്ചു.
















