കോട്ടയം: പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാക്കുന്നതിനെതിരെ സമര കാഹളം. ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങള്‍ പൊതുഡയറക്ടറുടെ കീഴിലാകും.
ഇതോടെ നിലവിലുള്ള വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഓഫീസുകള്‍ക്ക് പകരം ഡിഡിഇ ഓഫീസിന് കീഴിലാകും ഹയര്‍ സെക്കന്‍ഡറി വിഭാഗം. ഇതിനെതിരെ ഒരു വിഭാഗം അധ്യാപകരാണ് നിസഹകരണ സമരവുമായി രംഗത്തുള്ളത്. പ്രവേശനോത്സവം അടക്കമുള്ള പരിപാടികള്‍ ബഹിഷ്ക്കരിക്കാനാണ് തീരുമാനം.
ഇതോടെ ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിദ്യാഭ്യാസമേഖല കലുഷിതമാകും.
ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ തമ്മില്‍ ലയിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന മൂപ്പിളമ തര്‍ക്കം അക്കാദമിക് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് ആക്ഷേപം. സ്കൂളിന്റെ തലവന്‍ പ്രിന്‍സിപ്പാളാണ്. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ഹെഡ്ഡും പ്രിന്‍സിപ്പാളാണ്. ഹൈസ്കൂള്‍ അക്കാദമിക് ഹെഡ് എന്ന ചുമതല വൈസ് പ്രിന്‍സിപ്പാളിനാണ്. പ്രിന്‍സിപ്പാളിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അക്കാദമിക് ഹെഡ് എന്ന ചുമതല ഒഴികെയുള്ള അധികാരങ്ങള്‍ വൈസ് പ്രിന്സിപ്പാളിനാകും. ഫലത്തില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ വരുന്നത് സ്കൂള്‍ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറിയുടെ നിലവാരം കുറയുമെന്നും പൊതുവിദ്യഭ്യാസം തകരുമെന്നും എതിര്‍ക്കുന്നവര്‍ പറയുന്നു. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ലയനവുമായി ബന്ധപ്പെട്ട് 20ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ചര്‍ച്ച പ്രഹസനമായിരിക്കുമെന്നാണ് ഇടത് വിരുദ്ധ അധ്യാപക സംഘടനകള്‍ പറയുന്നത്.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനം സാധ്യമാക്കുന്നതിനായി ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കുന്നതിനൊപ്പം പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. ഏകീകരണം നടത്തുന്നതു മൂലം അധ്യാപകര്‍ നടത്താനിരിക്കുന്ന നിസ്സഹരണ സമരം മുന്‍കൂട്ടി കണ്ടാണ് ഈ വര്‍ഷത്തെ പ്രവേശനം നേരത്തേ നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: