തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സെറീനയെ പിടികൂടുന്നത് എയ്‌റോബ്രിഡ്ജില്‍ നിന്ന്. വിമാനത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ 13ന് രാവിലെ ഒമാനില്‍ നിന്നും ദുബായ് വഴി രാവിലെ ഒമാന്‍ എയര്‍വെയ്‌സിലാണ് കഴക്കൂട്ടം സ്വദേശിയായ സെറീനയും തിരുമല സ്വദേശി സുനില്‍ കുമാറും 25 കിലോ സ്വര്‍ണ്ണവുമായി എത്തുന്നത്. കസ്റ്റംസ് പരിശോധനിയില്‍ ഇരുവരെയും പിടികൂടി എന്നാണ് പുറത്ത് വിട്ട വിവരം. എന്നാല്‍ എയ്‌റോ ബ്രിഡ്ജില്‍ വച്ച് പാസ്‌പോര്‍ട്ട് പരിശോധന നടത്തി ഡിആര്‍ഐ സംഘം സെറീനയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നാണ് സഹായി സുനില്‍കുമാറിനെകൂടി കസ്റ്റഡിയിലെടുത്തത്.
ഡിആര്‍ഐ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുമ്പെല്ലാം സെറീന സ്വര്‍ണ്ണവുമായി എത്തുമ്പോള്‍ വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരുടെ കൈയില്‍ ബാഗ് കൈമാറിയ ശേഷം കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുകയാണ് പതിവ്. ജീവനക്കാര്‍ ബാഗ് പിന്നിട് പുറത്തെത്തിക്കുമായിരുന്നു.
















