കൊച്ചി : തൃശൂര്‍ പൂരത്തിന്റെ വീഡിയോ സോണി കമ്പനിക്ക് വിറ്റിട്ടില്ലെന്ന് സൗണ്ട് ഡിസൈനറും ഓസ്‌കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ഐഎന്‍ആര്‍ മീഡിയ ആരോപണം ഉന്നയിച്ചിരുന്നു. അതിനോട് പ്രതികരുക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരത്തിന്റെ ഓഡിയോ ആര്‍ക്കേവ് ആയാണ് താന്‍ റെക്കോര്‍ഡ് ചെയ്തത്. സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിനായി ഒരു മ്യൂസിക് ആല്‍ബം തയ്യാറാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഐഎന്‍ആര്‍ മീഡിയ ഉദ്ദേശിക്കുന്നതില്‍ അതില്‍ തനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയിട്ടുള്ളത്.
വില്‍ക്കാന്‍ തൃശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല. കേരള സംസ്‌കാരത്തിന്റെ ഭാഗമാണ് തൃശൂര്‍ പൂരം. അത് എല്ലാവരുടേതുമാണ്. അതില്‍ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങിനെ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. താനതിനെ അനുകൂലിക്കുന്നുമില്ലെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.
അതേസമയം തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പി റൈറ്റ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമാണ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍എന്‍ മീഡിയയുടെ ആരോപണം.
















