തിരുവനന്തപുരം: മനോഹരമായ വീട് പണിയാം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ മോടിപിടിപ്പിക്കാം. വസ്തുവാങ്ങിക്കുന്നതോടൊപ്പം വീട് പണിയുന്നതിനും വരെ വായ്പകള്‍ നല്‍കും. ഇങ്ങനെ പോകുന്നു പൊതുമേഖലാ ബാങ്കുകളുടെ മോഹന സുന്ദര വായ്പാ പരസ്യങ്ങള്‍. ദീര്‍ഘകാല വായ്പകള്‍ എന്ന് ഓമന പേരിട്ടിരിക്കുന്ന വായ്പകളില്‍ ഇടത്തരം ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നതോടൊപ്പം അവരെ ഞെക്കി കൊല്ലുന്നതിനും ഇടയാക്കുന്നു.
ഭവനനിര്‍മ്മാണത്തിനായി ദീര്‍ഘകാല വായ്പകളാണ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നത്. പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് വായ്പാ കാലാവധി. പത്ത് ലക്ഷം രൂപ വായ്പയെടുത്താല്‍ പതിനഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന വാഗ്ദാനത്തിലുള്ള വസ്തുവകകള്‍ ബാങ്കിന് ഈടായി നല്‍കും. സഹകരണ ബാങ്കുകളെക്കാള്‍ പലിശ നിരക്ക് കുറവ് ആയതിനാല്‍ വായ്പ എടുക്കുന്നതിന് പ്രചോദനവുമാകുന്നു. മനോഹരമായ വീട് എന്ന സ്വപ്നം ഉള്ളതിനാല്‍ ബാങ്കിന്റെ ചതിക്കുഴികള്‍ ഒന്നും നോക്കാതെ വായ്പയെടുക്കാന്‍ തയ്യാറാകുന്നു.
8.5 ശതമാനം പലിശയാണ് ഭവന വായ്പക്ക്. പത്ത് ലക്ഷം രൂപ പതിനഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘകാല വായ്പയായി എടുത്താല്‍ 23 ലക്ഷം രൂപ അടച്ച് തീര്‍ക്കണം. അതായത് വായ്പാ തുകയുടെ മൊത്തം പലിശ മുതലിന്റെ കുടെ കൂട്ടിയ ശേഷം തുല്ല്യ ഗഡുക്കളാക്കിയാണ് തിരിച്ചടവ്. ഇതില്‍ ആദ്യ രണ്ട് വര്‍ഷത്തെ അടവുകളെല്ലാം പലിശ ഇനത്തിലാണ് വരവ് വയ്ക്കുന്നത്. തുടര്‍ന്നുള്ള തവണതുക മുതലിലും പലിശ ഇനത്തിലുമായി ഈടാക്കുന്നു. മുതലും പലിശയും ഒരുമിച്ച് ഈടാക്കി തുടങ്ങിയാല്‍ മുതലില്‍ ബാക്കിയുള്ള തുകയ്ക്ക് പലിശ ഈടാക്കുന്നുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ ആദ്യ രണ്ടു വര്‍ഷത്തെ തവണതുക ഒടുക്കിയത് എല്ലാം പലിശ ഇനത്തില്‍ ഈടാക്കിയത് ആരും ശ്രദ്ധിക്കുന്നില്ല.
ഇനി വായ്പാ പലിശ മുടങ്ങിയാല്‍ എല്ലാം താളം തെറ്റും. പലിശയ്ക്ക് പലിശ മാത്രമല്ല വട്ടിപ്പലിശ ഇനത്തില്‍ വായ്പ തിരികെ ഒടുക്കേണ്ടി വരും. പലിശ കണക്കാക്കുന്നത് ബാങ്കിന്റെ റീജ്യണല്‍ ഓഫീസില്‍ നിന്ന് നെറ്റ് സംവിധാനം വഴി ബ്രാഞ്ചിലേക്ക് അയയ്ക്കുന്നതിനാല്‍ ബ്രാഞ്ചിലെ ജീവനക്കാര്‍ക്ക് മറ്റൊന്നും ചെയ്യാനാകില്ല. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ദീര്‍ഘകാലവായ്പ എടുക്കുന്ന ഇടത്തരം കുടുംബങ്ങളെല്ലാം ഈട് വയ്ക്കുന്ന ഭൂമിയോ വീടോ വിറ്റ് വായ്പ തിരികെ ഒടുക്കേണ്ട അവസ്ഥയിലാണ്. വായ്പാ മുടങ്ങിക്കഴിഞ്ഞാല്‍ ഇനി ഒടുക്കേണ്ട തുക ഏതൊക്കെ ഇനത്തില്‍ ആണെന്നുള്ള വിശദ വിവരം ബാങ്ക് ശാഖകളില്‍ നിന്ന് ലഭിക്കില്ല. ഇത്തരത്തില്‍ മനോഹര വീടെന്ന സ്വപ്നത്തില്‍ സ്വന്തമായുണ്ടായിരുന്ന ഭൂമി വരെ ജപ്തി നടപടികളിലേക്ക് പോകുന്ന കാഴ്ചയാണ് ദീര്‍ഘകാല വായ്പകളില്‍ കാണാന്‍ സാധിക്കുന്നത്.
കേരളത്തില്‍ മാത്രമാണ് ബാങ്കുകളുടെ കെണിയില്‍ ഇടത്തരം കുടുംബങ്ങള്‍ വീണുപോകുന്നതെന്ന് പൊതുമേഖലാ ബാങ്കുകളില്‍ ജോലിനോക്കിയിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബവരവ് കണക്കാക്കാതെ വായ്പയിലേക്ക് കടക്കുന്നു. ബാങ്കുകാര് ഇത് മുതലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ഇടത്തരക്കാര്‍ ബാങ്കുകളുടെ ഇത്തരത്തിലുള്ള കെണിയില്‍ വീഴാറില്ലെന്നും ഇവര്‍ പറഞ്ഞു.
സര്‍ഫാസി നിയമം കടുപ്പിച്ചത് യുപിഎ സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 2002ല്‍ പാസ്സാക്കിയ സര്‍ഫാസി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് നിയമം കൂടുതല്‍ കര്‍ക്കശമാക്കിയത് മന്മോഹന് സിങ് സര്‍ക്കാര്‍. വായ്പകളുടെ തിരിച്ചടവ് കുറഞ്ഞപ്പോള്‍ ബാങ്കുകളുടെ കിട്ടാക്കടം ഉയര്‍ന്നു.
വായ്പാ ഈട് കൈവശപ്പെടുത്തേണ്ട അധികാരം കോടതികളില്‍ നിന്നും ബാങ്കുകള്‍ക്കാക്കി. വായ്പാ ഈടായി നല്‍കിയിട്ടുള്ള ഭൂമിയോ വീടോ അറുപത് ദിവസത്തെ നോട്ടീസ് നല്കി ഏറ്റെടുക്കാം. എന്നാല്‍ ഇതില്‍ എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ബാങ്ക് ട്രൈബ്യൂണലിനെ സമീപിക്കാം. തങ്ങള്‍ക്ക് അധികാരം കിട്ടിയതോടെയാണ് ബാങ്കുകള്‍ വായ്പാ പരിധിയും കാലയളവും ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: