മുടിപ്പുര അമ്പലത്തിലെ ശരണം വിളി നിര്‍ത്താന്‍ ഫ്യൂസൂരിച്ച വിജയനും കൊല്‍ക്കത്തയില്‍ ജയ്ശ്രീരാം വിളി നിര്‍ത്താന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച മമതയുമൊക്കെ തുടങ്ങിവെച്ചതിന്റെ തുടര്‍ച്ചയാണ് കമല്‍ഹാസനും സക്കീര്‍ നായിക്കുമൊക്കെ വിളമ്പിക്കൊണ്ടിരിക്കുന്നത്. ഗോഡ്സെയെ ചാരി ഹിന്ദുക്കളാകമാനം തീവ്രവാദികളാണെന്നാണ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് കണ്ടുപിടിച്ചത്.
സക്കീര്നായിക്കിനാണെങ്കില് മോദിയെ ആരെങ്കിലും കസേരയില്‍ നിന്ന് ഇറക്കിവിട്ടാലല്ലാതെ ഇന്ത്യയിലേക്കില്ല എന്ന നിലപാടാണ്. നായിക്കിനെ കാണാതെയും കേള്‍ക്കാതെയും വീര്‍പ്പുമുട്ടിയിരിക്കുന്ന ആട്ടിടയന്മാരുടെ കാര്യമാണ് കഷ്ടം. മോദിയെ ഭയന്ന് മലേഷ്യയിലെങ്ങാണ്ട് പോയി ഒളിച്ചുതാമസിക്കുകയാണ് പാവം വെള്ളരിപ്രാവ്. സക്കീര്നായിക്കിനെപ്പോലുള്ള അതിവിശുദ്ധന്മാരെയൊക്കെ ഇങ്ങനെ പീഡിപ്പിക്കുന്നതല്ലേ കടുത്ത തീവ്രവാദമെന്ന ചോദ്യമാണ് കമല്‍ ഹാസന് ചോദിക്കാനുള്ളത്. അത് കേട്ട് ഹിന്ദുക്കള്‍ വല്ലാതെ വിറളി പിടിക്കേണ്ടതില്ലെന്ന് സാരം.
തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന നിസ്സാരമായ ഒരു മോഹമേ രാമനാഥപുരത്തുകാരന്‍ പാര്‍ത്ഥസാരഥി ശ്രീനിവാസനുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം ഇക്കാലമത്രയും പല വേഷത്തില്‍ അഭിനയിച്ചുതകര്‍ത്ത് ഈ അറുപത്തഞ്ചാം വയസ്സില്‍ മേക്കപ്പ് പോലും തുടയ്ക്കാതെ രാഷ്ട്രീയത്തിലും അഭിനയം തുടരാന്‍ തീരുമാനിച്ചത്. ജയലളിതയും കരുണാനിധിയും കട്ടിലൊഴിയുന്നതും കാത്തിരുന്നതുപോലെയാണ് പുള്ളിക്കാരന്റെ രാഷ്ട്രീയത്തിരൈപ്പുറപ്പാട്. പക്ഷേ തമിഴ് മക്കള്‍ക്ക് കൂടി പിടിക്കണ്ടെ…. അവസാനമിറങ്ങിയ പടങ്ങളെപ്പോലെ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു പാര്‍ട്ടി സമ്മേളനങ്ങള്‍. അപ്പോള്‍പ്പിന്നെ നിലനില്‍ക്കാനുള്ള അടവുനയങ്ങള്‍ പയറ്റുക തന്നെ. അതിന്റെ ഭാഗമാണ് നടന്റെ ഒടുക്കത്തെ കണ്ടെത്തല്‍. ഇതില്‍ കോള്മയിരണിഞ്ഞവരാരാനുമുണ്ടെങ്കില് ആ പാര്‍ട്ടിയെയും നേതാവിനെയും ഒന്നു ഹാരമണിയിക്കാന്‍ ചെല്ലണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് അറുപത്തഞ്ചായിട്ടും ആര്‍ത്തി ചോരാത്ത ആ മറുപടി വീണത്, പ്രധാനമന്ത്രിയാകാനല്ല, തമിഴ്നാട് മുഖ്യമന്ത്രിയാകാനാണ് ആഗ്രഹം എന്ന്. ആഗ്രഹിക്കുന്നതുവരെയൊക്കെ മനസ്സിലാക്കാം. പക്ഷേ ഇങ്ങനെ ഉളുപ്പില്ലാതെ വിളിച്ചുപറയുന്നതിന്റെ തൊലിക്കട്ടിയാണ് അപാരം.
ഹിന്ദുക്കള്‍ തീവ്രവാദികളാണെന്ന സോണിയാ തിയറിയുടെ ആവര്‍ത്തനം കമല്‍ഹാസനില്‍ നിന്നുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. വേരുകള്‍ കഥ പറയുമ്പോള്‍ അത് ഏറെക്കുറെ വ്യക്തമാവുകയും ചെയ്യും. സക്കീര്‍നായിക്കും കമല്‍ഹാസനുമൊക്കെ ഒരേ തൂവല്‍ പക്ഷികളാണെന്ന ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാര്‍ത്ഥസാരഥി എന്ന പേരില്‍ നിന്ന് കമല്ഹാസ്സന് എന്ന പേരിലേക്കുള്ള മാറ്റത്തിന്റെ കഥയോളം പഴക്കം. അത് ഒരു മനസ്ഥിതിയുടെ പ്രശ്നമാണ്. സംസ്കൃതപ്രേമിയായ രാമനാഥപുരത്തുകാരന്‍ ഡി. ശ്രീനിവാസന്റെ മകന് സംസ്കൃതത്തോട് മാത്രമല്ല സംസ്കാരത്തോടുമില്ല പ്രതിപത്തി.
ആള് സ്വന്തം താല്പര്യപ്രകാരമാണുപോലും പേരുമാറ്റിയത്. സ്വാതന്ത്ര്യസമരകാലത്ത് അച്ഛന് ശ്രീനിവാസനൊപ്പം ജയില്‍വാസമനുഭവിച്ച, അദ്ദേഹത്തിന്റെ സുഹൃത്ത് യാക്കൂബ് ഹസ്സനോടുള്ള സീമാതീതമായ ബന്ധത്തിന്റെ പേരിലാണ് കമല്‍ ഹാസന് ഈ പേരിലേക്ക് മാറിയതെന്നാണ് ആരോപണം. അതിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇദ്ദേഹം ഓടിപ്പോയി അഭയം തേടിയതും സംസ്കൃതത്തിലാണ്.
ഉരുണ്ടുപെരണ്ട് നല്കിയ ഉത്തരം ഇങ്ങനെ, താമരയോടുള്ള ഇഷ്ടക്കൂടുതല് കൊണ്ട് കമല്‍ എന്ന പേര്, മറുപകുതിക്ക് ഹാസ്യം എന്ന സംസ്കൃതപദത്തെയും ആശ്രയിച്ചു. ‘എങ്ങനെയുണ്ടെന്റെ ബുദ്ധി’ എന്ന് മണ്ടന്‍ ശുപ്പാണ്ടി മാത്രമല്ല ചോദിക്കാറുള്ളതെന്ന് മനസ്സിലായില്ലേ…. ഇതൊക്കെ അറിഞ്ഞുതന്നെയാവണം അമേരിക്കയിലെ വിമാനത്താവളത്തില്‍ ഈ ഹിന്ദുവിരുദ്ധ മതേതരവാദിയെ തടഞ്ഞുനിര്‍ത്തിയതെന്ന് മാറിയ സാഹചര്യത്തില്‍ സംശയിക്കേണ്ടി വരും.
ഹിന്ദുദേവീദേവന്മാരോട് അസഹിഷ്ണുത പുലര്‍ത്തിയ പ്രസ്താവനകളുടെ പേരില്‍ മുന്‍പും വിവാദത്തിലകപ്പെട്ടിട്ടുണ്ട് താരം. എന്നാല്‍ ഇന്നേവരെ അദ്ദേഹം പറയുന്ന ഈ തീവ്രവാദിക്കൂട്ടം പ്രതിഷേധിക്കാനൊരുമ്പെട്ടിട്ടില്ല. സംഝോധയുടെയും മക്കാമസ്ജിദിന്റെയുമൊക്കെപ്പേരില് ഹിന്ദുതീവ്രവാദം ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ മുന്നിലാണ് ചാവേറാക്രമണങ്ങള്‍ നടക്കുന്നത്.
സ്വന്തം കമ്പനിയുടെ പേരില്‍ പുറത്തിറക്കിയ വിശ്വരൂപം എന്ന സിനിമ ഭീകരവാദത്തിനെതിരെ പറയുന്നു എന്ന പേരില്‍ നേരിട്ട ഭീഷണികള്‍ അനുഭവമായിട്ടും കമല്ഹാസ്സന്മാര് പാഠം പഠിക്കുന്നില്ല. അതിനേക്കാള്‍ ഭീകരം ഇത്തരം കെട്ടുകഥകളുടെ മറവിലൂടെ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രവിരുദ്ധതയാണ്. പുതിയ കഥകള്‍ പടയ്ക്കുന്നത് രാജ്യത്തിന്റെ തെക്കേക്കോണില്‍ ഭീകരവാദികള്‍ക്ക് താവളമൊരുങ്ങിയിരിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണെന്നത് കൂടുതല്‍ ഗൗരവതരമാണ്.
ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചിട്ട് ആരെ വെള്ള പൂശാനാണ് കമല്ഹാസ്സന് ശ്രമിക്കുന്നതെന്നത് അന്വേഷിക്കണം. ആര്‍ക്കുവേണ്ടിയാണ് ഭീകരതയെ മതത്തിന്റെ പേരില്‍ ബാലന്‍സ് ചെയ്യാനുള്ള ഈ ശ്രമമെന്ന് കണ്ടെത്തണം. സിനിമയില്‍ ഇനിയൊന്ന് പൂക്കാനുള്ള ബാല്യമില്ലെന്ന തിരിച്ചറിവ് നല്ലതാണ്. വയസ്സുകാലത്ത് നാടിന് നല്ലത് ചെയ്യാനുള്ള അറിവും ബോധവും കൂടി ഉണ്ടാകുന്നത് ഒരു തെറ്റല്ലെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കണം. അതിനും ബ്രണ്ണന്‍ കളരിയിലേക്കാണ് നോട്ടമെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: