കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സങ്കുചിത രാഷ്‌ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത ശ്രമമാണ് സംസ്ഥാന വായനോത്സവത്തെ കമ്മ്യൂണിസ്റ്റ്‌വല്‍ക്കരിക്കാനുള്ള നീക്കമെന്ന് എന്‍ടിയു കുറ്റപ്പെടുത്തി. എഴുത്തുകാരുടെയും സര്‍ഗപ്രതിഭകളുടെയും വിലപ്പെട്ട ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള അവസരമായ വായനോത്സവത്തില്‍ പാര്‍ട്ടിയിലെ കൂലി എഴുത്തുകാരുടെ നിലവാരം കുറഞ്ഞ കൃതികള്‍ അടിച്ചേല്‍പ്പിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കലും എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രസംഗങ്ങളെ പുസ്തകമാക്കി കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ യഥാര്‍ത്ഥ സാഹിത്യത്തെയും വിജ്ഞാനത്തെയും പടിക്കുപുറത്താക്കുകയാണ്. പി.എന്‍. പണിക്കരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനുള്ള വായനോത്സവത്തെ പാര്‍ട്ടിവല്‍ക്കരിക്കുന്നതിനെതിരെ വിദ്യാഭ്യാസരംഗത്തുള്ളവര്‍ പ്രതികരിക്കണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















