കോഴിക്കോട്: തന്നെ ആക്രമിച്ചത് മൂന്നു പേരെന്ന് മുന്‍ സിപിഎം നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സി.ഒ.ടി. നസീറിന്റെ മൊഴി. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനാണ് നസീര്‍ മൊഴി നല്‍കിയത്. ആക്രമിച്ചത് മുന്‍പരിചയമില്ലാത്തവരാണെങ്കിലും അവരെ തിരിച്ചറിയാമെന്ന് മൊഴിയില്‍ പറയുന്നു.
നസീറിന് വെട്ടേറ്റതിനെക്കുറിച്ച് തലശ്ശേരി പൊലീസാണ് അന്വേഷിക്കുന്നത്. തലശേരി കയ്യത്ത് റോഡില്‍ വച്ചാണ് ശനിയാഴ്ച രാത്രി നസീറിന് വെട്ടേറ്റത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഇദ്ദേഹത്തെ ബൈക്കിലെത്തിയ മൂന്നു പേര്‍ ഇടിച്ചുവീഴ്‌ത്തിയ ശേഷം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൈയ്‌ക്കും തലയ്‌ക്കും വയറിനുമാണ് വെട്ടേറ്റത്. തലശ്ശേരി ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ നസീറിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീറിന് ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ല. പി. ജയരാജനെതിരെ വടകരയില്‍ മത്സര രംഗത്ത് വന്നതിനു ശേഷമാണ് നസീര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ രണ്ടു തവണ നസീറിനെതിരെ അക്രമമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും സിപിഎമ്മുകാര്‍ നസീറിനെ ആക്രമിച്ചിട്ടുണ്ട്.
















