പൂരപ്പൊലിമ അങ്ങനെ മുമ്പെങ്ങുമില്ലാത്ത ആഹ്ലാദാരവങ്ങളോടെ തന്നെ നിറഞ്ഞുതെളിഞ്ഞു. പതിനായിരങ്ങളില്‍ വിസ്മയത്തിന്റെയും സന്തോഷത്തിന്റെയും കുടമാറ്റത്തോടെ സാംസ്കാരിക പാരമ്പര്യത്തിന് ഒട്ടും ഉടവുതട്ടാതെ വര്ണാഞ്ചിതമായി. ഇത് ഉയര്‍ത്തുന്ന സന്ദേശം തികച്ചും പ്രതീക്ഷാഭരിതമാണ്. ഇന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തരത്തില്‍ തൃശൂര്പൂരത്തിനെതിരെ നീക്കമുണ്ടായി എന്നത് അത്ര ലാഘവത്തോടെ കാണേണ്ടതല്ല. കേവലം ഒരാനയുടെ സാന്നിധ്യം അപകടമാവുമെന്ന മ്ലേച്ഛ വിശകലനത്തിനപ്പുറത്ത് അജണ്ടാധിഷ്ഠിത രാഷ്ട്രീയ ഉദ്യോഗസ്ഥ നീക്കങ്ങളുണ്ടായി എന്നതാണ് അതില്‍ വേറിട്ടുനില്‍ക്കുന്ന അപകടകരമായ വസ്തുത.
പാരമ്പര്യവും ചിട്ടയും സംസ്കാരവും ചില ജുഗുപ്സാവഹമായ താല്‍പ്പര്യങ്ങളുടെ പേരില്‍ അട്ടിമറിക്കാനുള്ള നീക്കമാണ് ഇവിടെ എട്ടുനിലയില്‍ പൊട്ടിയമര്‍ന്നത്. അത് ജനാധിപത്യ വിജയത്തിന്റെ പ്രസന്നമായ മുഖമാണ്. കേവലം ഒരാഘോഷത്തിന്റെയോ ആചാരത്തിന്റെയോ നേരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കിനേക്കാള്‍ ഒരു സംസ്കാരത്തെ മൊത്തമായി ഇല്ലായ്മ ചെയ്യാനുള്ള ഒളിയജണ്ടയാണ് ചീറ്റിപ്പോയത്. രാഷ്ട്രീയ താല്‍പ്പര്യങ്ങളും വിഭാഗീയ ചിന്താഗതികളും ചേര്‍ന്ന വൈറസ് ആക്രമണത്തിന് വിധേയരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും പൂരത്തിനെതിരെ നിലപാട് സ്വീകരിച്ചത് വാസ്തവത്തില്‍ ഞെട്ടലുണ്ടാക്കുന്നു. തങ്ങള്വരച്ച വരയ്ക്കപ്പുറം കടക്കരുതെന്ന നീതിനിഷേധത്തിന്റെ മതില്‍ക്കെട്ടാണ് ജനാഭിലാഷത്തിനു മുന്നില്‍ തകര്‍ന്നുവീണത്.
തെച്ചിക്കോട്ട് രാമചന്ദ്രന് എന്ന ആനയുടെ പേരില്‍ പൂരത്തിനെതിരെ കൊണ്ടുപിടിച്ചുനടത്തിയ ചര്‍ച്ചയും തുടര്‍നീക്കങ്ങളും സര്‍ക്കാറിന്റെയും അതിനെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയകക്ഷിയുടെയും പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു. സംസ്ഥാനത്തെ നീറുന്ന പ്രശ്നങ്ങളും പൊട്ടിത്തെറിക്കാന്‍ വെമ്പിനില്ക്കുന്ന തീവ്രവാദമുഖങ്ങളും അഴിമതിക്കഥകളും സമൂഹത്തില്‍ ചര്‍ച്ചയാവാതിരിക്കാനുള്ള ബോധപൂര്‍വമായ നീക്കമായിരുന്നു നടത്തിയത്. അത് തെച്ചിക്കാട്ട്കാവ് രാമചന്ദ്രനിലൂടെ നടപ്പാക്കാം എന്നുകരുതി. ജില്ലാഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും അഹമഹമികയാ ഈ സമീപനത്തിന് പിന്‍പാട്ടുകാരായി എന്നത് പ്രത്യേകം ശ്രദ്ധിക്കണം. സ്വാഭാവികമായ സാംസ്കാരിക മുന്നേറ്റം ഇത്തരം എല്ലാ ദുരാരോപണങ്ങളും കാറ്റില്‍പറത്തി. സാധാരണഗതിയില്‍ കുറച്ചുപേര്‍ മാത്രം സാക്ഷ്യം വഹിച്ചിരുന്ന പൂര വിളംബരചടങ്ങില് പോലും ഇരമ്പിയെത്തിയ ആയിരങ്ങളുടെ സാന്നിദ്ധ്യം മാത്രം നോക്കിയാല്‍ മതി സാംസ്കാരിക മുന്നേറ്റത്തിന്റെ ഗതി മനസ്സിലാവാന്‍.
ഇന്ന് പൂരം, നാളെ മറ്റൊരു ഉത്സവം എന്ന തരത്തില്‍ ഒന്നൊന്നായി ഈ സംസ്ഥാനത്തിന്റെ സാംസ്കാരികധാരയെ വഴിതിരിച്ചുവിട്ട് ഛിദ്രശക്തികള്‍ക്ക് കരുത്തുപകരാനുള്ള ശ്രമമായിരുന്നു അണിയറയില്‍ ഒരുങ്ങിയത്. അത്തരം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ഉദ്യോഗസ്ഥരെ മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ ഔദ്യോഗികതലത്തില്‍ത്തന്നെ അട്ടിമറിക്ക് കളമൊരുക്കി. കാട്ടുവാസികളില്നിന്ന് ജനകീയ വാസികളിലേക്കുള്ള മനുഷ്യയാത്ര ഇന്നത്തെ സഫല നിമിഷങ്ങളിലെത്തിയത് ഇത്തരം ഒരുപാട് ഉത്സവങ്ങളിലൂടെയും ആചാരങ്ങളിലൂടെയുമാണ്. ഇത് മറന്നുപോകുന്നത് തീവ്രചിന്താഗതികളുടെ അനിഷേധ്യസാന്നിധ്യംമൂലമാണ്. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രതിമ തകര്‍ത്ത് ലോകത്തെ ഞെട്ടിച്ച കാടന്‍ സംസ്കാരം ഇവിടെയും മുളപൊട്ടുന്നതിന്റെ സൂചനയായി വേണം പൂരമുള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ ശോഭകെടുത്താനുള്ള നീക്കങ്ങള്‍ കാണാന്‍. അതിനെതിരെ സംസ്കാരമുള്ള തലമുറ സ്വമേധയാ ഉയര്ത്തെഴുന്നേറ്റുവരുമെന്ന എക്കാലത്തെയും പ്രചോദനാത്മകമായ സന്ദേശമാണ് വടക്കുംനാഥന്റെ മണ്ണില്‍നിന്ന് ഉയര്‍ന്നത്. ഇത് കേരളം തീര്‍ച്ചയായും നെഞ്ചേറ്റുകതന്നെ ചെയ്യും. എതിരുനിന്ന് പൂരത്തെയും പൂരപ്പൊലിമയെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഇനിയെങ്കിലും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശക്തിയും സൗന്ദര്യവും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് ഇത്തരുണത്തില്‍ പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: