ആലപ്പുഴ: കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് 2016 നവംബര്‍ ഒന്നിന്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധതട്ടിപ്പായിരുന്നെന്ന് ഇടത് എംഎല്‍എയുടെ സാക്ഷ്യം. കായംകളും എംഎല്‍എ യു. പ്രതിഭയാണ് തന്റെ നിയോജകമണ്ഡലം ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ വെളിയിട വിസര്‍ജന വിമുക്തമായി (ഒഡിഎഫ്) മാറിയെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടത്.
പ്രതിഭയുടെ അവകാശ പ്രകാരമാണെങ്കില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം ഏഴു നിയോജക മണ്ഡലങ്ങളിലും ജനങ്ങള്‍ ഇപ്പോഴും വെളിയിടങ്ങളില്‍ വിസര്‍ജനം നടത്തുന്നു. ഇടതു സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഒഡിഎഫ് പദ്ധതിയെ വാഴ്‌ത്തുമ്പോഴാണ് സിപിഎം ജനപ്രതിനിധി തന്നെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവന്നത്. ഭാരതത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുകയെന്നതാണ് എറ്റവും വലിയ ലക്ഷ്യമെന്നും അതില്‍ തന്റെ സര്‍ക്കാര്‍ മുന്നേറുകയാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും അധിക്ഷേപിക്കാന്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ മുന്നിലായിരുന്നു.
സ്വച്ഛ ഭാരത് പദ്ധതി പ്രകാരം കക്കൂസുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണമുള്‍പ്പെടെ ചെലവിട്ട് 941 ഗ്രാമപഞ്ചായത്തുകളില്‍ 1,74,720 ശുചിമുറികള്‍ നിര്‍മിച്ചായിരുന്നു കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടാനും, ഭാരതത്തിലെ ആദ്യ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കാനും നടത്തിയ പ്രഖ്യാപനം തട്ടിപ്പാണെന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു.
ഗ്രാമപ്രദേശങ്ങളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച ദൗത്യം 2018 മാര്‍ച്ചോടെ നഗരങ്ങളില്‍ കൂടി പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ വര്‍ഷം രണ്ടു പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല. സമ്മേളത്തില്‍ റെയില്‍വേയെ പരിഹസിക്കാനും പിണറായി തയാറായി.
കേരളത്തിലോടുന്ന ട്രെയിനുകളിലെ ശുചിമുറികള്‍ ഇപ്പോള്‍ ഫലത്തില്‍ വെളിയിട വിസര്‍ജന രീതി പോലെ തന്നയാണ്. ഇതുകൂടി അവസാനിപ്പിച്ചാല്‍ മാത്രമേ കേരളത്തിന്റെ നേട്ടം സമ്പൂര്‍ണമാകൂ. ഇതിനായി കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ ട്രെയിനുകള്‍ കേരളത്തിനു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പിണറായി പറഞ്ഞു. എന്നാല്‍ റെയില്‍വെ ഇക്കാര്യത്തില്‍ വളരെയേറെ മുന്നോട്ടുപോയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ പിന്നോട്ടു പോയി.
















