തളിപ്പറമ്പ്: സ്‌ക്കൂളിന്റെ സ്‌പെഷ്യല്‍ ഫീസ് അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക യുദ്ധകാലാടിസ്ഥാനത്തില്‍ വിനിയോഗിക്കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌ക്കൂളുകളിലെ പ്രഥമാധ്യാപകര്‍ നെട്ടോട്ടത്തില്‍. 15ന് മുന്‍പ് തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം.
അഞ്ചാം ക്ലാസ് മുതല്‍ സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്ന പതിവ് ഉണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ എട്ടാം ക്ലാസ് വരെ ഫീസ് പിരിക്കുന്നത് നിയമ വിരുദ്ധമായി. 2014 വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് പിരിച്ചിരുന്നു. ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന ആ തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം.
മൂന്നു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കാത്ത അക്കൗണ്ടിലെ തുക സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഫണ്ടിലേക്ക് മാറ്റിയിരുന്നു. ഇത് തിരികെ ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. ട്രഷറിയിലെ തിരക്കിനിടയില്‍ എണ്ണത്തില്‍ ഏറെയുള്ള വിദ്യാലയങ്ങളിലെ അക്കൗണ്ട് ശരിയാക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. എന്നാല്‍ പണം വിനിയോഗിക്കാത്ത പ്രഥമാധ്യാപകര്‍ക്കെതിരെ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
തുക നിശ്ചിതയിനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയാണ് ധനവിനിയോഗത്തിന് തടസ്സം. ഏറെ പ്രശ്‌നം സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഫണ്ടാണ്. യൂണിറ്റില്ലാത്ത വിദ്യാലയങ്ങളില്‍ ഇത് വിനിയോഗിക്കാന്‍ സാധ്യമല്ല. അതിനാല്‍, അധ്യാപകര്‍ അതിനു തയാറായിരുന്നില്ല.
എന്നാല്‍, പുതിയ നിര്‍ദേശപ്രകാരം അവശേഷിക്കുന്ന തുക വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌ക്കൂള്‍ കെട്ടിടത്തിന്റെയും പരിസരത്തിന്റെയും ശുചീകരണം, കിണര്‍, ടാങ്ക് വൃത്തിയാക്കല്‍, കെട്ടിടം പെയിന്റ് ചെയ്യല്‍ എന്നിവയ്‌ക്ക് വിനിയോഗിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. എത്ര ശ്രമിച്ചാലും തുക ഒരു ദിവസം കൊണ്ട് തുക ചെലവഴിക്കാനാകില്ല. നടപടി ഭയന്ന് നെട്ടോട്ടത്തിലാണ് അധ്യാപകര്‍.
















